കാനേഡിയൻ ക്ലബിൽ തലപ്പാവ് ധരിച്ചെത്തിയ ഇന്ത്യക്കാരാന് വംശീയാധിക്ഷേപം ഉണ്ടായതായി ആരോപണം. ക്ലബിൽ തലപ്പാവ് ധരിച്ചെത്തിയസിഖുകാരനോട് തലപ്പാവ് ഊരിമാറ്റാൻ ആവശ്യപ്പെട്ടതായി ആരോപണം. തലപ്പാവ് ധരിച്ചതിന്റെ പേരിൽ തനിക്ക് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നതായി ജസീന്ദർ സിങ് ധലൈവാൽ എന്ന യുവാവാണ് പരാതി ഉന്നയിച്ചത്.

റോയൽ കനേഡിയൻ ലീജിയൺ എന്ന എക്സ്സർവീസ് സംഘടനയുടെ ക്ലബ്ബിൽ സുഹൃത്തുക്കൾക്കൊപ്പം ഇരുന്നപ്പോഴാണ് തലപ്പാവ് ഊരിമാറ്റാൻ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടത്. മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് എത്തിയ യുവതി അദ്ദേഹത്തോട് രൂക്ഷമായി പെരുമാറുകയുെ വംശീയ അധിക്ഷേപം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം ഉയരുന്നത്.

ക്ലബ്ബിലെ നിയമം അനുസരിച്ച് അറുപത് വയസുകഴിഞ്ഞവർക്കേ തൊപ്പി ധരിക്കാൻ അനുവാദമുള്ളൂ. ഊരിമാറ്റാത്ത പക്ഷം തലപ്പാവ് തട്ടിത്തെറിപ്പിക്കുമെന്ന ഭീഷണിയും യുവതിയിൽ നിന്നുണ്ടായി. അതേസമയം മതപരമായ വസ്ത്രങ്ങളെ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ജസീന്ദർ പറഞ്ഞു. സംഭവം ആരോ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചതോടെ വിവാദമായിരിക്കുകയാണ്. ജസീന്ദറിനോട് മാപ്പ് പറയുമെന്ന് ക്ലബ്ബ് നടത്തിപ്പുകാർ വ്യക്തമാക്കിയിട്ടുണ്ട്.