മനാമ: രാജ്യത്തെ 137 ട്രാഫിക് സിഗ്‌നലുകളിൽ ഗ്രീൻ ഫ്‌ളാഷ് സംവിധാനം പൂർത്തിയായി. ഇതുവഴി റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കുവാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. റെഡ് സിഗ്‌നൽ മുറിച്ചുകടക്കുന്നതു വഴിയുള്ള അപകടം കുറക്കുന്നതിന് ഓരോ സിഗ്‌നലുകളിലേക്കും മാറുമ്പോൾ പച്ച ലൈറ്റ് മൂന്നുവട്ടം തെളിയുകയാണ് ചെയ്യുക.

പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം സ്ഥാപിച്ചപ്പോൾ പത്തു ശതമാനം വരെയാണ് അപകട നിരക്ക് കുറഞ്ഞത്. തുടർന്ന് സംവിധാനം രാജ്യത്തെ മുഴുവൻ സിഗ്‌നലുകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞവർഷം ഫെബ്രുവരി മുതലാണ് ഈ സംവിധാനം ട്രാഫിക് സിഗ്‌നലുകളിൽ ഏർപ്പെടുത്തി തുടങ്ങിയത്.

19 ട്രാഫിക് സിഗ്‌നലുകളിൽകൂടി ഇത് ഏർപ്പെടുത്തുമെന്ന് മന്ത്രാലയത്തിലെ റോഡ്‌സ് എൻജിനീയറിങ് ആൻഡ് പ്ലാനിങ് വിഭാഗം ഡയറക്ടർ മഹ ഖലീഫ ഹമാദ അറിയിച്ചു. നിലവിൽ പ്രധാന നിരത്തുകളിൽ സംവിധാനം നിലവിൽ വന്നിട്ടുണ്ട്. കഴിഞ്ഞവർഷം നടന്ന സ്മാർട്ട് സിറ്റീസ് സമ്മേളനത്തിലാണ് വിവിധ രാജ്യങ്ങളിൽ പരീക്ഷിച്ച് വിജയിച്ച ഗ്രീൻ ഫ്‌ളാഷ് ലൈറ്റ് സംവിധാനം ബഹ്‌റൈൻ നിരത്തുകളിലും ഏർപ്പെടുത്താൻ തീരുമാനിച്ചതെന്നും പൊതുമരാമത്ത്-മുനിസിപ്പൽ-നഗരാസൂത്രണകാര്യ മന്ത്രാലയം ഡയറക്ടർ കൂട്ടിച്ചേർത്തു.