തിരുവനന്തപുരം: സൈലന്റ് വാലി നാഷണൽ പാർക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ silentvalley.gov.in ഫിലിപ്പീൻസ് ഹാക്കർമാർ തകർത്തു. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും വെബ്‌സൈറ്റ് റീസ്റ്റോർ ചെയ്യാത്തത് ശ്രദ്ധയിൽപ്പെട്ട കേരളാ സൈബർ വാരിയേഴ്‌സ് ടീം വെബ്‌സൈറ്റ് സാധാരണ നിലയിലാക്കി. വെബ് സൈറ്റ് ഫിലിപ്പീൻസ് ഹാക്കർമാർ തകർത്തതറിഞ്ഞ് വിവരങ്ങൾ ശേഖരിക്കാൻ മറുനാടൻ മലയാളി ബന്ധപ്പെട്ടപ്പോഴാണ് സൈറ്റ് ഹാക്ക് ചെയ്ത വിവരം അധികൃതർ അറിയുന്നത്.

കേരളാ സൈബർ വാരിയേഴ്‌സിന്റെ ഒഫിഷ്യൽ ഗ്രൂപ്പിൽ ഇന്ന് രാവിലെയാണ് സൈലന്റ് വാലി നാഷണൽ പാർക്കിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിവരം ഗ്രൂപ്പ് മെമ്പേഴ്‌സിൽ ഒരാൾ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട സൈബർ വാരിയേഴ്‌സ് അഡ്‌മിൻ മിത്രനും രാജുമോനും (പേരുകൾ യഥാർത്ഥമല്ല) വെബ് സൈറ്റ് പരിശോധിച്ചു.

'അഡ്‌മിൻ ശ്രദ്ധിക്കുക നിങ്ങളുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. സെക്യൂരിറ്റി പാച്ച് ചെയ്യുക' എന്ന മെസ്സേജാണ് 'മജീഷ്യൻ ഹാക്ക് വിസിറ്റ് ഫിലിപ്പീൻസ്' എന്ന പേരിൽ പോസ്റ്റർ പ്രദർശിപ്പിച്ചിരിക്കുന്നത്. മണിക്കൂറുകൾ പിന്നിട്ടിട്ടും സർക്കാർ ഏജൻസികൾ ഇത് ശ്രദ്ധിക്കുന്നില്ല എന്ന് ഇരുവരും മനസ്സിലാക്കി. സൈറ്റ് ഈ നില തുടർന്നാൽ പാക്കിസ്ഥാൻ ഹാക്കേഴ്‌സ് ഇത് ശ്രദ്ധിച്ച് സെർവറിൽ കയറി ബാക്കിയുള്ള പ്രധാന സൈറ്റുകളും നശിപ്പിക്കും.

ഇത് മൂലം ഇവർ ഏറെ പണിപ്പെട്ട് സൈറ്റ് റെസ്റ്റോർ ചെയ്തു. ഫിലിപ്പീൻസുകാർ ഹാക്ക് ചെയ്‌തെന്നും തങ്ങൾ സൈറ്റ് റീസ്റ്റോർ ചെയ്‌തെന്നും എത്രയും വേഗം സെക്യൂരിറ്റി പാച്ച് ചെയ്യാനും വെബ്‌സൈറ്റിന് ഇടത് ഭാഗത്ത് സൈബർ വാരിയേഴ്‌സ് മുന്നറിയിപ്പ് പ്രദർശ്ശിപ്പിച്ചിട്ടുണ്ട്. കൂടാതെ ടെക്‌നിക്കൽ സഹായത്തിന് സൈബർ വാരിയേഴ്‌സ് ടീമിനെ ബന്ധപ്പെടാനും നിർദ്ദേശിച്ചിട്ടുണ്ട്.

മുൻപ് പല തവണ ഈ സെർവർ പാക്കിസ്ഥാൻ ഹാക്കേഴ്‌സ് തകർത്തിട്ടുള്ളതാണ്. എന്നിട്ടും അഡ്‌മിൻ പാനലിൽ അധികൃതർ യാതൊരു സെക്യൂരിറ്റി സംവിധാനവും ചെയ്തിട്ടില്ല. പാക്കിസ്ഥാനിലുള്ള ഡി ഗ്രേഡ് വെബ് സൈറ്റിനു പോലും മികച്ച
സുരക്ഷയുള്ളപ്പോൾ ഇന്ത്യയിലെ എ ഗ്രേഡ് വെബ് സൈറ്റായ ഇതിന് യാതൊരു സുരക്ഷയുമില്ല. ഈ വെബ്‌സൈറ്റിന്റെ സെർവറിൽ തെന്മല ഇക്കോ ടൂറിസം, എൻ.സി.ഇ.ആർ.സി, ദേവഗിരി കോളേജ്, വിക്ടോറിയ കോളേജ് തുടങ്ങിയ നിരവധി പ്രമുഖ വെബ്‌സൈറ്റുകളുണ്ടായിട്ടും യാതൊരു സുരക്ഷയും ഇവർ ഒരുക്കിയിട്ടില്ല. അഡൻ പാനൽ ബൈപാസ് ചെയ്താൽ കൊച്ചു കുട്ടികൾക്ക് പോലും സെർവർ ഹാക്ക് ചെയ്യാം.

ഇന്ത്യൻ വെബ് സൈറ്റ് മറ്റൊരു രാജ്യം ഹാക്ക് ചെയ്താൽ തിരിച്ചവരുടെ സൈറ്റുകൾ ഹാക്ക് ചെയ്യുന്ന രീതിയാണ് സൈബർ വാരിയേഴ്‌സിന്റെത്. എന്നാൽ സെക്യൂരിറ്റി പ്രോബ്ലം കാണിച്ചു തന്നത് മാത്രമായതിനാൽ മറ്റൊന്നിനും പോകുന്നില്ലെന്ന് അഡ്‌മിൻ മിത്രൻ മറുനാടനോട് പറഞ്ഞു. അതേ സമയം നിരവധി ഡേറ്റകളുള്ള സൈറ്റ് ഹാക്ക് ചെയ്ത വിവരം അറിഞ്ഞില്ലെന്ന് സൈലന്റ് വാലി സി.എഫ്.ഒ ശിൽപാ വി.ശിവകുമാർ മറുനാടനോട് പറഞ്ഞു.