ഴിഞ്ഞ വെള്ളിയാഴ്‌ച്ച മലയാളി സമൂഹത്തിന് ഞെട്ടലുണ്ടാക്കി മലയാളി യുവാവ് ഗ്രോസറി ഷോപ്പിൽ വെട്ടേറ്റ് മരിച്ച സംഭവത്തിൽ അറബ് വംശജർ കുറ്റസമ്മതം നടത്തിയതായി റിപ്പോർട്ട്. ഇതോടെ പരപ്പനങ്ങാടി സ്വദേശി സിദ്ദീഖ് കൊല്ലപ്പെട്ട സംഭവത്തിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും റിയാദ് പൊലീസ് വക്താവ് അറിയിച്ചു.ദൃക്സാക്ഷികളില്ലാത്ത കേസിൽ പ്രതികൾക്കെതിരെ ശാസ്ത്രീയതെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

ഒരാഴ്‌ച്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടംഗ സംഘം റിയാദ് അസീസിയയിലെ ഗ്രോസറി ഷോപിലെത്തി സിദ്ദീഖിനെ അക്രമിച്ച് പണം കവരുകയായിരുന്നു. പ്രതികളെ 24 മണിക്കൂറിനകം പൊലീസ്‌കസ്റ്റഡിയിലെടുത്തിരുന്നു.ശിരസ്സിനും കൈകാലുകൾക്കും ഗുരുതരമായി വെട്ടേറ്റ സിദ്ദീഖിനെ അബോധാവസ്ഥയിൽ പട്രോൾ പൊലിസ് റെഡ് ക്രസന്റിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ആശുപത്രിയിലെത്തിയ അന്വേഷണ സംഘം ബോധം വീണ്ടെടുത്ത സിദ്ദീഖിൽ നിന്നു മൊഴിയെടുത്തിരുന്നതായി പൊലീസ് പറഞ്ഞു.

രണ്ടംഗ സംഘം കടയിൽ കയറി കത്തി ഉപയോഗിച്ച് അക്രമിച്ചു. പണം തട്ടിയെടുത്തശേം സിൽവർ നിറത്തിലുള്ള കാറിൽ രക്ഷപ്പെട്ടെന്നായിരുന്നു മൊഴി. പ്രതികളെയും അവർ സഞ്ചരിച്ച കാറിനെയും സംബന്ധിച്ച വിവരങ്ങൾ പട്രോൾ പൊലിസുകാർക്കും ചെക്ക് പോയിന്റുകൾക്കും അന്വേഷണ സംഘം കൈമാറി. അക്രമം നടത്തിയ ഒരാളെ റിയാദ്തായിഫ് റോഡിലെ ചെക്ക് പോസ്റ്റിൽ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടാളിയെ സംബന്ധിച്ച് ഇയാളാണ് വിവരം നൽകിയത്. ശനിയാഴ്ച രാത്രിയോടെ ഇയാളെയും അറസ്റ്റിലാവുകയായിരുന്നു.

ഷോപ്പിന് സമീപം സിദ്ദീഖിന്റെ സ്പോൺസറുടെ ഓഫീസിന് പുറത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.ഇതിൽ പതിഞ്ഞ കാറിന്റെ നമ്പർ പ്രതികളെ വേഗം പിടികൂടാൻ സഹായിച്ചെന്ന് പൊലിസ് വക്താവ് കേണൽ ഫവാസ് അൽമൈമാൻ പറഞ്ഞു. ദൃക്സാക്ഷികളില്ലാത്ത സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരുകയാണ്. കുറ്റപത്രം ഉടൻ സമർപ്പിക്കാൻ കഴിയും. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ പ്രതികൾക്ക് വാങ്ങിക്കൊടുക്കാൻ പ്രോസിക്യൂഷന് കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.