തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന്റെ ഗതി സർക്കാരിന് മുമ്പിലുണ്ട്. സാധ്യതാ പഠനം നടത്തി ഖജനാവ് ഏറെ കൊള്ളയടിച്ച ശബരിമല വിമാനത്താവള പദ്ധതിയുടെ ഗതി സിൽവർലൈൻ വേഗ റെയിൽപാതയ്ക്കും വരുമോ ഇതാണ് ഉയരുന്ന ചോദ്യം. ഇതൊന്നും വകവയ്ക്കാതെ കേരളത്തെ വെട്ടിമുറിക്കുമെന്ന് പ്രതിപക്ഷം ആരോപിക്കുന്ന പദ്ധതിയുമായി പിണറായി സർക്കാർ മുമ്പോട്ട് പോകും.

അതിനിടെ സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ വേഗറെയിൽ പദ്ധതി കേരളത്തിലെ വലിയ പരിസ്ഥിതി ദുരന്തമായി മാറുമെന്നു പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ വ്യക്തമാക്കി കഴിഞ്ഞു. കേരള സുസ്ഥിര വികസന സമിതി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന പദ്ധതികളുടെ പേരിലുള്ള അനധികൃത ഖനനമാണു കൂട്ടിക്കലിൽ ഉണ്ടായ പോലുള്ള ഉരുൾപൊട്ടലിന് ഇടയാക്കുന്നത്. തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾക്കു നൽകാൻ പോലും പണമില്ലാത്ത രാജ്യത്ത് പരിസ്ഥിതി നശിപ്പിച്ചു കൊണ്ടുള്ള ദേശീയപാതകളും റെയിൽപ്പാളങ്ങളും നിർമ്മിക്കാൻ ഏറെ പണമുണ്ടെന്നും ഗാഡ്ഗിൽ പറഞ്ഞു. ഇതൊന്നും കേൾക്കാതെയാണ് കേരളത്തിന്റെ മുമ്പോട്ട് പോക്ക്.

അതിവേഗ റയിലിൽ സാമൂഹികാഘാത പഠനവുമായി കുതിക്കാനാണ് പിണറായിയുടെ തീരുമാനം. വിദേശ വായ്പയ്ക്കുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ തയാറാണെന്നു കേന്ദ്ര സർക്കാരിനെ അറിയിച്ചതോടെ പദ്ധതിക്ക് അനുമതി കിട്ടുമെന്ന കണക്കുകൂട്ടലിലാണു തുടർനടപടികൾ. പ്രതിപക്ഷത്തിന്റെയും പരിസ്ഥിതി പ്രവർത്തകരുടെയും എതിർപ്പും പ്രാദേശിക പ്രതിഷേധങ്ങളും അവഗണിച്ചാണു സർക്കാർ മുന്നോട്ടുപോകുന്നത്. ഇതിനൊപ്പം കേരളത്തിന്റെ കടക്കെണിയും കൂടും. ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും എതിർത്ത പദ്ധതിയാണ് സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്നത്.

പാത കടന്നുപോകുന്ന 11 ജില്ലകളിൽ സാമൂഹികാഘാത പഠനത്തിന് ഏജൻസികൾക്കായി കലക്ടർമാർ ടെൻഡർ വിളിച്ചു. ഒരു മാസത്തിനകം ഏജൻസികളെ നിശ്ചയിച്ചു റവന്യു വകുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും. 3 മാസത്തിനകം സർവേ പൂർത്തിയാക്കണമെന്നാണു നിർദ്ദേശം. പാത കടന്നുപോകുന്ന മേഖലകളിൽ സാമൂഹികാഘാത പഠനത്തിനു മുന്നോടിയായി അതിര് രേഖപ്പെടുത്താൻ കല്ലിടൽ തുടങ്ങി. അങ്ങനെ അതിവേഗം നടപടികൾ പുരോഗമിക്കുകയാണ്.

ഭൂമി ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കാനുള്ള മാർഗങ്ങൾ എന്നിവയാണു സാമൂഹികാഘാത പഠനത്തിൽ ഉൾപ്പെടുന്നത്. 64,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 33,700 കോടി രൂപയാണു വിദേശ വായ്പ. കേന്ദ്രാനുമതി ലഭിച്ചാൽ വിദേശ ഏജൻസികളുമായി കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ (കെറെയിൽ) ചർച്ച തുടങ്ങും.

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിലാണ് സാമ്പത്തിക ബാധ്യത സംസ്ഥാനം ഏറ്റെടുത്താൽ അനുമതി നൽകാമെന്ന ഉറപ്പ് ലഭിച്ചത്. രേഖാമൂലം സമ്മതം നൽകിയതോടെ റെയിൽവേ ബോർഡിന്റെയും കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെയും അനുമതി ഉടൻ ലഭിക്കുമെന്നാണു പ്രതീക്ഷ. അടുത്തയാഴ്ച റെയിൽവേ ബോർഡ് ചെയർമാനുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തും.