തിരുവനന്തപുരം : ഹത്രാസിൽ പെൺകുട്ടി കൊല്ലപ്പെട്ടതിന്റെ മറവിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് യുപിയിൽ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഭീകര സംഘത്തിലെ അംഗമെന്ന പൊലീസിന്റെ സത്യവാങ്മൂലം കള്ളക്കളികളുടെ ഭാഗമോ? സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയെ എതിർത്ത് അന്വേഷണ സംഘം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഗുരുതര ആരോപണങ്ങളുള്ളത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. എന്നാൽ ഈ സത്യവാങ്മൂലം കളവാണെന്നും ഗൂഢാലോചനയുണ്ടെന്നും സിദ്ദിഖ് കാപ്പന്റെ സുഹൃത്തുക്കളും പറയുന്നു.

സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ 'ടെറർ ഗ്യാംഗ്' അംഗമായതിനാൽ ജാമ്യം അനുവദിക്കരുതെന്നാണ് യുപി പൊലീസ് ലഖ്നൗ ഹൈക്കോടതിയോട് അഭ്യർത്ഥിച്ചിരിക്കുന്നത്. സിദ്ദിഖ് കാപ്പൻ സമർപ്പിച്ച ജാമ്യാപേക്ഷയ്ക്കുള്ള എതിർ സത്യവാങ്മൂലത്തിലാണ് യുപി പൊലീസിന്റെ വെളിപ്പെടുത്തൽ. സിദ്ദിഖ് കാപ്പനെ ജയിലിൽ സ്ഥിരമായി അടയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ സത്യവാങ്ങ്മൂലം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഏതായാലും ഈ കേസിൽ ഹൈക്കോടതിയുടെ നിലപാട് നിർണ്ണായകമാകും.

സിദ്ദിഖ് കാപ്പൻ മാധ്യമ പ്രവർത്തകനെന്ന നിലയിലാണു ഹത്രാസിലേക്കു പോയതെന്ന ജാമ്യാപേക്ഷയിലെ വാദം യുപി പൊലീസ് തള്ളി. സിദ്ദിഖ് കാപ്പൻ ഹത്രാസിൽ സാമുദായിക കലാപമുണ്ടാക്കാനുള്ള പോപ്പുലർ ഫ്രണ്ടിന്റെ പദ്ധതിയിൽ സജീവ പങ്കാളിയാണെന്നു യുപി പൊലീസ് വാദിക്കുന്നു. ഈ കേസ് ഇന്ന് കോടതി പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇന്ന് കോടതി കേസ് എടുത്തിട്ടില്ല.

യുപി പൊലീസിന്റെ സത്യവാങ്മൂലത്തിൽ സിദ്ദിഖ് കാപ്പനെതിരെയുള്ള ആരോപണങ്ങൾ ചുവടെ

2015ൽ പോപ്പുലർ ഫ്രണ്ട് നിർവാഹക സമിതി യോഗത്തിന്റെ മിനിട്സിൽ സിദ്ദിഖ് കാപ്പനെ 'പ്രത്യേക ദൗത്യ സമിതി'യിലേക്കു നാമനിർദ്ദേശം ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

നിരോധിത സംഘടനയായ സിമിയുടെ ' ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' ആശയം പ്രചരിപ്പിക്കാനുള്ള ലഘുലേഖകൾ സിദ്ദിഖ് കാപ്പന്റെ മുറിയിൽ നിന്നും ലാപ്ടോപിൽ നിന്നും കണ്ടെടുത്തു.

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടു സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് നേതാവ് പി.കോയയുമായി നടത്തിയ വാട്സാപ് ചാറ്റ് രേഖകൾ സത്യവാങ്മൂലത്തോടൊപ്പം സമർപ്പിച്ചു.

2020 സെപ്റ്റംബറിൽ കേരളത്തിൽ തീവ്രവാദ പരിശീലനത്തിനുള്ള രഹസ്യ ശിൽപശാല സംഘടിപ്പിക്കുന്നതു സംബന്ധിച്ച് സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഓഫിസ് മാനേജർ കമാലിനു അയച്ച ഓഡിയോ സന്ദേശം.

2020 സെപ്റ്റംബറിൽ കേരളത്തിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച രഹസ്യ ശിൽപശാലയിൽ പോപ്പുലർ ഫ്രണ്ട് ഹിറ്റ് സ്‌ക്വാഡ് തലവന്മാരായ അൻഷാദ് ബദറുദ്ദീൻ, ഫിറോസ് ഖാൻ എന്നിവർക്കൊപ്പം സിദ്ദിഖ് കാപ്പനും പങ്കെടുത്തുവെന്നതിന്റെ തെളിവുകൾ. അൻഷാദ് ബദറുദ്ദീനും ഫിറോസ്ഖാനുമായുള്ള സിദ്ദിഖ് കാപ്പന്റെ വാട്സാപ് ചാറ്റുകൾ.

ഡൽഹി കലാപ വേളയിൽ കലാപ കേസ് പ്രതികളായ മുഹമ്മദ് ഫൈസൽ, മസൂദ്, അതികുൽ റഹ്മാൻ എന്നിവരുമായി സിദ്ദിഖ് കാപ്പൻ നിരന്തരം ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകൾ.

പോപ്പുലർ ഫ്രണ്ട് നേതാക്കളായ ഒ.എം.എ. സലാം, അബ്ദുൽ റഹ്മാൻ, അനീസ് അഹമ്മദ്, പി.കോയ എന്നിവരുമായി സിദ്ദിഖ് കാപ്പൻ നിരന്തര ബന്ധം പുലർത്തിയതിന്റെ തെളിവുകൾ. ഡൽഹി കലാപത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ഫണ്ടിങ് ഉണ്ടായെന്നു വാർത്തകളുണ്ടായപ്പോൾ കരുതലെടുക്കാനായി സിദ്ദിഖ് കാപ്പനും പോപ്പുലർ ഫ്രണ്ട് നേതാക്കളും പരസ്പരം കൈമാറിയ സന്ദേശങ്ങൾ. യുപി പൊലീസിന്റെ എതിർ സത്യവാങ്മൂലത്തിനു മറുപടി നൽകാൻ ലക്നോ കോടതി സിദ്ദിഖ് കാപ്പന്റെ അഭിഭാഷകനു സമയം നൽകിയിരുന്നു.