- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒടുവിൽ മഞ്ഞുരുകി; ക്യാപ്റ്റനെ കണ്ടമാത്രയിൽ കൈകൂപ്പി സിദ്ധു; 'സുഖമാണോ സർ ഏറെ സന്തോഷമുണ്ട്... എന്നു പറഞ്ഞ് അടുത്തിരുന്നു കുശലം പറഞ്ഞു; ഇനി പഞ്ചാബിന്റെ രാഷ്ട്രീയ ക്രീസിൽ ക്യാപ്ടനും ഓപ്പണറും ഒരുമിക്കും
ചണ്ഡിഗഢ്: പഞ്ചാബ് പിസിസി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ചുമതലയേറ്റു. മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ സാന്നിധ്യത്തിലാണ് സിദ്ദു അധ്യക്ഷ ചുമതലയേറ്റെടുത്തത്. സിദ്ദുവിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്യാപ്റ്റൻ എത്തിയതോടെ ഇരുവരും തമ്മിലുള്ള പ്രശ്നത്തിന് പരിഹാരമായെന്നാണ് വിലയിരുത്തൽ. പഞ്ചാബ് നേതൃപ്രതിസന്ധിയിൽ പരിഹാരമായെന്ന് രാഹുൽഗാന്ധി നേരത്തെ സൂചന നൽകിയിരുന്നു.
ക്യാപ്റ്റനെ കണ്ടമാത്രയിലാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്. കൈകൂപ്പി 'ഗാർഡെടുത്ത്' സിധു ക്യാപ്ടന്റെ അടുത്തെത്തി ചോദിച്ചു 'സർ സുഖമാണോ..അങ്ങയെ കണ്ടതിൽ അത്രയേറെ സന്തോഷമുണ്ട്'... ആ ചോദ്യത്തിലൂടെ ക്യാപ്റ്റന്റെ പരിഭവങ്ങളെല്ലാം സിധു ബൗണ്ടറി കടത്തി. കണ്ടിരുന്ന 'ഗാലറി'യിൽ അതിന്റെ ആവേശവും സന്തോഷവും. പഞ്ചാബിലെ കോൺഗ്രസ് ഒരുപാടുകാലമായി കാത്തിരുന്ന നിമിഷമായിരുന്നു അത്. ഐക്യത്തിന്റെ ക്രീസിൽ ഒരുമിക്കുന്ന നവ്ജോത് സിങ് സിധുവും മുഖ്യമന്തി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും.
ഇരുവരും ഒന്നിച്ച ആവേശത്തിൽ കോൺഗ്രസ് ഇനി തെരഞ്ഞെടുപ്പിന്റെ പോരിടത്തിലേക്കിറങ്ങും. ആ ഗോദയിൽ, പാർട്ടി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സിധുവും അമരീന്ദറും ഒന്നിച്ചുചേർന്ന് കോൺഗ്രസ് ഇന്നിങ്സിനെ നയിക്കും.
പഞ്ചാബ് ഭവനിൽ പി.സി.സി അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിന് മുന്നോടിയായി നടന്ന ചടങ്ങിനിടെയാണ് സിധുവും അമരീന്ദർ സിങ്ങും കണ്ടുമുട്ടിയത്. തീന്മേശക്കരികെ ഇരിക്കുകയായിരുന്ന മുഖ്യമന്ത്രിക്ക് മുന്നിലെത്തിയാണ് സിധു കൈകൂപ്പി കുശലാന്വേഷണം നടത്തിയത്. തുടർന്ന് തന്റെ എതിർവശത്തായി ഇരിക്കാൻ ഒരുങ്ങിയ സിധുവിനെ തൊട്ടടുത്തേക്ക് അമരീന്ദർ ക്ഷണിച്ചിരുത്തുകയായിരുന്നു. വളരെ സൗഹൃദപരമായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കളിലൊരാൾ പറഞ്ഞു.
സർക്കാർ തീരുമാനങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ടിരുന്ന സിധുവിനെതിരെ അമരീന്ദറും ശക്തമായ രീതിയിൽ പ്രതികരിച്ചതോടെയാണ് പിണക്കം മുറുകിയത്. ഇടഞ്ഞുനിന്നു സിധുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചാണ് ഹൈക്കമാൻഡ് വെടിനിർത്തലിന് കളമൊരുക്കിയത്. തുടക്കത്തിൽ കടുത്ത എതിർപ്പുയർത്തിയ അമരീന്ദർ സിങ്ങിനെ ഏറെ പണിപ്പെട്ട് അനുനയിപ്പിച്ചായിരുന്നു പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നിയമനം നടത്തിയത്.
പഞ്ചാബ് കോൺഗ്രസിലെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവുകയാണ് തന്റെ ലക്ഷ്യമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി നിയമിതനായ ഉടൻ സിധു പ്രഖ്യാപിച്ചിരുന്നു. തന്റെ യാത്ര തുടങ്ങിട്ടേയുള്ളൂവെന്നും പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുകയാണ് ഉന്നമെന്നും സിധു വ്യക്തമാക്കുകയും ചെയ്തിരുന്നു. 'പഞ്ചാബിൽ വിജയം ആവർത്തിക്കുകയെന്ന ലക്ഷ്യപൂർത്തീകരണത്തിനായി എളിയ കോൺഗ്രസുകാരൻ എന്ന നിലക്ക് സംസ്ഥാനത്തെ ഓരോ പാർട്ടി അംഗത്തെയും ചേർത്തുനിർത്തി പ്രവർത്തിക്കും. പഞ്ചാബ് മാതൃകയും ഹൈക്കമാൻഡിന്റെ 18ഇന അജണ്ടയും മുൻനിർത്തി കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കും' -അധ്യക്ഷ പദവിയിലെത്തിയതിനുപിന്നാലെ സിധുവിന്റെ പ്രതികരണം ഇതായിരുന്നു.
മറുനാടന് ഡെസ്ക്