- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിഘോഷിക്കുന്ന അതിവേഗ റെയിൽപാതയ്ക്കായി പാരിസ്ഥിതിക അനുമതി പോലും തേടിയിട്ടില്ല; നടക്കുന്നത് കൺസൾട്ടൻസി ധൂർത്തെന്ന സംശയം ശക്തം; സിൽവർ ലൈനിലെ ചെലവെല്ലാം വെറുതെയാകുമോ? പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയിൽ സംശയം തുടരുമ്പോൾ
ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ അതിവേഗ റെയിൽപാത പദ്ധതിയായ സിൽവർ ലൈനിൽ എല്ലാം പൂർത്തിയായെന്ന് സർക്കാർ പറയുന്നു. എന്നാൽ അങ്ങനെ അല്ല കാര്യമെന്ന് കേന്ദ്രവും. ഈ പദ്ധതിക്ക് വേണ്ടി കേരളം പരിസ്ഥിതി അനുമതി പോലും തേടിയിട്ടില്ല. പരിസ്ഥിതി അനുമതി പോലും തേടാതെയാണ് ഈ പദ്ധതിയിലെ തള്ളുകൾ എന്നതാണ് വസ്തുത. ഈ പദ്ധതി വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും വിലയിരുത്തുന്നു.
ലോക്സഭയിൽ കേന്ദ്രസർക്കാരാണ് പാരിസ്ഥിതിക അനുമതി തേടിയില്ലെന്ന് വ്യക്തമാക്കുന്നത്. എ.കെ രാഘവൻ, അടൂർ പ്രകാശ് എന്നിവരുടെ ചോദ്യത്തിനാണു കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെ മറുപടി. വൻകിട പദ്ധതികൾക്ക് പരിസ്ഥിതി അനുമതി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
സിൽവർ ലൈൻ അതിവേഗ തീവണ്ടിപ്പാതയ്ക്ക് 10 ഇടങ്ങളിൽ സ്റ്റേഷൻ പണിയാനുള്ള രൂപകൽപ്പന തയ്യാറാക്കാൻ ടെണ്ടർ ക്ഷണിച്ചു. ഭൂമിശാസ്ത്രപരമായ പഠനം നടത്താനുള്ള ടെണ്ടറും ഇതിനൊപ്പം ക്ഷണിച്ചിട്ടുണ്ട്. കൺസൾട്ടൻസി ഇനത്തിൽ കോടികളാണ് ഇതിനെല്ലാമായി ചെലവഴിക്കുന്നത്.
പദ്ധതിക്ക് റെയിൽവേ ബോർഡ് അംഗീകാരം കിട്ടും മുമ്പാണിത്. കേരള വികസനത്തിൽ വലിയ കാൽവെപ്പായി സംസ്ഥാനം കണക്കാക്കുന്ന സിൽവർ ലൈൻ പദ്ധതിയുമായി ശക്തമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഘട്ടംഘട്ടമായി നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഷനുകളുടെ രൂപകൽപ്പനയ്ക്ക് ടെണ്ടർ വിളിച്ചതെന്നാണ് കേരള റെയിൽ െഡവലപ്മെന്റ് കോർപ്പറേഷൻ പറയുന്നത്. പാരിസ്ഥിതിക അനുമതി കിട്ടിയ ശേഷം മാത്രം പോരെ ഇത്തരം ചെലവാക്കലുകൾ എന്ന ചോദ്യവും ഈ ഘട്ടത്തിൽ ഉയരുന്നുണ്ട്.
സിൽവർ ലൈനിന്റെ പരിസ്ഥിതി, സാമൂഹിക ആഘാതങ്ങൾ പഠിക്കാനും പുനരധിവാസ പ്ലാൻ തയാറാക്കാനും സംസ്ഥാനം ജൂണിൽ നടപടി തുടങ്ങിയിരുന്നു. ഇതിനുള്ള ഏജൻസിയെ കണ്ടെത്താൻ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ അന്ന് ടെൻഡറും ക്ഷണിച്ചു. പരിസ്ഥിതി ആഘാതത്തിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി മാനേജ്മെന്റ് പ്ലാൻ, സാമൂഹികാഘാതത്തിന്റെ അടിസ്ഥാനത്തിൽ ഇൻഡിജീനസ് പീപ്പിൾ പ്ലാൻ എന്നിവയും തയാറാക്കാനാണ് പദ്ധതി.
