ന്യുഡൽഹി: ആഗോളതലത്തിൽ ജനപ്രിയ നിക്ഷേപ പദ്ധതിയായ സിൽവർ ഇടിഎഫ് രാജ്യത്തും നടപ്പാക്കാൻ തീരുമാനം.ഇതേക്കുറിച്ച് പഠിക്കാൻ സെബി നിയമിച്ച മ്യൂച്വൽ ഫണ്ട് അഡൈ്വസറി സമിതി പരീക്ഷണാടിസ്ഥാനത്തിൽ ഇടിഎഫ് തുടങ്ങാൻ ശുപാർശ ചെയ്തു.തുടർന്ന് ഗോൾഡ് ഇടിഎഫിനെപ്പോലെ സിൽവർ ഇടിഎഫും രാജ്യത്ത് ഉടനെ അവതരിപ്പിക്കാനാണ് തീരുമാനം.

നിലവിൽ വെള്ളിയിൽ നിക്ഷേപിക്കുന്നതിന് കമ്മോദിറ്റി വിപണിയാണുള്ളത്. വെള്ളി വാങ്ങി സൂക്ഷിക്കാനും അവസരമുണ്ട്. എന്നാൽ പേപ്പർ രൂപത്തിൽ ചെറിയതുകയായിപോലും നിക്ഷേപം നടത്താനുള്ള സാധ്യത ഇടിഎഫിലൂടെ നിക്ഷേപകർക്ക് ലഭിക്കും.അന്തിമ അനുമതി ലഭിച്ചാൽ മ്യൂച്വൽ ഫണ്ട് ഹൗസുകൾക്ക് വെള്ളിയിൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്)തുടങ്ങാം. ചുരങ്ങിയ ചെലവിൽ വെള്ളിയിൽ നിക്ഷേപിക്കാനുള്ള അവസരമാണ് ഇടിഎഫിലൂടെ ലഭിക്കുക.

ഗോൾഡ് ഇടിഎഫിനേക്കാൾ സിൽവർ ഇടിഎഫിനാണ് ആഗോളതലത്തിൽ ഡിമാൻഡുള്ളത്. പത്തുവർഷംമുമ്പ് ചൈനയിൽ സിൽവർ ഇടിഎഫ് ആരംഭിച്ചപ്പോൾതന്നെ ജനീകീയ നിക്ഷേപപദ്ധതിയായി മാറിക്കഴിഞ്ഞിരുന്നു.