- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഐപി സംസ്‌കാരം ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ആംആദ്മി സർക്കാർ സുരക്ഷ പിൻവലിച്ചു; കൂടെ ഗൺമാനില്ലെന്ന് മനസ്സിലാക്കി 'കാനഡ'യിലെ ശത്രുക്കളുടെ ആക്രമണം; തോക്കുകളെ മഹത്വവൽക്കരിച്ച ഗായകനായ കോൺഗ്രസ് നേതാവിന് വെടിയുണ്ട തന്നെ മരണമൊരുക്കി; സിദ്ദുവിന്റെ മരണം പ്രതിക്കൂട്ടിലാക്കുന്നത് ആംആദ്മി തീരുമാനം
അമൃത്സർ കോൺഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസേവാല (28) അക്രമികളുടെ വെടിയേറ്റു മരിച്ചത് വിവാദത്തിലാക്കുന്നത് ആംആദ്മിയെ. പഞ്ചാബിലെ മാൻസ ജില്ലയിൽ വച്ചാണ് വെടിയേറ്റത്. വെടിവയ്‌പ്പിനിടെ മറ്റ് രണ്ട് പേർക്ക് പരുക്കേറ്റു. സിദ്ദുവിന്റെ സുരക്ഷാ പഞ്ചാബ് സർക്കാർ ശനിയാഴ്ച പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം. ആംആദ്മി സർക്കാരിന്റെ രാഷ്ട്രീയ തീരുമാനമാണ് സിദ്ദുവിന്റെ ജീവനെടുത്തത് എന്നാണ് വിലയിരുത്തൽ.
സിദ്ദു ഉൾപ്പെടെ 424 പേരുടെ സുരക്ഷയാണ് സർക്കാർ പിൻവലിച്ചത്. സിദ്ദുവും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും മാൻസയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. സിദ്ദുവിനു നേരേ അക്രമികൾ 30 റൗണ്ട് വെടിയുതിർത്തെന്നാണ് വിവരം. വെടിയുതിർത്തവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സുരക്ഷ പിൻവലിച്ചതാണ് അക്രമിക്കൾക്ക് ഗായകനെ കൊലപ്പെടുതത്ാനുള്ള അവസരം ഒരുക്കിയതെന്നാണ് ഉയരുന്ന ആക്ഷേപം. കഴിഞ്ഞ വർഷം ഡിസംബറിലാണ് സിദ്ദു കോൺഗ്രസിൽ ചേർന്നത്. 2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മാൻസയിൽനിന്ന് മത്സരിച്ചെങ്കിലും ആം ആദ്മി പാർട്ടിയുടെ വിജയ് സിങ്ലയോട് പരാജയപ്പെട്ടു. ശുഭ്ദീപ് സിങ് സിദ്ദു എന്നാണ് സിദ്ദു മൂസേവാലയുടെ യഥാർഥ പേര്.
വിഐപി സംസ്‌കാരം ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള എഎപി സർക്കാർ സിദ്ദു ഉൾപ്പെടെയുള്ള 424 'വിഐപി'മാരുടെ സുരക്ഷ പിൻവലിച്ചത്. സുരക്ഷ പിൻവലിച്ചവരുടെ പേരുകൾ പരസ്യപ്പെടുത്തിയതാണ് സിദ്ദുവിനെ വെടിവച്ചുകൊല്ലാൻ ഇടയാക്കിയതെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം.
ഗുണ്ടകൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് ആക്രമണത്തിനു പിന്നിൽ എന്ന് പൊലീസ് പറയുന്നു. ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിന് കൊലപാതകത്തിൽ പങ്കുണ്ടെന്നും കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഉത്തരവാദിത്തം ഏറ്റെടുത്തതായും പഞ്ചാബ് ഡിജിപി വി.കെ.ഭാവ്ര അറിയിച്ചു. സിദ്ദുവിനെ ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. സിദ്ദുവിന്റെ ദാരുണമായ കൊലപാതകത്തിൽ അത്യന്തം ദുഃഖിതനാണെന്നും എല്ലാവരോടും ശാന്തരായിരിക്കാൻ അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പേർ സിദ്ദുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. താൻ അതീവ ദുഃഖിതനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് സിദ്ദുവിന്റെ സുരക്ഷ പിൻവലിച്ചതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും സിദ്ദുവിന്റെ വിയോഗത്തിന് സംസ്ഥാന സർക്കാരാണ് ഉത്തരം പറയേണ്ടതെന്നും കോൺഗ്രസ് നേതാവ് ചരൺ സിങ് സപ്ര പറഞ്ഞു. പ്രതിഭാധനനായ കലാകാരനെയാണ് നഷ്ടപ്പെട്ടതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. സിദ്ദുവിന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്നതാണെന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ് ട്വീറ്റ് ചെയ്തു. പഞ്ചാബിൽ ക്രമസമാധാനം പൂർണമായും തകർന്നുവെന്നും ആരും സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു.
