- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ദു മൂസവാലയെ വെടിവച്ചത് ഗോൾഡി ബ്രാർ?; ആസൂത്രണം കാനഡ കേന്ദ്രീകരിച്ച്; ബിരുദധാരിയായ പിടികിട്ടാപ്പുള്ളി; കൊലപാതകവും വധശ്രമവും അടക്കം 16 ക്രിമിനൽ കേസ്; കൊലയ്ക്ക് പിന്നിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് പൊലീസ്
അമൃത്സർ: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ കൊലപാതകത്തിന് പിന്നിൽ കുപ്രസിദ്ധ കുറ്റവാളിയായ ഗോൾഡി ബ്രാറിന്റെയും ലോറൻസ് ബിഷ്ണോയിയുടെയും സംഘമെന്ന് പൊലീസ്. സിദ്ദു മൂസവാലയെ വെടിവച്ചു കൊന്നതു കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗുണ്ടാനേതാവ് ഗോൾഡി ബ്രാർ ആണെന്നു അന്വേഷണ സംഘം പറയുന്നു. സിദ്ദുവിനെ കൊലപ്പെടുത്തിയതു താനാണെന്നു ഗോൾഡി അവകാശപ്പെടുന്ന തരത്തിലുള്ള സമൂഹമാധ്യമ കുറിപ്പ് കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു.
കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഗോൾഡി ബ്രാർ എന്ന സത് വിന്ദർജിത് സിങ് നിലവിൽ കാനഡ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. കാനഡയിലിരുന്നാണ് മൂസെവാലയുടെ കൊലപാതകമടക്കം ആസൂത്രണം ചെയ്തതെന്നും പൊലീസ് കരുതുന്നു. 29 കാരനായ ഗോൾഡി ബ്രാർ ബി.എ. ബിരുദധാരിയാണ്. കൊലപാതകവും വധശ്രമവും അടക്കം 16-ഓളം കേസുകളാണ് ഇയാൾക്കെതിരേ പഞ്ചാബിൽ മാത്രമുള്ളത്. നാലുകേസുകളിൽ ഗോൾഡി ബ്രാറിനെ കോടതി വെറുതെവിടുകയും ചെയ്തു. എ-പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കുപ്രസിദ്ധ കുറ്റവാളിയാണ് ഗോൾഡി ബ്രാർ. വിവിധ കാലയളവുകളിൽ വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇയാളുടെ ഫോട്ടോകളും പഞ്ചാബ് പൊലീസിന്റെ ഫയലുകളിലുണ്ട്.
പൊലീസ് കേസെടുത്തതിനു പിന്നാലെ, ഗോൾഡി ബ്രാറിക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ അരങ്ങേറിയിരുന്നു. പഞ്ചാബിലെ ഏറ്റവും കുപ്രസിദ്ധനായ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘാംഗമായാണ് ഗോൾഡി ബ്രാർ അറിയപ്പെടുന്നത്. ഇടയ്ക്കിടെ രൂപം മാറ്റുന്ന ശീലം ഇയാൾക്കുണ്ട്.
പഞ്ചാബിലെ ഫരീദ്‌കോട്ട് ജില്ലയിൽ 1994 ലാണ് സത്വിന്ദർജിത് സിങ് എന്ന ഗോൾഡി ബ്രാറിന്റെ ജനനം. ബിരുദധാരിയായ ഗോൾഡി ആദ്യകാലത്തുകൊള്ളസംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. പിന്നീടാണ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെത്തിയത്. രാജസ്ഥാനിലെ സമ്പത്ത് നെഹ്‌റ അടക്കമുള്ള ഗുണ്ടാ നേതാക്കളുമായി അടുപ്പമുള്ള ഗോൾഡിക്കെതിരെ പഞ്ചാബിൽ 16 ക്രിമിനൽ കേസുകളാണു രജിസ്റ്റർ ചെയ്തിട്ടുള്ളത്. 4 കേസുകളിൽ കോടതി വെറുതെവിട്ടു. ലോറൻസ് ബിഷ്‌ണോയി ജയിലിലായശേഷം ഗുണ്ടാസംഘത്തെ നയിക്കുന്നതു ഗോൾഡിയാണെന്നും പൊലീസ് പറയുന്നു.
