മിഴ് സിനിമാ താരങ്ങളായ ധനുഷും സിദ്ധാർത്ഥും തമ്മിൽ കടുത്ത ശത്രുതയിലെന്ന് തമിഴ് മാദ്ധ്യമങ്ങളുടെ കണ്ടെത്തൽ. ഇരുവരും ട്വിറ്ററിൽ നടത്തുന്ന പോസ്റ്റുകളാണ് മാദ്ധ്യമങ്ങളുടെ പുതിയ കണ്ടെത്തലിന് കാരണമായി പറയുന്നത്.

ധനുഷ് ഹോളിവുഡ് സിനിമയ്ക്കായി കരാർ ഒപ്പിട്ടുവെന്ന ട്വീറ്റ് വന്നതിന് പിന്നാലെ സിദ്ധാർത്ഥ് പോസ്റ്റ് ചെയ്‌തൊരു ട്വീറ്റാണ് ഇത്തരമൊരു സംശയത്തിലേക്ക് മാദ്ധ്യമങ്ങളെയും ആരാധകരെയും എത്തിച്ചത്. ഉലന്തൂർപേട്ടയിലെ ഒരു തെരുവു നായക്ക് നാഗൂർ ബിരിയാണി കിട്ടണമെന്നാണ് എഴുതിയിരിക്കുന്നതെങ്കിൽ അത് ആർക്കും തടയാൻ കഴിയില്ലെന്നാണ് സിദ്ധാർത്ഥ് തന്റെ ട്വിറ്ററിൽ കുറിച്ചത്.

സിദ്ധാർത്ഥിന്റെ ഈ ട്വീറ്റിൽ ധനുഷിനെക്കുറിച്ചുള്ള സൂചനകൾ ഒന്നുമില്ലെങ്കിലും ഈ ട്വീറ്റ് ആരാധകർക്കിടയിൽ സംശയങ്ങൾ ജനിപ്പിച്ചു. അതിന് പിന്നാലെ ഇന്നലെ ധനുഷ് പുതിയ സിനിമ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. അര മണിക്കൂറിനുള്ളിൽ സിദ്ധാർത്ഥിന്റെ ട്വീറ്റും വന്നു. തന്റെ നിർമ്മാണ കമ്പനി ന്യൂഎയിജ് സിനിമകൾ ചെയ്യുന്നു. ഒരു നിർമ്മാതാവെന്ന നിലയിൽ മടി പിടിച്ചുള്ള തെരഞ്ഞെടുപ്പുകളില്ല. അടുത്ത പ്രഖ്യാപനം ഉടനുണ്ടാകും.

ഈ രണ്ടു സംഭവങ്ങളും കൂട്ടി വായിച്ചാണ് ധനുഷും സിദ്ധാർത്ഥും തമ്മിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ടെന്ന് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ഇരുവരുടെയും ഭാഗത്തുനിന്നും യാതൊരുവിധ പ്രതികരണങ്ങളും ഉണ്ടായിട്ടില്ല.