- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിദ്ദിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റി; കോവിഡ് രോഗിയായിട്ടും ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം; യുപി പൊലീസ് നിർബന്ധപൂർവ്വം ഡിസ്ചാർജ് ചെയ്യിപ്പിക്കുകയായിരുന്നുവെന്ന് ആരോപണം
ഡൽഹി: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റി. ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെയാണ് സിദ്ദിഖ് കാപ്പനെ എയിംസിൽ നിന്ന് മഥുരയിലേക്ക് മാറ്റിയത്. യുപി പൊലീസ് നിർബന്ധപൂർവ്വം ഡിസ്ചാർജ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നും കോവിഡ് പരിശോധന നടത്തി നെഗറ്റീവായോ എന്ന് ഉറപ്പുവരുത്തിയില്ലെന്നും കാപ്പന്റെ കുടുംബം ആരോപിച്ചു.
വിദ്ഗ്ധ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പനെ എയിംസിലേക്ക് കൊണ്ടുവന്നത്. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ എയിംസിലെ ചികിത്സ അവസാനിപ്പിച്ച് രഹസ്യമായി യുപി പൊലീസ് കാപ്പനെ മഥുര ജയിലിലേക്ക് കൊണ്ടു പോവുകയായിരുന്നു. എയിംസിലെ പരിശോധനയിൽ കോവിഡ് ആണെന്ന് സ്ഥിരീകരിച്ച കാപ്പനെ തിരികെ കൊണ്ടുപോകുമ്പോൾ നെഗറ്റീവാണോയെന്ന് ഉറപ്പ് വരുത്തിയില്ലെന്ന് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് ആരോപിച്ചു.
മഥുരയിലെ ജയിലിൽ നിന്ന് കോവിഡ് സ്ഥീരികരിച്ച സിദ്ദിഖ് കാപ്പൻ കോവിഡ് മുക്തനായെന്ന റിപ്പോർട്ടാണ് യുപി സർക്കാർ സുപ്രീംകോടതിയിൽ നൽകിയത്. ഇതിന് ശേഷം എയിംസിൽ വച്ച് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു.
അഞ്ച് ദിവസത്തിനുള്ളിൽ എങ്ങനെയാണ് പ്രമഹ രോഗിയായ ഒരാൾ കോവിഡ് നെഗറ്റീവ് ആയതെന്ന് കുടുംബം മഥുര ജയിൽ പൊലീസ് സൂപ്രണ്ടിന് നൽകിയ കത്തിൽ ചോദിച്ചു. ജയിലിൽ വച്ച് കാപ്പനെ കാണണമെന്ന് ആവശ്യപ്പെട്ട് കുടുംബം കത്ത് നൽകിയിട്ടുണ്ട്. എയിംസിൽ വച്ച് കാപ്പനെ കാണാൻ അനുവദിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നുങ്കിലും പൊലീസ് അനുവദിച്ചിരുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