2020 ഒക്ടോബറിൽ തന്റെ ബന്ധു ഗുർലാൽ ബ്രാർ കൊല്ലപ്പെട്ടതിനു പ്രതികാരമായി യൂത്ത് കോൺഗ്രസ് നേതാവ് ഗുർലാൽ സിങ് ഭൽവാനെ ഗോൾഡിയും സംഘവും കൊലപ്പെടുത്തിയിരുന്നു. സ്റ്റുഡന്റ് ഓർഗനൈസേഷൻ ഓഫി പഞ്ചാബ് യൂണിവേഴ്‌സിറ്റിയുടെ മുൻ സംസ്ഥാന പ്രസിഡന്റായിരുന്നു ഗുർലാൽ ബ്രാർ. ഗുർലാലിനെ കൊലപ്പെടുത്തിയ ഗുണ്ട റാണാ സിന്ധുവിനെയാണ് ഗോൾഡി ആദ്യം കൊന്നത്. ഗുർലാലിനെ കൊല്ലാൻ റാണയെ സഹായിച്ചു എന്ന സംശയത്താലാണ് ഭൽവാനെ കൊന്നത്.
ഒരു കടയിൽനിന്ന് ഇറങ്ങുമ്പോൾ ഗോൾഡിയുടെ ഷൂട്ടർമാർ 12 തവണയാണ് ഭൽവാനുനേരേ നിറയൊഴിച്ചത്. ലോറൻസിന്റെയും എതിരാളി ദാവിന്ദർ ബാംബിയയുടെയും സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയായിരുന്നു ഈ കൊലകളുടെ കാരണം. ഭൽവാന്റെ കൊലപാതകം വലിയ കോളിളക്കമുണ്ടാക്കി. തുടർന്ന് കാനഡയിലേക്കു രക്ഷപ്പെട്ട ഗോൾഡി അവിടെയിരുന്നാണ് ഗുണ്ടാപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, സിദ്ദുവിനെ വെടിവച്ചു കൊന്ന കേസിൽ 6 പേരെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽനിന്നു കഴിഞ്ഞദിവസം പിടികൂടി. ഉത്തരാഖണ്ഡ്, പഞ്ചാബ് പൊലീസ് നടത്തിയ സംയുക്ത നീക്കത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു പ്രാഥമിക നിഗമനമെന്നു ഡിജിപി: വി.കെ.ഭാവ്റ പറഞ്ഞു.
പിതാവ് ബൽകൗർ സിങ്ങിന്റെ കൺമുന്നിലാണു സിദ്ദു കൊല്ലപ്പെട്ടത്. മകൻ ബുള്ളറ്റ് പ്രൂഫ് വാഹനവും സുരക്ഷാഭടന്മാരെയും ഒഴിവാക്കി പോകുന്നതു കണ്ട പിതാവ് മറ്റൊരു വാഹനത്തിൽ പിന്നാലെ പോയി. ജവഹർകെ ഗ്രാമത്തിൽ എത്തിയപ്പോൾ ഒരു കാർ പിന്തുടരുന്നതു ബൽകൗർ കണ്ടു. അൽപം കഴിഞ്ഞപ്പോൾ മറ്റൊരു വാഹനം മുന്നിൽ എത്തി സിദ്ദുവിന്റെ വാഹനം തടഞ്ഞു. തുടർന്ന് 2 കാറുകളിൽനിന്നും ഇറങ്ങിയവർ വെടിയുതിർത്തു. അവിടെ വച്ചുതന്നെ മകൻ മരിച്ചതായി ബൽകൗർ പറഞ്ഞു. ലോറൻസ് മകനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ബൽകൗർ ആരോപിച്ചു.
മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെ തിഹാർ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ജയിലിൽവെച്ച് ബിഷ്ണോയിക്ക് നേരേ ആക്രമണമുണ്ടാകാനുള്ള സാധ്യതയെത്തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്. നിലവിൽ തിഹാറിലെ അതിസുരക്ഷയുള്ള എട്ടാം നമ്പർ ജയിലിലാണ് ബിഷ്ണോയിയെ താമസിപ്പിച്ചിരിക്കുന്നത്. മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ബിഷ്ണോയിയെ ചോദ്യംചെയ്തിരുന്നു.
അതിനിടെ, ചൊവ്വാഴ്ച വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൂസെവാലയുടെ സംസ്‌കാരചടങ്ങുകൾ നടന്നു. ആയിരക്കണക്കിന് ആരാധകരാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്. അന്ത്യകർമങ്ങൾ നടക്കുമ്പോൾ ആരാധകർ മൂസെവാലയുടെ പാട്ടുകൾ പാടിയാണ് ആദരാഞ്ജലി അർപ്പിച്ചത്.
ഞായറാഴ്ചയാണ് മാൻസ ജില്ലയിലെ ജവഹർ കെ ഗ്രാമത്തിനടുത്ത് കാറിലെത്തിയ അക്രമിസംഘം മൂസെവാലയെ വെടിവെച്ച് കൊന്നത്. മൂസെവാലയുടെ സുരക്ഷ സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചതിന് പിന്നാലെയായിരുന്നു സംഭവം. 30-ഓളം തവണ മൂസെവാലയ്ക്ക് വെടിയേറ്റെന്നാണ് പ്രാഥമികവിവരം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക്