- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻകൂട്ടി ആസൂത്രണം ചെയ്ത് ഭാര്യയെ നിഷ്ഠൂരമായി കൊന്ന പ്രതിയെ ജാമ്യത്തിൽ വിട്ട് സ്വതന്ത്രനാക്കിയാൽ തെളിവുകൾ നശിപ്പിക്കും; കൃത്യസമയം പ്രതികരിക്കാൻ പറ്റാത്ത ഇരയായിരുന്നു ശിഖ; കാരക്കോണത്ത് 51 കാരിയായ ശിഖയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ 28 കാരനായ ഭർത്താവ് അരുണിന് ജാമ്യമില്ല
തിരുവനന്തപുരം: സ്വത്ത് തട്ടിയെടുത്ത് മറ്റൊരു വിവാഹം കഴിക്കാനായി 51 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 28 കാരനായ ഭർത്താവ് അരുണിന് ജാമ്യമില്ല. കാരക്കോണം ത്രേസ്യാ പുരം സ്വദേശിയും ഭാര്യ ശിഖാ കുമാരിയെ കൊലപ്പെടുത്തിയ കേസിൽ റിമാന്റിൽ കഴിയുന്നയാളുമായ ഭർത്താവ് അരുണിന് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ബാബുവാണ് ജാമ്യം നിഷേധിച്ചത്.
മുൻകൂട്ടി ആസൂത്രണം ചെയ്ത് സ്വന്തം ഭാര്യയെ നിഷ്ഠൂര പാതകം ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ട് സ്വതന്ത്രനാക്കിയാൽ തെളിവുകൾ നശിപ്പിക്കുമെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും ആദ്യ സാക്ഷി മൊഴികൾ തിരുത്തിച്ച് വിചാരണയിൽ കൂറുമാറ്റി പ്രതിഭാഗം ചേർക്കുമെന്നും കോടതി നിരീക്ഷിച്ചു. പൈശാചികമായും മൃഗീയമായും കൃത്യം നടപ്പിലാക്കിയ പ്രതിയെ അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ ജാമ്യത്തിൽ വിട്ടയച്ചാൽ സുഗമമായ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും.
കൃത്യസമയം പ്രതികരിക്കാൻ പറ്റാത്ത നിലയിൽ നിസ്സഹായവസ്ഥയിലുള്ള ഇരയായിരുന്നു ഭാര്യയെന്ന് കേസ് ഡയറി പരിശോധിച്ച കോടതി വിലയിരുത്തി. ഭവിഷ്യത്തായ ശിക്ഷ ഭയന്ന് പ്രതി ഒളിവിൽ പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അപ്രകാരം സംഭവിച്ചാൽ വിചാരണ ചെയ്യാൻ പ്രതിയെ പ്രതിക്കൂട്ടിൽ ലഭ്യമാകാത്ത സ്ഥിതിവിശേഷം സംജാതമാകുമെന്നും ജില്ലാ ജഡ്ജി കെ.ബാബു ജാമ്യം നിരസിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടി.
2020 ഡിസംബറിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ക്രിസ്മസ് ആഘോഷത്തിന് വാങ്ങിയ ഇലക്ട്രിക് വയറുകളിലൂടെ ഷോക്കടിപ്പിച്ചും മരണം ഉറപ്പാക്കാൻ തലയിണ വച്ച് ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രായക്കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ചതിന് സുഹൃത്തുക്കൾ കളിയാക്കതിലും സ്വത്ത് തട്ടിയെടുക്കൽ ലക്ഷ്യം വച്ചും കൊല നടത്തിയെന്നാണ് ആരോപണം. സംഭവത്തിന് 2 മാസം മുമ്പാണ് പ്രണയ വിവാഹം പള്ളിയിൽ വച്ച് ജാതി മതാചാരപ്രകാരം ബന്ധുമിത്രാദികളുടെ സാന്നിധ്യത്തിൽ നടന്നത്.
ഇരുവരുടെയും ആദ്യ വിവാഹമായിരുന്നു. ആശുപത്രിയിൽ മൊട്ടിട്ട പ്രണയം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. രണ്ടു മാസം മാത്രം നീണ്ട ദാമ്പത്യ ബന്ധം കൊലപാതകത്തിലാണ് അവസാനിച്ചത്. ബ്യൂട്ടി പാർലർ നടത്തിയിരുന്ന ശിഖാ കുമാരി ധാരാളം സ്വത്തിന്റെ ഉടമയാണ്. പള്ളിയിലെ വിവാഹ ശേഷം വിവാഹ സർട്ടിഫിക്കറ്റിനായി പഞ്ചായത്തിൽ വിവാഹം രജിസ്ട്രേഷൻ ചെയ്യാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കവേ അരുൺ അതിനെ എതിർത്ത് നാൾ നീട്ടി വന്നു. തുടർന്ന് കരുതിക്കൂട്ടി ആസൂത്രണം ചെയ്ത് ശിഖയെ കൊലപ്പെടുത്തുകയായിരുന്നു.
അരുൺ തന്നെയാണ് കാലത്ത് അയൽ വീട്ടിൽ ചെന്ന് ഭാര്യ ഷോക്കടിച്ച് ബോധരഹിതയായി കിടക്കുകയാണെന്ന വിവരം അറിയിച്ചത്. അയൽക്കാർ വന്നു നോക്കിയപ്പോൾ കമഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതശരീരം കാണപ്പെട്ടത്. വെള്ളറട പൊലീസ് സ്ഥലത്തെത്തിയപ്പോൾ അരുൺ ആദ്യം പറഞ്ഞത് ഭാര്യ കാലത്ത് എണീറ്റു വന്നപ്പോൾ ഹാൾ മുറിയിൽ ക്രിസ്മസ് ആഘോഷത്തിനിട്ടിരുന്ന വയറിൽ തട്ടി ഇലക്ട്രിക് ഷോക്കടിച്ചതാണെന്നായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മനസ്സാക്ഷി മരവിപ്പിക്കുന്ന അരുംകൊലയുടെ ചുരുളഴിഞ്ഞത്. വിവാഹം വേണ്ടായെന്ന് കരുതി ജീവിച്ച സ്ത്രീയെ തന്ത്രപൂവ്വം കെണിയിൽ പെടുത്തുകയായിരുന്നുവെന്ന ആരോപണം സ്ഥലവാസികൾ ഉന്നയിക്കുന്നുണ്ട്.
മറുനാടന് ഡെസ്ക്