കോഴിക്കോട്: കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള ടി സിദ്ദിഖിന്റെ രാജികൊണ്ടൊന്നും താനുന്നയിച്ച പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ലെന്ന് മുൻ ഭാര്യ നസീമ. രാജി വച്ച് യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് സിദ്ദിഖിന്റെ ശ്രമം. ഇതുമായി ബന്ധപ്പെട്ട് താൻ അനുഭവിച്ച പീഡനമെല്ലാം എഐസിസി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ അറിയിക്കും. രാഹുൽ കോഴിക്കോട് എത്തുമ്പോൾ കാണാൻ ശ്രമിക്കുമെന്നും നസീമ വ്യക്തമാക്കി.

കുടുംബ പ്രശ്‌നം പരിഹരിക്കാൻ നിരവധി നേതാക്കളെ സമീപിച്ചിരുന്നു. എന്നിട്ടൊന്നും ഫലമുണ്ടായില്ല. അതുകൊണ്ടാണ് തീർത്തും ആരോഗ്യ സ്ഥിതി മോശമായ താൻ മക്കളേയും കൊണ്ട് കോടതി കയറിയത്. തനിക്കൊപ്പം കഴിഞ്ഞയാളുടെ പാർട്ടിയിലെ സ്ഥാനം പോയതിൽ അത്രവലിയ സന്തോഷമില്ല. ഇതിൽ രാഷ്ട്രീയവുമില്ല. ഒരു രാഷ്ട്രീയ നേതാവിന്റെ ധാർമികതയാണ് ചർച്ച ചെയ്യപ്പെടേണ്ടതെന്നും നസീമ മറുനാടനോട് പറഞ്ഞു.

താൻ അശ്ലീല പദം ഉപയോഗിച്ച് കെപി സി സി ജനറൽ സെക്രട്ടറി ടി സിദ്ദിഖിനെ അപമാനിച്ചെന്ന ആരോപണത്തിനും നസീമ മറുപടി നൽകുന്നുണ്ട്്. ആരാണ് മോശമായി പെരുമാറിയതെന്ന് തെളിയിക്കാൻ മിംസ് ആശുപത്രി എക്‌സിക്യൂട്ടീവ് ക്യാന്റീനിലെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് നസീമ മറുനാടൻ മലയാളിയോട് പറഞ്ഞു. താൻ പൊലീസിന് നൽകിയ പരാതി കെട്ടിച്ചച്ചതാണോ അല്ലയോ എന്ന് പൊലീസിന് ബോധ്യപ്പെടാനും അത് സഹായിക്കും. സിദ്ദിഖിന് മുൻപ് തന്നെ അയാളുടെ പുതിയ ഭാര്യ ഷറഫുന്നിസയുടെ സഹോദരനും ഭാര്യയും മിംസ് ആശുപത്രിയിൽ ഉണ്ടായിരുന്നു. അവരായിരിക്കാം താനും കുട്ടികളും ആശുപത്രിയിലുള്ള വിവരം സിദ്ദിഖിനെ അറിയിച്ചിട്ടുണ്ടാകുക.ടെസ്റ്റുകൾക്കിടക്ക് ഭക്ഷണം കഴിക്കാനായി ക്യാന്റീനിലെത്തിയ തങ്ങളെ അടുത്തെത്തിയ സിദ്ദിഖാണ് അക്രമിക്കാൻ ശ്രമിച്ചത്.

ഒരു കൂതറ വക്കീലും എം ഐ ഷാനവാസ് എം പിയും വിചാരിച്ചാൽ തന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു ആക്രോശം. കുട്ടികളെ കാണാൻ അനുവദിക്കുന്നില്ലെന്നാണ് മറ്റൊരു പരാതി. സിദ്ദിഖ് കോടതിയിലോ എന്നോട് നേരിട്ടോ കുട്ടികളെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് നസീമ വ്യക്തമാക്കുന്നു. പുതിയ ഭാര്യയുടെ കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ഫോട്ടോ ഫേയ്‌സ്ബുക്കിൽ ഇട്ട് ആഘോഷിക്കുന്ന ഒരാളെ അംഗീകരിക്കാൻ കുട്ടികൾ തയ്യാറായില്ലെങ്കിൽ അതിന് ഉത്തരവാദി താനല്ല. തന്റെ കുഞ്ഞിന്റെ പിതാവിനെ നിർദാക്ഷിണ്യം ഉപേക്ഷിച്ച സ്ത്രീയുടെ വീട്ടിലേക്ക് എന്റെ കുട്ടികളെ പറഞ്ഞയക്കണമെന്നാണ് ആവശ്യമെങ്കിൽ അത് അംഗീകരിക്കാൻ താൻ തയ്യാറല്ല. കുട്ടികളെ കാണാൻ അവകാശത്തിനായി സിദ്ദിഖ് കോടതിയെയാണ് സമീപിക്കേണ്ടതെന്നും നസീമ കൂട്ടിച്ചേർത്തു.

