അമൃതസർ: ബിജെപി വിട്ട മുൻ എംപിയും ക്രിക്കറ്റ് താരവുമായ നവ്‌ജ്യോത് സിങ് സിദ്ദു പുതിയ പാർട്ടിക്കു രൂപം നൽകുന്നു. ആവാസ് ഇ പഞ്ചാബ് എന്നു പേരിട്ട പാർട്ടിയുടെ പ്രഖ്യാപനം അടുത്തയാഴ്ച നടക്കും.

ലുധിയാനയിലെ സ്വതന്ത്ര എംഎൽഎമാരായ സിമർജീത് സിങ് ബയിൻസും ബൽവീന്ദർ സിങ് ബയിൻസും സിദ്ദുവിന്റെ പാർട്ടിയിൽ ചേരും. ഡൽഹിയിൽ സിദ്ദുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പുതിയ പാർട്ടി രൂപീകരിക്കാനുള്ള ധാരണയായത്.

സിദ്ദുവിന് പുറമെ മുൻ ഹോക്കി താരവും എംഎൽഎയുമായ പ്രഗത് സിങ്, ലുധിയാനയിൽ നിന്നുള്ള സിമര്ജീത് സിങ് ബയിൻസ്, ബൽവീന്ദർ സിങ് ബയിൻസ് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കം കാരണമാണ് ആം ആദ്മി പാർട്ടി പ്രവേശനത്തിനുള്ള സാധ്യത അടഞ്ഞത്. സിദ്ദു കോൺഗ്രസിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനം.

ഭാര്യയും എംഎൽഎയുമായ നവ്ജോത് കൗറിനും പാർട്ടി ടിക്കറ്റ് നൽകണമെന്നും തന്നെ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്നുമുള്ള സിദ്ദുവിന്റെ ആവശ്യങ്ങൾ എഎപി നിരാകരിച്ചതോടെയാണ് സിദ്ദു ബദൽ മാർഗങ്ങൾ തേടിയത്. അഴിമതിയിൽ പാർട്ടി നേതൃത്വത്തെ വിമർശിച്ചതിന് അകാലി ദൾ പുറത്താക്കിയ ജലന്ദർ കന്റോൺമെന്റ് എംഎൽഎയും മുൻ ഹോക്കി താരവുമായ പ്രഗത് സിങുമായി ചേർന്നാണ് പാർട്ടി രൂപീകരിക്കുന്നത്. ലുധിയാനയിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎമാരാണ് ബയിൻസ് സഹോദരന്മാർ.

നാല് പേരും ചേർന്ന് നിൽക്കുന്ന ചിത്രവുമായി ആവാസ് ഇ പഞ്ചാബിന്റെ പോസ്റ്ററും പ്രഗത് പുറത്തുവിട്ടു. പഞ്ചാബിലെ ജനങ്ങൾക്ക് ശക്തവും വിശ്വാസ്യതയുമുള്ള ബദലായിരിക്കും ആവാസ് ഇ പഞ്ചാബെന്ന് പ്രഗത് അവകാശപ്പെട്ടു. കൂടുതൽ ജനകീയ മുഖങ്ങളും തങ്ങളുടെ പാർട്ടിയിലുണ്ടാകുമെന്നും ഇപ്പോൾ തുടക്കം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിൽ രാജ്യസഭാംഗത്വം രാജിവച്ചാണ് സിദ്ദു ബിജെപി വിട്ടത്. 12 വർഷത്തോളം ബിജെപിയുടെ ഭാഗമായി പ്രവർത്തിച്ച സിദ്ദു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമൃത്സർ സീറ്റിനെ ചൊല്ലിയാണ് പാർട്ടിയുമായി ഇടഞ്ഞത്.