ടൊറന്റോ: വരും മാസങ്ങളിൽ അഭയം തേടി കാനഡയിലെത്തുന്ന സിറിയൻ അഭയാർഥികൾക്ക് എല്ലാവിധ പിന്തുണയുമായി കാനഡയിലെ സിക്ക് സമൂഹം. അഭയർഥികളായി എത്തുന്ന സിറിയക്കാർക്ക് താമസം, ഭക്ഷണം, വസ്ത്രം, കുട്ടികൾക്ക് സ്‌കൂൾ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് വാൻകൂർ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ സ്ഥലങ്ങളിലെ സിക്ക് സമൂഹം മുന്നിട്ടു വന്നിരിക്കുന്നത്.

വരും മാസങ്ങളിൽ ഏതാണ്ട് 25,000 ഓളം സിറിയൻ അഭയാർഥികൾ രാജ്യത്ത് എത്തുമെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്.  ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്ന് നാടുവിട്ട് വിവിധ രാജ്യങ്ങളിൽ കുടിയേറുന്ന സിറിയക്കാർക്ക് തങ്ങളാൽ ആവുന്ന വിധത്തിൽ സഹായങ്ങളാണ് സിക്ക് സമൂഹം വാഗ്ദാനം ചെയ്തിരിക്കുന്നത്. ആയിരം കുട്ടികൾക്ക് ഒരു വർഷത്തേക്ക് ഖൽസ സ്‌കൂളിൽ സൗജന്യ വിദ്യാഭ്യാസം, രണ്ടായിരത്തോളം അഭയാർഥികൾക്ക് വിവിധ ഗുരുദ്വാരകളിൽ നിന്നായി സൗജന്യ ഭക്ഷണം, വസ്ത്രം, കമ്പിളിപ്പുതപ്പുകൾ, കൂടാതെ യാത്രാ സൗകര്യം, മെഡിക്കൽ സേവനങ്ങൾ എന്നിവയും സിക്ക് സമൂഹം വാഗ്ദാനം ചെയ്യുന്നുണ്ട്.

സറേയിലുള്ള ഖൽസ സ്‌കൂളും സിറിയൻ അഭയാർഥി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാമെന്ന് ഏറ്റിട്ടുണ്ട്. പുതുവർഷത്തോടെ 25,000ഓളം അഭയാർഥികൾക്ക് അഭയം നൽകാമെന്ന് ഫെഡറൽ സർക്കാരും തത്വത്തിൽ അംഗീകരിച്ചിട്ടുള്ളതാണ്.