സിദ്ദിഖ് തന്നെ പൊതുസ്ഥലത്ത് അശ്ലീലം പറഞ്ഞ് അപമാനിച്ചെന്ന ആരോപണവുമായി മൊഴി ചൊല്ലപ്പെട്ട ഭാര്യ നസീമ രണ്ട് ദിവസം മുമ്പാണ് രംഗത്ത് വന്നത്. ഇതു സംബന്ധിച്ച കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നസീമ നൽകി. പരാതിയുടെ പകർപ്പ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും അയച്ചു കൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കാര്യങ്ങൾ വിശദീകരിച്ച് സിദ്ദിഖും എത്തിയത്. എന്നാൽ അതിലേക്ക് കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം കൂടി എത്തുന്നു. ഐ പക്ഷ നേതാവാണ് എംഐ ഷാനവാസ്. സിദ്ദിഖ് ആകട്ടെ മുഖ്യമന്ത്രിയുടെ വിശ്വസ്തനും എ ഗ്രൂപ്പ് നേതാക്കളിൽ പ്രധാനിയും. അതുകൊണ്ട് തന്നെ സിദ്ദിഖിന്റെ കുടുംബ പ്രശ്‌നം കോൺഗസ് രാഷ്ട്രീയത്തിന്റെ ഭാഗമായി തന്നെ ചർച്ച ചെയ്യപ്പെടും. ഇതേ തുടർന്ന് സിദ്ദിഖ് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയാൻ കത്ത ്‌നൽകുകയും ചെയ്തു.

തന്റെ മുൻഭാര്യ നസീമയുടെ മറവിൽ വയനാട് എംപി എംഐ ഷാനവാസും കെ പി സി സി സെക്രട്ടറി ജയന്തും കൂട്ടരും ചേർന്ന് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് സിദ്ദിഖ് പറയുന്നു. ഷാനവാസിനെതിരെ സിദ്ദിഖ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് ഇക്കാര്യം ഉണ്ടായിരുന്നത്. കാൻസർ രോഗിയായ താൻ കഴിഞ്ഞദിവസം ചികിത്സക്കായി ആശുപത്രിയിൽ എത്തിയപ്പോൾ സിദ്ദിഖ് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും വധഭീഷണിമുഴക്കുകയും ചെയ്തിരുന്നതായി നസീമ പരാതി നൽകിയിരുന്നു. ഇത് ശരിയല്ല. നസീമ തന്നെയാണ് പരസ്യമായി അവഹേളിച്ചത്. സിദ്ദിഖ് പരാതിയിൽ പറയുന്നു. പൊലീസിന് നൽകിയ പരാതി സിദ്ദിഖ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

നസീമിയുടെ പരാതിയിലുള്ള അന്വേഷണത്തെ താൻ സ്വാഗതം ചെയ്യുന്നു. സിദ്ദിഖ് ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. മിംസ് ആശുപത്രിയിൽ, ഹൃദയസംബന്ധിയായ അസുഖമുള്ള പിതാവിനെ കാണിക്കാൻ എത്തിയപ്പോൾ കാന്റീനിൽ വച്ച് നസീമയും കുട്ടികളും അവിടെ വന്നു. സാധാരണ സ്‌കൂളിൽ പോയിയാണ് കുട്ടികളെ കാണുന്നത്. അവധിയായതിനാൽ ഇതിന് കഴിഞ്ഞിരുന്നില്ല. മക്കളെക്കണ്ട് അടുത്തു ചെന്ന തന്നെ മക്കളെ കാണാനോ തൊടാനോ അനുവദിക്കില്ലെന്നും ഇവിടെ ഒരു രംഗമുണ്ടാക്കുമെന്നും മക്കളുടെ അടുത്ത് നിന്ന് പോടാ എന്നും പറഞ്ഞ് നസീമ ആക്രോശിച്ചു. തന്റെ രാഷ്ട്രീയവും പൊതുപ്രവർത്തനവും അവസാനിപ്പിക്കുമെന്നും, കാൻസർ രോഗം വച്ച് തന്നെ നിന്നെ ഇല്ലാതാകും എന്നും അവർ പറഞ്ഞവെന്ന് സിദ്ദിഖ് ആരോപിച്ചിരുന്നു. ഇതിനാണ് വിശദീകരണവുമായി നസീമ എത്തുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലം തെളിയുമെന്നാണ് അവരുടെ നിലപാട്.