ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ സിക്ക് വംശജനും, കാർഡ്രൈവറുമായ ഹർകിത്ത് സിങ്ങിന് (25) നേരെ മദ്യപിച്ച് ലക്ക് കെട്ട് നാല് യാത്രക്കാർ വംശീയ ആക്രമണം നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.ഏപ്രിൽ 16 നായിരുന്നു സംഭവം.

'ടർബൻ ഡെ' യോടനുബന്ധിച്ച് ടൈം സ്‌ക്വയറിൽ നടന്ന ആഘോഷങ്ങൾക്ക് ശേഷം മണിക്കൂറുകൾക്കുള്ളിലാണ് സിങ്ങിന് നേരെ ആക്രമണമുണ്ടായത്. പൊലീസ് ഹെയ്റ്റ് ക്രൈമിന്റെ വിഭാഗത്തിൽ ഉൾപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്്.സൗത്ത് മാഡിസൺ ഗാർഡനിൽ നിന്നും ഒരു സ്ത്രീ ഉൾപ്പെടെ ഇരുപത് വയസ്സിനോടടുത്ത് പ്രായമുള്ള നാല് പേർ കാറിൽ കയറി.

ബ്രോൺസിലേക്ക് പോകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.യാത്രക്കിടയിൽ സിങ്ങ് തെറ്റായ ദിശയിലാണ് വാഹനം ഓടിക്കുന്നതെന്് പറഞ്ഞു തട്ടിക്കയറി. പല വഴിയിലേക്കും വാഹനം ഒഴിക്കാൻ ആവശ്യപ്പെട്ട ഇവർ 'അലിസാബ് ' എന്ന് വിളിക്കുകയും, കാറിനകത്ത് നാശനഷ്ടങ്ങൾ വരുത്തുന്നതിനും തുനിഞ്ഞതായി സിങ്ങ് പറഞ്ഞു. ഇതുവരെ ഓടിയ ചാർജ്ജ് നൽകണമെന്നും, മറ്റൊരു കാറ് വിളിച്ച് പോകണമെന്നും ഡ്രൈവർ ആവശ്യപ്പെട്ടതോടെ ഇവർ ആക്രമാസക്തരായി.

ടർബൻ വലിച്ച് മാറ്റുകയും, ശരീരത്തിൽ ശക്തമായി മർദ്ധനം നടത്തുകയും ചെയ്ത ഇവർ കാറിന്റെ മീറ്റർ തല്ലി തകർത്തു. ഇതിനിടെ 911 വിളിച്ച് പൊലീസ് എത്തിച്ചേർന്നതോടെ കാറിൽ നിന്നും ഇറങ്ങി നാല് പേരും ഓടി രക്ഷപ്പെട്ടു.പൊലീസ് എത്തിയില്ലായിരുന്നെങ്കിൽ അവർ എന്നെ കൊല്ലുമായിരുന്നു. കരഞ്ഞുകൊണ്ട് സിങ്ങ് പറഞ്ഞു. സംഭവത്തിൽ സിങ്ങ് കൾച്ചറൽ സൊസൈറ്റി ഹർപ്രീത് സിങ്ങ് ഉത്കണ്ഠ രേഖപ്പെടുത്തി. സിക്ക്- മുസ്ലിം വിഭാഗങ്ങൾക്കെതിരെ നടക്കുന്ന വംശീയ ആക്രമണം അമർച്ച ചെയ്യുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.