മനാമ: രാജ്യത്ത് സിക്കിൾ സെൽ അനീമിയ പിടിപെട്ട് ഈ വർഷം മരിച്ചവരുടെ എണ്ണം 15 ആയി. ചികിത്സയിൽ കഴിഞ്ഞിരുന്ന ബഹ്‌റിൻ സ്വദേശിയായ ഒമ്പത് വയസുകാരനും മരണത്തിന് കീഴടങ്ങിയതോടെയാണ് എണ്ണം പതിനഞ്ചായി ഉയർന്നത്.

അഞ്ച് മാസത്തെ ചികിത്സയ്ക്ക് ശേഷം ശനിയാഴ്ചയാണ് സിംഗപ്പൂർ ഹോസ്പിറ്റലിൽ ഹുസെയ്ൻ അൽഫത്താഹ് മരിച്ചത്.ബോൺമാരോ ട്രാൻസ്പ്ലാന്റിനു ശേഷം ന്യൂമോണിയ പിടിപെട്ടതാണ് ഹുസെയ്‌ന്റെ ആരോഗ്യനില വഷളാക്കിയത്. തുടർന്നാണ് മരണം സംഭവിച്ചത്.

രണ്ട് ദിവസം മുമ്പാണ് ബഹ്‌റിനിൽ സ്വദേശിയായ അലി ഇസ ഹദാദ് എന്നയാൾ ഇന്ത്യയിൽ വച്ച് മരിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരം ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് അയച്ചതായിരുന്നു ഇദ്ദേഹത്തെ.മന്ത്രാലയത്തിൽ മീഡിയ സ്‌പെഷ്യലിസ്റ്റായാണ് അലി ജോലി ചെയ്യുന്നത്.

രാജ്യത്ത് നിരവധി കുട്ടികളിൽ രോഗം കണ്ടത്തെിയ സാഹചര്യത്തിൽ മന്ത്രാലയം ക്യാമ്പെയ്‌നുകൾ നടത്തിയിരുന്നു.ശരീര വേദനയോ രോഗത്തിന്റെ മറ്റു ലക്ഷണങ്ങളോ കണ്ടാൽ ഒട്ടും താമസിയാതെ തൊട്ടടുത്ത ഹെൽത്ത് സെന്ററുകളിൽ ചികിത്സ തേടണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.