ന്യൂഡൽഹി: മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഡൽഹി എയിംസ് ആശുപത്രിയിൽനിന്ന് രഹസ്യമായി ഡിസ്ചാർജ് ചെയ്‌തെന്ന് ഭാര്യ റൈഹാനത്ത്. വ്യാഴാഴ്ച രാത്രി എയിംസിൽനിന്നു കൊണ്ടുപോയതായി കാപ്പൻ ഫോണിലൂടെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലും കാപ്പൻ കോവിഡ് മുക്തനായിരുന്നില്ല. ചികിത്സപോലും പൂർത്തിയാക്കാതെ തിരക്കിട്ട് യുപിയിലേക്ക് കൊണ്ടുപോയത് എന്തിനെന്നു വ്യക്തമല്ലെന്നും റൈഹാനത്ത് പറഞ്ഞു. ഔദ്യോഗികമായി കുടുംബത്തെയോ അഭിഭാഷകനെയോ അറിയിക്കാതെയാണു യുപി പൊലീസിന്റെ നടപടി.

റൈഹാനത്ത് മൂത്ത മകനുമൊത്ത് മെയ്‌ ഒന്നിന് കാപ്പനെ കാണാൻ ഡൽഹിയിൽ എത്തിയിരുന്നു. എന്നാൽ ഭാര്യയ്ക്കു കാണാൻ അനുവാദം ലഭിച്ചിരുന്നില്ല.

രഹസ്യമായും ധാർമികതയ്ക്കു നിരക്കാതെയും അനധികൃതമായും അപമാനിക്കുന്ന തരത്തിലാണ് കാപ്പനെ ഡിസ്ചാർജ് ചെയ്തതെന്ന് അഭിഭാഷകൻ വിൽസ് മാത്യൂസ് ദേശീയമാധ്യമത്തോടു പറഞ്ഞു. കാപ്പനെ ചികിത്സയ്ക്ക് എയിംസിലേക്കു മാറ്റണമെന്ന സുപ്രീം കോടതി വിധിയെ ബഹുമാനിക്കാത്ത തരത്തിലുള്ള നടപടിയായെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ജയിലിലോ ആശുപത്രിയിലോ വച്ചോ കുടുംബവുമായി കൂടിക്കാഴ്ച നടത്താൻ കാപ്പനെ അനുവദിക്കാനാകില്ലെന്ന് മഥുര ജയിൽ സൂപ്രണ്ട് ശൈലേന്ദ്ര കുമാർ മൈത്രേയ പറഞ്ഞു. 'കാപ്പന് ഇന്ത്യയിലെ മികച്ച ആശുപത്രിയിലാണ് ചികിത്സ ലഭിച്ചത്.

കുറ്റാരോപിതന്റെ കുടുംബത്തിനു വിവരങ്ങൾ കൈമാറുക എന്നത് എന്റെ ജോലിയല്ല. ഇക്കാര്യം നിയമപരമായോ ധാർമികമായോ തന്റെ ഉത്തരവാദിത്തമല്ല. കോടതിയോടു മാത്രമേ എനിക്ക് ഉത്തരം പറയേണ്ടതുള്ളൂ' അദ്ദേഹം കൂട്ടിച്ചേർത്തു.