മംഗലാപുരം: മംഗലാപുരം സന്ദർശിക്കാനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിറപ്പിച്ചു വിടാമെന്നുള്ള സംഘപരിവാർ സംഘടനകളുടെ മോഹം പാഴായിപ്പോയതിനു പിന്നിൽ സിദ്ധരാമയ്യയെന്ന കർണാടക മുഖ്യന്റെ നിശ്ചയധാർഢ്യവും ദ്രുതഗതിയിലുള്ള നടപടികളും എടുത്തു പറയേണ്ടതാണ്. ഹർത്താലും പ്രതിഷേധങ്ങളും സംഘടിപ്പിച്ച് പിണറായി വിജയനെ ഒരിക്കൽക്കൂടി നാണം കെടുത്താമെന്ന് സംഘപരിവാർ സംഘടനകൾ കണക്കുകൂട്ടിയെങ്കിലും പഴുതടച്ചുകൊണ്ടുള്ള നീക്കങ്ങളിലൂടെ സിദ്ധരാമയ്യ എല്ലാം വെള്ളത്തിലാക്കി.

പിണറായിയുടെ സുരക്ഷയ്ക്കായി സിസി ടിവികളും ഡ്രോണുകളും തോക്കേന്തിയ കരിമ്പൂച്ചകളും അടക്കം മംഗലാപുരത്ത് വിന്യസിച്ച് ഒരുവിധ പ്രശ്‌നങ്ങളും കൂടാതെ പരിപാടികൾ നടത്താൻ അവസരം ഒരുക്കിയ കർണാടക മുഖ്യൻ ഒറ്റ ദിവസം കൊണ്ട് കേരളത്തിന്റെ ഹീറോ ആയി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയ അടക്കം സിദ്ധരാമയ്യയെ പ്രശംസ കൊണ്ടു മൂടുകയാണ്.

മംഗലാപുരത്ത് സിപിഐ(എം) സംഘടിപ്പിച്ച മതസൗഹാർദ്ദ റാലി ഉദ്ഘാടനം ചെയ്യാനാനാണു പിണറായി വിജയൻ എത്തിയത്. പിണറായി വിജയന്റെ സന്ദർശനത്തിനു മുന്നോടിയായി സംഘപരിവാർ സംഘനടകൾ പ്രദേശത്തു മനപ്പൂർവം സംഘർഷാവസ്ഥ സൃഷ്ടിച്ചു തുടങ്ങിയിരുന്നു. സ്ഥിതിഗതികൾ ഗുരുതരമാണെന്നു വരുത്തി പിണറായിയുടെ സന്ദർശനം തടയാനുള്ള ശ്രമമാണ് സംഘപരിവാർ സംഘടനകൾ നടത്തിയത്.

ഉള്ളാൾ, തോക്കോട്ട് എന്നിവടങ്ങളിൽ സിപിഐ(എം) ഓഫീസുകൾ തീവെക്കപ്പെടുകയും ദക്ഷിണകന്നഡ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പിണറായി വിജയൻ പങ്കെടുക്കുന്ന മതസൗഹാർദ റാലിയുടെ പ്രചാരണസാമഗ്രികൾ കരിഓയിൽ ഒഴിച്ചും കീറി നശിപ്പിക്കപ്പെടുകയും ചെയ്തു. എന്തു വില കൊടുത്തും മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടി തടസ്സപ്പെടുത്തുമെന്ന വാശിയിലായിരുന്നു സംഘപരിവാറുകാർ.

എന്നാൽ സിദ്ധരാമയ്യയെന്ന നിശ്ചയധാർഡ്യമുള്ള കർണാടക മുഖ്യമന്ത്രി ഉടനടി നടപടികൾക്ക് ഉത്തരവുകൊടുത്തു. സംഘപരിവാർ സംഘടനകളെ നിലയ്ക്കു നിർത്താനുള്ള നിർദ്ദേശമാണ് അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തിന് ആദ്യം നല്കിയത്. പിണറായി വിജയന് എല്ലാവിധ സുരക്ഷയും ഒരുക്കാനും ചടങ്ങുകൾ ഒരുവിധ പ്രശ്‌നങ്ങളുമില്ലാതെ പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും കർണാടക മുഖ്യൻ നിർദ്ദേശം നല്കി.