സുഹൃത്തുക്കൾക്കൊപ്പം പഞ്ചാബിലെ ജവഹർ കെ ഗ്രാമത്തിലേക്ക് ജീപ്പിൽ പോകുമ്പോഴായിരുന്നു സിദ്ദുവിന് (28) വെടിയേറ്റത്. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിവയ്‌പ്പിൽ മറ്റു രണ്ടുപേർക്ക് പരുക്കേറ്റിരുന്നു. പാട്ടുകളിൽ 'തോക്കു സംസ്‌കാര'ത്തെ പ്രോത്സാഹിപ്പിച്ചതിനു പല തവണ പഴികേട്ട പഞ്ചാബി റാപ്പറാണ് സിദ്ദു. സ്വന്തം വരികളിലൂടെ ജാത്യാഭിമാനവും പഞ്ചാബി ഗ്രാമീണ ജീവിതത്തിന്റെ സന്തോഷങ്ങളും അവതരിപ്പിച്ച, സ്വന്തം സ്വത്വത്തിൽ അഭിമാനിക്കുന്ന 'പെൻഡു' ആൺകുട്ടികളുടെ പ്രിയങ്കരനായിരുന്നു.
ചില സമകാലിക പഞ്ചാബി പോപ്പ്, റാപ്പ് ഗാനങ്ങളിൽനിന്ന് വ്യത്യസ്തമായി, തന്റെ പാട്ടുകളിൽ സ്ത്രീകളെ നിസ്സാരവൽക്കരിക്കുകയോ മദ്യത്തെയോ ലഹരിമരുന്നിനെയോ മഹത്വവൽക്കരിക്കുകയും സിദ്ദു ചെയ്തില്ല. പക്ഷേ, ഗാനങ്ങളിലൂടെ തോക്ക് സംസ്‌കാരത്തെ മഹത്വവൽക്കരിച്ചു.പഞ്ചാബിലെ മൻസ ജില്ലയിലുള്ള മൂസ ഗ്രാമത്തിലെ സിഖ് കുടുംബത്തിലാണ് സിദ്ദുവിന്റെ ജനനം. അച്ഛൻ ഭോലാ സിങ് പട്ടാളത്തിൽനിന്നു വിരമിച്ച േശഷം പൊലീസിൽ ചേർന്നു. അമ്മ ചരൺ കൗർ ഗ്രാമത്തിലെ സർപഞ്ചാണ്.
ആറാം ക്ലാസ് മുതൽ ഹിപ്-ഹോപ്പ് പാട്ടുകൾ കേൾക്കാൻ തുടങ്ങിയ സിദ്ദു, ലുധിയാനയിലെ ഹർവിന്ദർ ബിട്ടുവിൽ നിന്നാണ് സംഗീതം പഠിച്ചത്. ലുധിയാനയിലെ ഗുരു നാനാക് ദേവ് എൻജിനീയറിങ്ങിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. ലുധിയാനയിൽനിന്ന് എൻജിനീയറിങ് കഴിഞ്ഞ് കാനഡയിലേക്കു പോയ സിദ്ദു അവിടെ വച്ചാണ് ആദ്യ ഗാനം 'ജി വാഗൺ' പുറത്തിറക്കിയത്. 2017 ൽ പുറത്തിറങ്ങിയ 'സോ ഹൈ' എന്ന പാട്ട് പഞ്ചാബി യുവാക്കൾക്കിടയിൽ തരംഗമായി. അടുത്ത വർഷം മുതൽ, സിദ്ദു ഇന്ത്യയിൽ ലൈവ് ഷോകളിൽ പ്രത്യക്ഷപ്പെട്ടു. കാനഡയിലും ലൈവ് ഷോകൾ നടത്തി. പിന്നാലെ വന്ന പാട്ടുകളെല്ലാം ഹിറ്റായി.
പാട്ടുകളിലൂടെയും വിഡിയോകളിലൂടെയും അക്രമം പ്രോത്സാഹിപ്പിച്ചെന്നാരോപിച്ച് 2020 ഫെബ്രുവരിയിൽ സിദ്ദുവിനെതിരെ ഐപിസി 294, 504, 149 വകുപ്പുകൾ പ്രകാരം മൻസവാല പൊലീസ് കേസെടുത്തിരുന്നു. സഞ്ജയ് ദത്തിനെ മഹത്വവൽരിച്ചും പാട്ടിറക്കി. അങ്ങനെ തോക്കിനോടുള്ള പ്രണയം പാട്ടുകളിൽ നിറച്ചു. 2018 ഡിസംബറിൽ സിദ്ദു സർപഞ്ച് തിരഞ്ഞെടുപ്പിൽ അമ്മ ചരൺ കൗറിന് വേണ്ടി സജീവ പ്രചാരണം നടത്തിയിരുന്നു.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി, 2021 ഡിസംബർ 3-നാണ് കോൺഗ്രസിൽ ചേർന്നത്. മൻസ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ആം ആദ്മി പാർട്ടിയുടെ വിജയ് സിങ്ലയോട് പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സിദ്ദുവിനെതിരെ കേസെടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