നാദാപുരം: 7 വർഷമായി കെ എസ് ആർ ടിസിയിൽ ജോലിക്കാരനായിരുന്നു സിജു,ജോലിയിൽ പ്രവേശിച്ചപ്പോഴും വി.പി.മുക്കിലെ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു ഈ യുവാവ്. കഴിഞ്ഞ ദിവസമായിരുന്നു ബാംഗ്ലൂർ കോഴിക്കോട് ബസ്സ് അപകടത്തിൽ സിജു മരിച്ചത്. അപകടസമയത്ത് ബസിന്റെ മുൻവശത്ത് ഇടതുഭാഗത്തെ സീറ്റിലായിരുന്നു സിജു. ചക്രങ്ങൾ വേർപെട്ടതോടെ ബസിന്റെ മുൻഭാഗത്തെ വാതിൽപടിയുടെ പ്ലാറ്റ്ഫോം ഇളകിയതിനെത്തുടർന്നുണ്ടായ വിടവിൽ സിജു തലകീഴായി കുടുങ്ങിപ്പോവുകയായിരുന്നു.

തുടർന്ന് യാത്രക്കാർ അരമണിക്കൂറോളം പരിശ്രമിച്ചശേഷം ഇയാളെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിൽ മുപ്പത്തഞ്ചോളം യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയശേഷം വിട്ടയച്ചു. മറ്റു യാത്രക്കാരെ പിന്നീടെത്തിയ ബസുകളിൽ കയറ്റിയയക്കുകയായിരുന്നു.

വീടിനടുത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കാൻ നാടിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ആയിരങ്ങളെത്തി. കഴിഞ്ഞ 7 വർഷമായി കെ എസ് ആർ ടിസിയിൽ ജോലിചെയ്യുന്ന ചേലക്കാട് പൂശാരിമുക്കിൽ പുത്തൻപുരയിൽ സിജു നാട്ടിലെ സാംസ്‌കാരിക പ്രവർത്തനങ്ങളിലും യുവജനസംഘടനയിലും സജീവമായിരുന്നു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായരുന്ന സിജു പിന്നീട് ജോലിയിൽ പ്രവേശിച്ചതിന് ശേഷം സംഘനാ ഭാരവാഹിതത്തിൽ നിന്ന് മാറിയെങ്കിലും നാട്ടിലെ എല്ലാ പരിപാടികളുടെയും മുഖ്യസംഘാടകനായും മാർഗ്ഗദർശിയായും മുന്നിലുണ്ടയിരുന്നു. മരിക്കുന്നതിന് തലേദിവസം പോലും അയൽവാസിയുടെ കല്യാണത്തിന്റെ എല്ലാ പണികൾക്കും മുൻപന്തിയിലുണ്ടായിരുന്നു സിജു. ഈ കല്യാണം കഴിഞ്ഞാണ് സിജു ഞായറാഴ്ച രാത്രിയിൽ ജോലിക്ക് പോയത്.

നാട്ടിലെ കല്യണം വീടുകളിലും മരണവീടുകളിലും എല്ലാവർക്കും സഹായിയായി സിജുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. സിജുവിന്റെ നേതൃത്വത്തിൽ യുവാക്കളുടെ ഒരു സംഘം തന്നെ വിപി മുക്കിലെ ഇത്തരം പ്രവർത്തനങ്ങൾക്ക് എന്നും മുന്നിലുണ്ടാകുമായിരുന്നു. ഈ സംഘത്തിന്റെ തലവനെയാണ് തിങ്കളാഴ്ച പുലർച്ചെ നടന്ന അപകടത്തിലൂടെ നഷ്ടമായത്.

4 വർഷം മുമ്പാണ് സിജുവിന്റെ വിവാഹം കഴിഞ്ഞത്. നരിക്കാട്ടേരി എളാമ്പിലേശ്ശേരി ശങ്കരന്റെ മകൾ അനുശ്രീയാണ് സിജുവിന്റെ ഭാര്യ. രണ്ടര വയസ്സുള്ള നിയ ലക്ഷ്മി സിജുവിന്റെയും അനുശ്രീയുടെയും ഏകമകളാണ്. ചേലക്കാട് പൂശാരിമുക്കിൽ പുത്തൻപുരയിൽ നാണുവിന്റെയും ശാന്തയുടെയും മകനാണ്. സിന്ധുവും സജിയും സഹോദരങ്ങളാണ്. ഗുണ്ടൽപേട്ട ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്നലെ വൈകിട്ട് 4 മണിയോടെ വി പി മുക്കിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ നിരവധിയാളുകളാണെത്തിത്. ജില്ലാ പഞ്ചായത്ത് മെമ്പർ അഹമ്മദ് പുന്നക്കൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി വി കുഞ്ഞിക്കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മണ്ടോടി ബഷീർ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. ഇന്ന് കാലത്ത് 8 മണിക്ക് മൃതദേഹം സംസ്‌കരിച്ചു.