ഭരണഘടനാ പദവിയിലിരിക്കുന്ന കേരള മുഖ്യന് ആവശ്യമായ എല്ലാവിധ സംരക്ഷണവും തങ്ങൾ ഒരുക്കുമെന്ന് തുടർന്ന് കർണാടക ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത് കർണാടകത്തിന്റെ ഉത്തരവാദിത്വമാണെന്നാണ് അവരുടെ ആഭ്യന്തര വകുപ്പ് നിലപാട് എടുത്തത്. മംഗലാപുരത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത സംഘപരിവാറിൽപെട്ട 44 പേർക്ക് സുപ്രീംകോടതി വിധി പ്രകാരം പൊലീസ് നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഇതിനു പുറമേ ഹിന്ദു ജാഗരണവേദി, ബജ്റംഗ് ദൾ, വി.എച്ച്.പി എന്നീ സംഘപരിവാർ സംഘടനകളുടെ സംസ്ഥാനതലത്തിലെയും ജില്ലാതലത്തിലെയും നേതാക്കളെ വിളിച്ചുവരുത്തി കർശന താക്കീതും നല്കുകയുണ്ടായി.

എട്ട് എസ് പിമാർ, 14 ഡിവൈഎസ്‌പിമാർ, 20 സിഐമാർ, 3500 പൊലീസുകാർ, 10 ആംഡ് റിസർവ്വ് പൊലീസ് ബറ്റാലിയൻ, രണ്ട് റാപ്പിഡ് ഇന്റർവെൻഷൻ ടീം എന്നിവരെയാണ് പിണറായി വിജയന്റെ സുരക്ഷയ്ക്കായി കർണാടക മുഖ്യമന്ത്രി നിയോഗിച്ചത്. 600 സിസിടിവി ക്യാമറകളും 100 ഹാൻഡിക്യാമുകളും ആകാശത്തുനിന്നു നിരീക്ഷണം നടത്താൻ ആറ് ഡ്രോൺ ക്യാമറകളും വിന്യസിച്ചു. ഇതിനെല്ലാം പുറമേ കേരള മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ ഒരുവിധ പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കാനായി മേഖലയിൽ നിരോധനാജ്ഞയും മദ്യനിരോധനവും പ്രഖ്യാപിച്ചു. ഒരുവിധ പ്രശ്‌നങ്ങളുമില്ലാതെ പിണറായി വിജയന്റെ മംഗലാപുരം സന്ദർശനം പൂർത്തിയാകുകയും ചെയ്തു.

ഭോപ്പാലിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ സംഘപരിവാർ സംഘടനകളുടെ പ്രതിഷേധം ചൂണ്ടിക്കാട്ടി മധ്യപ്രദേശ് സർക്കാർ തിരിച്ചയയച്ച സംഭവം പിണറായി വിജയന്റെ പ്രതിച്ഛായയ്ക്ക് ലേശം മങ്ങലേൽപ്പിച്ചിരുന്നു. മധ്യപ്രദേശ് സർക്കാർ പറഞ്ഞതനുസരിച്ചാണ് അദ്ദേഹത്തിന് മടങ്ങിപ്പോകേണ്ടിവന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ മറ്റൊരു സംസ്ഥാനത്തെ സർക്കാർ ആവശ്യപ്പെടുന്നത് തനിക്ക് അനുസരിക്കേണ്ടിയിരുന്നു എന്നതാണ് ഇതിനു കാരണമായി പിണറായി ചൂണ്ടിക്കാട്ടിയത്.

