1984 ഒക്ടോബർ 31-നാണ് അംഗരക്ഷകരായിരുന്ന സത്‌വന്ത് സിങ്ങിന്റെയും ബിയാന്ത് സിങ്ങിന്റെയും വെടിയേറ്റ് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെടുന്നത്. തുടർന്ന് ഡൽഹിയിലും പരിസരപ്രദേശങ്ങളിലും സിഖുകാർക്കുനേരെ നടന്ന പകവീട്ടൽ ആയിരക്കണക്കിനാളുകളെയാണ് കാലപുരിക്കയച്ചത്. ഔദ്യോഗിക കണക്കുകൾ പ്രകാരം മൂന്നുദിവസം നീണ്ട സിഖ് വിരുദ്ധ കലാപത്തിൽ മരിച്ചത് 3325 പേരാണ്. എന്നാൽ. യഥാർഥ സംഖ്യ അതിലുമെത്രയോ അധികമാണ്.

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളനവധിയാണ്. ഇതിൽ അന്വേഷിക്കാതെ അവസാനിപ്പിച്ച 186 കേസുകളെക്കുറിച്ച് പുനരന്വേഷണം വേണമെന്ന ആവശ്യത്തിന്മേൽ പ്രത്യേക അന്വേഷണ കമ്മിഷനെ നിയമിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനമാണ് കലാപത്തെ വീണ്ടും വാർത്തകളിലെത്തിച്ചത്. ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി എസ്.എൻ.ധിൻഗ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് ഇതേക്കുറിച്ച് അന്വേഷിക്കുക. ഒരു മുൻ ഐഎഎസ് ഓഫീസറും ഇപ്പോൾ സർവീസിലുള്ള ഐപിഎസ് ഓഫീസറുംകൂടി അടങ്ങിയതാകും സമിതി.

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ നിജസ്ഥിതി അന്വേഷിക്കാൻ സുപ്രീം കോടതി മുൻ ജഡ്്ജിമാരായ ജെ.എം.പഞ്ചാൽ, കെ.എസ്‌പി. രാധാകൃഷ്ണൻ എന്നിവരടങ്ങിയ സമിതിയെ കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീം കോടതി നിയോഗിച്ചിരുന്നു. ഇതിന് മുമ്പ് നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മിഷൻ ഒട്ടേറെ കേസുകളിൽ മതിയായ അന്വേഷണം നടത്താതെ അവസാനിപ്പിച്ചുവെന്ന് ഈ സമിതി കണ്ടെത്തി. ഐപിഎസ് ഓഫീസറായ പ്രമോദ് അസ്താനയായിരുന്നു ആ കമ്മിഷനെ നയിച്ചത്.

കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയതിട്ടുള്ള കേസുകളുടെ എണ്ണം പോലെ വിപുലമാണ് ഇതന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മിഷനുകളുടെ എണ്ണവും. ജസ്റ്റിസ് ധിൻഗ്രയുടെ നേതൃത്വത്തിൽ വരുന്നത് 11-ാമത്തെ സമിതിയാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നടന്ന ഏറ്റവും പൈശാചികമായ വർഗീയ കലാപമാണ് സിഖുകാർക്കുനേരെയുണ്ടായത്. മൂന്നുദിവസം നീണ്ട കലാപത്തിൽ ഡൽഹിയിൽ മാത്രം 2733 പേർ കൊല്ലപ്പെട്ടു.

ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം നടന്ന കലാപത്തെക്കുറിച്ച് തൊട്ടടുത്ത വർഷം പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിയായിരുന്ന രംഗനാഥ് മിശ്രയുടെ നേതൃത്വത്തിലായിരുന്നു ആദ്യത്തെ അന്വേഷണം. ഇന്ദിരാ ഗാന്ധിയുടെ മരണത്തിലുണ്ടായ ദുഃഖത്തിലും ആശങ്കയിലുമുണ്ടായ സ്വാഭാവിക പ്രതികരണമായിരുന്നു കലാപത്തിലേക്ക് നയിച്ചതെന്ന് മിശ്ര കമ്മിഷൻ കണ്ടെത്തി. കോൺഗ്രസ് പാർട്ടിയോ അതിന്റെ നേതാക്കളോ കലാപത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും കമ്മിഷൻ കണ്ടെത്തിയിരുന്നു.

ചിത്രത്തിന് കടപ്പാട് : ഇന്ത്യൻ എക്സ്‌പ്രസ്