സിൽവർ ലൈൻ അതിവേഗ റെയിൽപ്പാതയുടെ നിർമ്മാണത്തിൽ യാതൊരു അധികബാധ്യതയും കേന്ദ്രം വഹിക്കില്ലെന്ന് നീതി ആയോഗ് വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിച്ച നീതി ആയോഗ് റെയിൽ മന്ത്രാലയത്തിന്റെ വിഹിതമായി പറഞ്ഞിട്ടുള്ള 2150 കോടി രൂപയിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടെന്നും അറിയിച്ചിട്ടുണ്ട്. അധികപണം കണ്ടെത്തലും കടംവീട്ടലും പൂർണമായും സംസ്ഥാനത്തിന്റെ ചുമതലയിൽ ആണെന്നാണ് നീതി ആയോഗ് അറിയിച്ചത്. ഇതെല്ലാം വലിയ പ്രതിസന്ധിയായി മാറും. രണ്ട് വ്യവസ്ഥകൾ നീതി ആയോഗ് മുന്നോട്ട് വെച്ചു. കേന്ദ്ര ബജറ്റ് വിഹിതത്തിൽ നിന്ന് പിന്നീട് പദ്ധതിക്ക് പണം കിട്ടില്ലെന്നതാണ് ഒന്ന്. അധികച്ചെലവിന് സംസ്ഥാനം കടമെടുത്താൽ വരുന്ന പലിശ, മറ്റ് ബാധ്യതകൾ എന്നിവ സ്വയം വഹിക്കണമെന്നതാണ് മറ്റൊരു നിലപാട്. ഇതിനും ഭാവിയിൽ സഹായം ഉണ്ടാവില്ല.
റെയിൽവേയും സംസ്ഥാന സർക്കാരിന്റെ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷനും സംസ്ഥാന സർക്കാരും ചേർന്നുള്ള പദ്ധതിയിൽ റെയിൽവേ ബോർഡ് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. നിലവിൽ ഉള്ളതിൽ അധികം സാമ്പത്തിക സഹായം ഉണ്ടാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. 529.45 കിലോമീറ്റർ പാതയ്ക്ക് 63,941 കോടിയാണ് കേരളം പ്രതീക്ഷിക്കുന്ന ചെലവ്. പക്ഷേ പദ്ധതിച്ചെലവ് 1.26 ലക്ഷം കോടിയെങ്കിലും വന്നേക്കാമെന്ന് കേന്ദ്ര ധനമന്ത്രാലയം സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ റെയിൽ െഡവലപ്മെന്റ് കോർപ്പറേഷൻ ആത്മവിശ്വാസത്തിലാണ്. കിലോമീറ്ററിന് 120 കോടി മതിയാകുമെന്ന് അവർ വിലയിരുത്തി. രാജ്യത്തെ മറ്റിടങ്ങളിൽ കിലോമീറ്ററിന് 80 കോടിവരെ മാത്രമേ വേണ്ടിവന്നുള്ളൂ.
അതേസമയം റെയിൽ മന്ത്രാലയം ആദ്യം വഹിക്കുമെന്ന് പറഞ്ഞ 7720 കോടിയിൽ നിന്ന് പിന്നാക്കംപോയി 2150 കോടിയായി വിഹിതം കുറച്ചതിലൂടെ കേരളത്തിന്റെ ബാധ്യത ഏറുകയാണെന്നാണ് വിലയിരുത്തലും. എന്നാൽ നാല് മണിക്കൂർകൊണ്ട് തിരുവനന്തപുരം-കാസർകോട് യാത്ര കേരളത്തിന്റെ വികസനചരിത്രത്തിൽ നേട്ടമാകുമെന്നാണ് സംസ്ഥാനം വിലയിരുത്തുന്നത്. പ്രധാനമന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി മുന്നോട്ടുവെച്ച പദ്ധതികളിൽ സിൽവർ ലൈനും ഉണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