എന്നാൽ ഇരട്ട ചങ്കൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന പിണറായിക്ക് പ്രതിഷേധത്തിനു മുന്നിൽ പേടിച്ച് ഓടിപ്പോകേണ്ടിവന്നുവെന്ന കളിയാക്കൽ സോഷ്യൽ മീഡിയയിലടക്കം ശക്തമായിരുന്നു. ഇക്കുറിയും ഇത്തരം പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് പിണറായിയെ ഒന്നു കളിയാക്കാനുള്ള അവസരം ഉണ്ടാക്കമെന്നായിരുന്നു സംഘപരിവാർ സംഘടനകൾ കണക്കുകൂട്ടിയത്. എന്നാൽ കർണാടകത്തിലെ കോൺഗ്രസ് സർക്കാരിനെ നയിക്കുന്ന സിദ്ധരാമയ്യ എല്ലാം വിഫലമാക്കി. ഇതിൽ പിണറായി വിജയൻ സിദ്ധരാമയ്യയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

സംഘപരിവാറിന് മൂക്കുകയറിട്ട സിദ്ധരാമയ്യയെ അഭിനന്ദിക്കുന്നതിൽ കേരളത്തിലെ ഇടതുപക്ഷവും കോൺഗ്രസും സോഷ്യൽ മീഡയയിൽ ഒറ്റക്കെട്ടായിരിക്കുകയാണ്. ഇതിനിടെ പൂർണമായി ഒറ്റപ്പെട്ടുപോയത് ബിജെപിയും സംഘികളുമാണ്. കെഎസ് യുവും യൂത്ത് കോൺഗ്രസുമെല്ലാം സിദ്ധരാമയ്യയ്ക്കായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഉട്ടുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം നിഷ്പക്ഷമതികളും സിദ്ധരാമയ്യയെ അഭിനന്ദനങ്ങൾകൊണ്ടു മൂടുന്നു. തടയുമെന്നു പ്രഖ്യാപിച്ച സംഘികളെ അടിച്ചൊതുക്കിയ കർണാടക മുഖ്യന് പലരും ബിഗ് സല്യൂട്ട് നേരുടന്നു.

'8 എസ് പിമാർ, 14 ഡിവൈഎസ്‌പിമാർ, 20 സിഐമാർ, 3500 പൊലീസുകാർ, 10 ആംഡ് റിസർവ്വ് പൊലീസ് ബറ്റാലിയൻ, 2 റാപ്പിഡ് ഇന്റർവെൻഷൻ ടീം, 600 സിസിടിവി ക്യാമറ, 100 ഹാൻഡിക്യാം, 6 ഡ്രോൺ ക്യാമറ, നിരോധനാജ്ഞ, മദ്യനിരോധനം. നിങ്ങ തകർക്ക് ബ്രോ' - ഇതായിരുന്നു കോൺഗ്രസ് എംഎൽഎ വി.ടി. ബൽറാമിന്റെ പോസ്റ്റ്.

മംഗലാപുരത്ത് പിണറായിയെ തടയുമെന്നു പറഞ്ഞ സുരേന്ദ്രനും ഗോപാലകൃഷ്ണനും ടിവിയുടെ ചാനൽ മാറ്റി പിണറായിയെ തടഞ്ഞുകൊണ്ടിരിക്കുകയാണെന്നതടക്കമുള്ള പരിഹാസ ശരങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. സിദ്ധരാമയ്യ..താങ്കളെ ഓർത്ത് അഭിമാനിക്കുന്നു...! ഞാനും നിങ്ങളും പിടിക്കുന്ന മൂവർണ്ണക്കൊടി എന്നും ഉയർന്നു നിലക്കട്ടെ സംഘിക്കു മുന്നിൽ വളയാത്ത താങ്കളുടെ നട്ടെല്ലു പോലെയെന്നു മറ്റു ചിലർ. ഒടുവിൽ മതേതര പ്രസ്ഥാനത്തിന്റെ സുരക്ഷയിൽ കേരള മുഖ്യമന്ത്രി മംഗളൂരുവിൽ, കർണാടക മുഖ്യമന്ത്രിയുടേത് കട്ട ഹീറോയിസമെന്നും അഭിനന്ദനങ്ങൾ.

പിണറായിക്ക് മരണം വരെ ഓർത്തിരിക്കാൻ ഒരു മധുരിക്കുന്ന സീകരണം നൽകിയിരിക്കുന്നു കർണാടക സർക്കാർ. അതിന് ഹ്രദയത്തിന്റെ ഭാഷയിൽ പിണറായി വിജയൻ നല്ല നന്ദിയും പറഞ്ഞിരിക്കുന്നു. നന്നായി, അന്തസായിട്ടുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.