പ്രതിസന്ധി ഘട്ടത്തിൽ നിന്നു ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നതു സൂപ്പർ താരം മോഹൻലാലാണെന്നു നടൻ സിദ്ദിഖ്. ഭാര്യയുടെ ആത്മഹത്യയ്ക്ക് ശേഷം തളർന്ന് പോയ തനിക്കു ജീവിക്കാനുള്ള പ്രേരണ നൽകിയതു മോഹൻലാലാണെന്നും സിദ്ദിഖ് പറഞ്ഞു.

തളർന്നിരുന്ന തന്നെ ജീവിക്കാൻ പഠിപ്പിച്ചത് മോഹൻലാലാണ്. അദ്ദേഹത്തിന്റെ വാക്കുകളാണ് പിന്നീടുള്ള ജീവിതത്തെ മാറ്റിമറിച്ചതെന്നും സിദ്ദിഖ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

ഭാര്യയുടെ മരണത്തിന് ശേഷം സിനിമക്ക് ഇടവേള നൽകിയിരിക്കെയാണ് കന്മദത്തിൽ ഒരു വേഷം ഉണ്ടെന്ന് പറഞ്ഞ് ലോഹിതദാസ് വിളിക്കുന്നത്. ഒറ്റ സീനുള്ള ഒരു രംഗമാണെന്നും ഇത് സിദ്ദിഖ് തന്നെ അവതരിപ്പിക്കണമെന്നും ലോഹിതദാസ് പറഞ്ഞപ്പോൾ ആദ്യം താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ താങ്കൾ അങ്ങനെ ഉൾവലിഞ്ഞു നിൽക്കേണ്ട ആളല്ല എന്നൊക്കെ ലോഹിതദാസ് പറഞ്ഞതോടെ വരാമെന്ന് സമ്മതിക്കുകയായിരുന്നു.

തുടർന്നു മുംബൈയിലെത്തി. ടീം താമസിക്കുന്ന ഹോട്ടലിൽ നിന്നും രണ്ട് മണിക്കൂറോളം യാത്ര ചെയ്ത് വേണം ലൊക്കേഷനിലെത്താൻ. മോഹൻലാലിനൊപ്പം അദ്ദേഹത്തിന്റെ വണ്ടിയിലാണ് അന്ന് ലൊക്കേഷനിലേക്ക് പോയത്. ആ യാത്രയിൽ മോഹൻലാൽ ചോദിച്ചു, ഇനിയൊരു വിവാഹം ഒക്കെ കഴിക്കണ്ടേ. ഇനിയോ എന്ന് ചോദിച്ചപ്പോൾ ഇനിയെന്താ കുഴപ്പം എന്നായി ലാൽ. ഇനിയും പ്രശ്നങ്ങളുണ്ടായാൽ അത് താങ്ങാൻ കഴിയില്ലെന്നായിരുന്നു സിദ്ദിഖിന്റെ മറുപടി.

എന്നാൽ, പ്രശ്‌നങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടെന്നു മോഹൻലാൽ പറഞ്ഞു. 'ഒരാളുടെ ജീവിതത്തിൽ എന്നും പ്രശ്നങ്ങളുണ്ടാവുമോ. അല്ലെങ്കിലും സിദ്ദിഖിന് മാത്രമേ ഉള്ളോ പ്രശ്നങ്ങൾ. ഇതിനേക്കാളും പ്രശ്നങ്ങൾ നേരിടുന്നവർ ഇവിടെ ജീവിക്കുന്നില്ലേ. ഇതൊന്നും നിങ്ങൾ ചെയ്തതല്ലല്ലോ. എല്ലാം വിധിയാണ്. നമ്മൾ ജനിക്കുമ്പോഴേ അതൊക്കെ എഴുതി വച്ചിട്ടുണ്ട്. അതാർക്കും മാറ്റിമറിക്കാനാകില്ല'- മോഹൻലാൽ പറഞ്ഞു.

താരത്തിന്റെ ഈ വാക്കുകൾ തന്റെ വേദന കുറച്ചുയെന്നും പിന്നീടുള്ള തന്റെ ജീവിതത്തിലെ എല്ലാ മാറ്റങ്ങൾക്കും വിത്ത് പാകിയത് ലാലായിരുന്നുവെന്നും സിദ്ദിഖ് വ്യക്തമാക്കി. എല്ലാവരും കുറ്റപ്പെടുത്തിയപ്പോൾ മോഹൻലാൽ മാത്രം കൂടെ നിന്നുവെന്നും സിദ്ദിഖ് പറഞ്ഞു. ആദ്യ ഭാര്യയുടെ ആത്മഹത്യയ്ക്ക് ശേഷം സിദ്ദിഖ് സീനയെ വിവാഹം ചെയ്തു. രണ്ട് കുട്ടികളാണ് ഈ ബന്ധത്തിലുള്ളത്. ആദ്യ ബന്ധത്തിലുള്ള മകൻ ഷഹീൻ പത്തേമാരി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറുകയും ചെയ്തു.