- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിക്കി മിധുഖേരയുടെ കൊലപാതകത്തിന് പ്രതികാരം; സിദ്ധു മൂസേവാലയുടെ കൊലയ്ക്ക് പിന്നിൽ അധോലോക കുടിപ്പക; ഉത്തരവാദിത്തം ഏറ്റെടുത്ത് കാനഡയിൽ നിന്നുള്ള അധോലോക സംഘം; പക തീർത്തത് തിഹാർ ജയിലിലുള്ള ലോറൻസ് ബിഷ്ണോയിയുടെ സംഘം; അന്വേഷണം തുടരുന്നു
ന്യൂഡൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസൈവാലയുടെ കൊലപാതകത്തിന് പിന്നിൽ അധോലോക സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് സംശയിച്ച് അന്വേഷണ സംഘം. തിഹാർ ജയിലിലുള്ള അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ ഏറ്റവുമടുത്ത സുഹൃത്തായ വിക്രംജിത് എന്ന വിക്കി മിധുഖേരയുടെ കൊലപാതകത്തിന്റെ പ്രതികാരമാണ് സിദ്ദു മൂസൈവാലയെ വകവരുത്താൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ.
മൂസൈവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡയിൽ നിന്നുള്ള അധോലോക സംഘം ഗോൾഡി ബ്രാർ ഏറ്റെടുത്തിട്ടുണ്ട്. സംഘാംഗം സമൂഹമാധ്യമം വഴിയാണ് ഇക്കാര്യം അറിയിച്ചത്. താനും സച്ചിൻ ബിഷ്ണോയി, ലോറൻസ് ബിഷ്ണോയി സംഘങ്ങളാണ് മൂസേവാലയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് ഗോൾഡി ബ്രാർ അറിയിച്ചിട്ടുള്ളത്. മൂസാവാലയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നത് തിഹാർ ജയിലിൽ വച്ചാണെന്ന് പൊലീസ് സൂചിപ്പിക്കുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് വിക്കി കൊല്ലപ്പെടുന്നത്. സംഭവത്തിൽ സിദ്ധു മൂസേവാലയ്ക്കും മാനേജർക്കും പങ്കുണ്ടെന്നാണ് ഡൽഹി പൊലീസ് സ്പെഷൽ സെൽ വെളിപ്പെടുത്തിയത്. കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ നീരജ് ബവാനിയ, തില്ലു താജ്പുരിയ സംഘങ്ങൾ തമ്മിലുള്ള സഹകരണത്തെക്കുറിച്ച് അടുത്തിടെയാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ അറിയുന്നത്.
പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള വ്യത്യസ്ത ഗുണ്ടാസംഘങ്ങളായ കൗശൽ ചൗധരി, ദേവീന്ദർ ഭംബിയ, ലക്കി പട്യാൽ എന്നിവരുമായി ബവാനിയയും താജ്പുരിയയും ഒത്തുചേർന്നു. വിക്കിയുടെ മരണവുമായി ബന്ധപ്പെട്ട് ഈ സംഘങ്ങളിൽപ്പെട്ട ഒരു ഡസനോളം ക്രിമിനലുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ അറസ്റ്റിലായ ഷാർപ്പ് ഷൂട്ടർ സജ്ജൻ സിങ്, അനിൽ കുമാർ എന്ന ലാഥ്, അജയ് കുമാർ എന്ന സണ്ണി കൗശൽ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് വിക്കി കൊലപാതകത്തിൽ മൂസേവാലയുടേയും മാനേജരുടെയും പങ്ക് സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്.
ഇതുമായി ബന്ധപ്പെട്ട ചില ഫോൺ സന്ദേശങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്ണോയിയുടെ അടുത്ത അനുയായികളായ കാല ജതേദി, കാല റാണ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
അതിനിടെ മൂസേവാലയുടെ കൊലപാതകത്തിൽ പഞ്ചാബ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ അറിയിച്ചു. മൂസേവാലയുടെ സുരക്ഷ പിൻവലിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടിയിട്ടുണ്ട്.
സിദ്ദു മൂസൈവാലയുടെ സുരക്ഷ പിൻവലിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. മൂസൈവാലയുടെ കൊലപാതകത്തിൽ അന്വേഷണം പഞ്ചാബ് പൊലീസ് ഊർജിതമാക്കി. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ പൊലീസ് കണ്ടെടുത്തു. കൊലപാതകവുമായി ബന്ധമുള്ള ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തെന്നാണ് സൂചന. ആക്രമണത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്.
കൊലപാതകത്തിൽ എഎപി സർക്കാരിനെ കടന്നാക്രമിക്കുകയാണ് പ്രതിപക്ഷം. സംഭവത്തിന് ഉത്തരവാദി ഭഗവന്ത് മാനാണെന്നും ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും പഞ്ചാബ് പിസിസി അധ്യക്ഷൻ പ്രതികരിച്ചു. അധിക സുരക്ഷ മാറ്റിയെങ്കിലും ഒപ്പം നൽകിയിരുന്ന രണ്ട് ഗൺമാന്മാരെ കൂട്ടാതെയാണ് മൂസൈവാല സഞ്ചരിച്ചതെന്ന വിശദീകരണമാണ് പൊലീസ് നൽകുന്നത്
പഞ്ചാബ് മാൻസയിലെ ജവഹർകേയിലെയിൽ വച്ച് ഇന്നലെയായിരുന്നു കൊലപാതകം. എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസേവാല വെടിയേറ്റ് മരിക്കുന്നത്. മാനസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവേയാണ് ആക്രമണം. കാറിന് നേരെ മുപ്പത് റൗണ്ടാണ് ആക്രമികൾ വെടിവെച്ചത്. രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു.
ആശുപത്രിയിൽ എത്തിക്കും മുൻപേ മൂസേവാല മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. 28 കാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മാൻസയിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാർട്ടിയുടെ ഡോ. വിജയ് സിങ്ലയോട് പരാജയപ്പെട്ടു.
ന്യൂസ് ഡെസ്ക്