- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒടുവിൽ സിദ്ധു വഴങ്ങി; പിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിൻവലിച്ചു; ആശങ്കകൾ പരിഹരിക്കാമെന്ന് രാഹുൽ ഉറപ്പുനൽകിയതായി സിദ്ദു; സംഘടനാ തിരഞ്ഞെടുപ്പിന് കളമൊരുക്കാൻ കേന്ദ്ര നേതൃത്വം
ന്യൂഡൽഹി: ഒടുവിൽ നവ്ജ്യോത് സിങ് സിദ്ദു കലാപം അവസാനിപ്പിച്ച് അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ചു. രാജിക്കത്ത് പിൻവലിച്ചതായി സിദ്ദു രാഹുൽഗാന്ധിയെ അറിയിച്ചു. പിസിസി അധ്യക്ഷനായി തുടരും. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും ആശങ്കകൾ രാഹുൽഗാന്ധിയോട് പങ്കു വെച്ചതായും സിദ്ദു ഡൽഹിയിൽ പറഞ്ഞു. സിദ്ദു ഉയർത്തിയ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഹൈക്കമാൻഡ് ഉറപ്പുനൽകിയതായി പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തും വ്യക്തമാക്കി.
അതേസമയം, സംഘടനാ തെരഞ്ഞെടുപ്പിന് എതിരല്ലെന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. നാളെ ചേരുന്ന പ്രവർത്തകസമിതി ഇതിനുള്ള സമയക്രമം തീരുമാനിക്കും. പ്രധാന തീരുമാനങ്ങൾക്ക് കോർഗ്രൂപ്പ് രൂപീകരിക്കണമെന്ന് വിമതർ യോഗത്തിൽ നിർദ്ദേശിക്കും.
കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പൂർണ്ണസമയ പ്രസിഡന്റ് വേണം എന്ന ആവശ്യം ഉയർത്താനാണ് വിമതഗ്രൂപ്പ് ഒരുങ്ങുന്നത്. സംഘടനാ തെരഞ്ഞെടുപ്പിലൂടെ ഇത് തീരുമാനിക്കാം എന്ന് എഐസിസി യോഗത്തിൽ നിർദ്ദേശിക്കും. തെരഞ്ഞെടുപ്പ് വൈകിക്കേണ്ട കാര്യമില്ല. അടുത്ത മാസം അംഗത്വം പുതുക്കൽ തുടങ്ങി അടുത്ത വർഷം ഓഗസ്റ്റോടെ പ്രവർത്തകസമിതി തെരഞ്ഞെടുപ്പ് നടക്കുന്ന രീതിയിൽ സമ്മേളനങ്ങൾ നിശ്ചയിക്കാം എന്ന നിർദ്ദേശമാണ് നേതൃത്വത്തിനുള്ളത്. അതുവരെ സോണിയ ഗാന്ധി പ്രസിഡന്റായി തുടരട്ടെ എന്ന നിർദ്ദേശത്തെ വിമതരും എതിർക്കാനിടയില്ലെന്ന് നേതൃത്വം കരുതുന്നു.
എന്നാൽ സംഘടനാ തെരഞ്ഞെടുപ്പ് നീണ്ടാൽ പാർട്ടയിലെ തീരുമാനങ്ങൾ കൂട്ടായെടുക്കാൻ സംവിധാനം വേണം എന്ന് വിമതർ നിർദ്ദേശിക്കും. കനയ്യ കുമാറിനെകൊണ്ടു വന്നത് പോലുള്ള തീരുമാനങ്ങൾ കോർഗ്രൂപ്പ് കൈക്കൊള്ളണം എന്നാണ് വിമതഗ്രൂപ്പിന്റെ ആവശ്യം. ഗുലാംനബി ആസാദ് പി ചിദംബരം തുടങ്ങിയവർ കൂടി ഉൾപ്പെട്ട കോർഗ്രൂപ്പിൽ തീരുമാനങ്ങൾ വരണം എന്നാണ് നിർദ്ദേശം. ഇത് ആരും തന്നിഷ്ടപ്രകാരം എടുക്കേണ്ട തീരുമാനം അല്ലെന്നും വിമതർ വാദിക്കുന്നു. എന്നാൽ സംസ്ഥാനഘടകങ്ങൾക്ക് ഇതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നാണ് നേതൃത്വത്തിന്റെ മറുവാദം.
മറുനാടന് മലയാളി ബ്യൂറോ