തിരുവനന്തപുരം: വിചാരണ കൂടാതെ ഒരു വർഷമായി യു.പി ഭരണകൂടം ജയിലിലടച്ചിരിക്കുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിന് ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നിവേദനം നൽകി. ഭാര്യ റൈഹാനത്ത്, മകൻ മുസ്സമ്മിൽ എന്നിവരാണ് വി.ഡി സതീശനെ സന്ദർശിച്ച് നിവേദനം നൽകിയത്. സിദ്ദീഖ് കാപ്പന്റെ മോചനത്തിന് ആവശ്യമായ എല്ലാ സഹായവും പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകി.

ജാമ്യം നൽകാതെ, വിചാരണ നടത്താതെ പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ സിദ്ദീഖ് കാപ്പന്റെ തടവ് ഒരു വർഷം പിന്നിട്ടു. ജാമ്യഹരജി ഫയൽ ചെയ്യാൻ കുറ്റപത്രത്തിന്റെ പകർപ്പ് ഇതുവരെ യു.പി പൊലീസ് നൽകിയിട്ടില്ല. അപേക്ഷ നൽകിയിട്ടും പല കാരണം പറഞ്ഞ് നീട്ടുകയാണ് ഭരണകൂടം.

2020 ഒക്‌ടോബർ അഞ്ചിനാണ് യു.പിയിലെ ഹാഥറസിൽ ബലാത്സംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാമധ്യേ മഥുര ടോൾപ്ലാസയിൽ വെച്ച് കാപ്പനെയും കൂടെയുള്ളവരെയും പിടികൂടി ജയിലിലടച്ചത്. രോഗിയായ ഉമ്മയെ കാണാൻ പരോൾ അനുവദിക്കാൻ സുപ്രീംകോടതിയിൽ പോകേണ്ടി വന്നു. ഫെബ്രുവരി എട്ടിന് വീട്ടിലെത്തിയെങ്കിലും അഞ്ചു ദിവസം അനുവദിച്ച പരോൾ മൂന്ന് ദിവസമാക്കി.

ഉമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കാപ്പനെ അനുവദിച്ചില്ല. അസുഖബാധിതനായി ഏപ്രിൽ 30ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചപ്പോൾ കൂടെ നിൽക്കാൻ ഭാര്യ ശ്രമിച്ചെങ്കിലും ഒന്ന് കാണാൻ പോലും പൊലീസ് സമ്മതിച്ചില്ല. നിലവിൽ മഥുര ജയിലിലാണ് കാപ്പനുള്ളത്.