- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ സപ്ലൈ ഓർഡർ സൃഷ്ടിച്ച് സിഡ്കോയിൽ അഞ്ച് ലക്ഷത്തിന്റെ തട്ടിപ്പ്; ഇല്ലാത്ത സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് സാമഗ്രികൾ വിതരണം ചെയ്ത വകയിൽ പണം കിട്ടിയതായി രേഖ; പൊലീസിൽ പരാതി നൽകിയിട്ടും തുടർ നടപടിയില്ല
തൃശൂർ: ഇല്ലാത്ത സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് സാമഗ്രികൾ വിതരണം ചെയ്ത വഴിയിൽ അഞ്ച് ലക്ഷം രൂപ ലഭിച്ചതായി സിഡ്കോ. തൃക്കണ്ഠാപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്കു സാമഗ്രികൾ വിതരണം ചെയ്ത വകയിൽ ചെറുകിട വ്യവസായ വികസന കോർപറേഷന് (സിഡ്കോ) 5,32,448 രൂപ കിട്ടിയതായാണ് രേഖകളുള്ളത്. എന്നാൽ, പരിശോധിച്ചപ്പോൾ അങ്ങനെയൊരു സാമൂഹികാരോഗ്യ കേന്ദ്രം പോലും ഇല്ലെന്നാണ് കണ്ടെത്തൽ. ആകെയുള്ളതു തൃക്കണാപുരം സാമൂഹിക ആരോഗ്യ കേന്ദ്രമാണ്. അവിടെയാണെങ്കിൽ സാധന സാമഗ്രികളൊന്നും വാങ്ങിയിട്ടുമില്ല. വിൽപനയും തുക കൈപ്പറ്റലും നടന്നില്ലെങ്കിലും കൈപ്പറ്റിയ വകയിൽ 4405 രൂപ നികുതി അടച്ചു.
ഒല്ലൂരിലെ സിഡ്കോ മാർക്കറ്റിങ് സെന്ററിൽ ഓഡിറ്റ് സംഘമാണ് ഈ ക്രമക്കേട് കണ്ടെത്തിയത്. അന്നത്തെ മാനേജർ ജയന്തി കൃഷ്ണന് എതിരെ നൽകിയ പരാതിയിൽ ഒല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. മലപ്പുറം ജില്ലയിലെ തൃക്കണ്ഠാപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഇൻ ചാർജ് എന്ന പേരിൽ സപ്ലൈ ഓർഡർ നിർമ്മിക്കുകയും ഈ സാധനങ്ങൾ സപ്ലൈ ചെയ്ത വകയിൽ തുക കിട്ടിയതായി കണക്കിൽ രേഖപ്പെടുത്തുകയുമായിരുന്നു. സംശയം തോന്നി അന്വേഷണം നടത്തിയപ്പോഴാണ് ഇങ്ങനെയൊരു സാമൂഹിക ആരോഗ്യകേന്ദ്രം ഇല്ല എന്നു ഡിഎംഒ വ്യക്തമാക്കിയത്.
സപ്ലൈ ഓർഡറിലുള്ള സീലും ഒപ്പും വ്യാജമാണെന്നും അവർ അറിയിച്ചു. സിഡ്കോ മാർക്കറ്റിങ് സെന്ററിലെ പുതിയ മാനേജർ വിവരം സിഡ്കോ അധികൃതരെ അറിയിച്ചതനുസരിച്ച് മാർക്കറ്റിങ് ഹെഡ് എബിൻ ആണ് അന്നത്തെ മാനേജർക്കെതിരെ പരാതി നൽകിയത്. യഥാർഥത്തിൽ അക്കൗണ്ടിൽ വരാതെ പുസ്തകത്തിൽ മാത്രം കിട്ടിയതായി രേഖപ്പെടുത്തിയ തുകയ്ക്ക് സിഡ്കോ നികുതി അടച്ചു എന്നതാണു വിചിത്രം. സർക്കാർ സ്ഥാപനത്തിന്റെ പേരിൽ വ്യാജമായി സീലും സപ്ലൈ ഓർഡറും വരെ ഉണ്ടാക്കിയെങ്കിലും പൊലീസ് തുടർനടപടി സ്വീകരിച്ചതുമില്ല.
സാധനങ്ങൾ വാങ്ങിയ വകയിൽ പണമടച്ചു തീർത്ത 4 സർവീസ് സഹകരണ ബാങ്കുകളിൽ നിന്നായി 4,43,255 രൂപ കുടിശികയാണെന്നു കാണിച്ചതിനും ഇതേ മാനേജർക്കെതിരെ വേറെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബാങ്കുകളിൽ പുതിയ മാനേജർ തിരക്കിയപ്പോൾ അവർ പണം അടച്ച കാര്യം വിശദീകരിച്ച് അവർക്കു കിട്ടിയ രസീതുകൾ ഹാജരാക്കി. പണം കൈപ്പറ്റിയപ്പോൾ ബാങ്കുകൾക്ക് സിഡ്കോയുടെ ലെറ്റർ പാഡിൽ രസീത് നൽകിയെങ്കിലും ഔദ്യോഗിക രസീത് നൽകാതിരിക്കാൻ ശ്രദ്ധിച്ചു. ഇതു സിഡ്കോയുടെ കണക്കിൽ കുടിശികയായി തുടരുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