കോഴിക്കോട്:  നവമാദ്ധ്യമങ്ങളിലൂടെ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ ആശയപ്രചാരണം നടത്തേണ്ടതിന്റെയും കുപ്രചാരണങ്ങളെ തെളിവുകൾ നിരത്തി പ്രതിരോധിക്കേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാട്ടി എസ്.ഡി.പി.ഐയുടെ ''സൈൻ ഇൻ'' സോഷ്യൽ മീഡിയ സംഗമം. സോഷ്യൽ മീഡിയകളിൽ ക്രിയാത്മകമായി ഇടപെടുന്ന കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് കോഴിക്കോട്ടെ സംഗമത്തിൽ പങ്കെടുത്തത്. സാധാരണക്കാരുൾപ്പെടെ സോഷ്യൽ മീഡിയ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ ആശയപ്രചാരണം ഏകപക്ഷീയമല്ലാതായി മാറിയെന്ന് എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷൻ എ സഈദ് അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടിച്ചമർത്തപ്പെട്ടവർ ഇരുളിൽ ആഴ്‌ത്തപ്പെടുന്ന സാഹചര്യമാണ് ലോകത്തെങ്ങും. ഇത് മാദ്ധ്യമങ്ങൾ കാണുന്നില്ല. അടിച്ചമർത്തപ്പെട്ടവരുടെ ജീവിതത്തിൽ പ്രകാശം പരത്താൻ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾക്കു കഴിയണം. സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുമ്പോഴും സമൂഹത്തെ നോക്കിക്കാണുമ്പോഴും വ്യത്യാസങ്ങളുണ്ടാവും. അതിനാൽ തന്നെ സോഷ്യൽ മീഡയയിലെ ഇടപെടലുകൾക്ക് പാകപ്പെടൽ അനിവാര്യമാണ്. രാഷ്ട്രീയ പ്രവർത്തനം മുതലാളിത്ത ദാർഷ്ഠ്യവും സാമ്രാജ്യത്വ ക്രൂരതയുമായി മാറിയിരിക്കുന്നു. പിന്നാക്ക അധഃസ്ഥിത മതന്യൂനപക്ഷങ്ങളുടെ വിമോചനത്തിന് സോഷ്യൽ മീഡിയ പ്രവർത്തകകരുടെ പിന്തുണ അനിവാര്യമാണെന്നും എ സഈദ് പറഞ്ഞു.

ഫോർത്ത് എസ്‌റ്റേറ്റിനെ ഫിഫ്ത്ത് എസ്‌റ്റേറ്റ് ആയ സോഷ്യൽ മീഡിയ കീഴടക്കുകയാണെന്ന് പ്രവാസി ഫോറം സംസ്ഥാന പ്രസിഡന്റ് പി അഹമ്മദ് ശരീഫ്. പത്രങ്ങളും ചാനലുകളും പടച്ചുവിടുന്ന നുണക്കഥകൾ ചീട്ടുകൊട്ടാരം പോലെ തകർത്തു കളയാൽ സോഷ്യൽ മീഡിയയ്ക്കു കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. ഡിജിറ്റൽ ആക്ടിവിസം എന്ന വിഷയത്തിൽ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് അഷ്‌ക്കർ ലെസ്സരി ക്ലാസ് നയിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ, സംസ്ഥാന സെക്രട്ടറി എ കെ അബ്ദുൽ മജീദ്, സജ്ജാദ് വാണിയമ്പലം, അഷ്‌ക്കർ തൊളിക്കോട്, മുസ്തഫ കൊമ്മേരി, ജലീൽ കെ കെ പി,  ഇർഷാദ് മൊറയൂർ എന്നിവർ സംസാരിച്ചു.