- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മുകൾ നിലയിൽ രണ്ടു മുറി കെട്ടാൻ അനുമതിക്ക് അപേക്ഷ നൽകി; വില്ലേജിൽ നിന്ന് കൈവശാവകാശ രേഖ വാങ്ങിയപ്പോൾ അതിൽ പറയുന്നു കെ റെയിൽ അലൈന്മെന്റ് പ്രദേശമെന്ന്; കെട്ടിട നിർമ്മാണത്തിന് പിന്നെ അനുമതിയുമില്ല; സിൽവർലൈനിൽ ജനങ്ങളെ വലയ്ക്കുന്നത് തുടരുന്നു; തൃശൂർ കോർപ്പറേഷനിൽ കയറിയിറങ്ങുന്ന കുടുംബത്തിന്റെ കഥ
തൃശൂർ: സിൽവർലൈനിൽ അനുമതിയില്ലെന്ന് കേന്ദ്രം പറയുന്നു. പക്ഷേ അതിന്റെ പേരിൽ പൊതു ജനങ്ങൾക്കുള്ള കഷ്ടത മാറുന്നില്ല. സിൽവർലൈൻ പദ്ധതി മേഖലയെന്നു ചൂണ്ടിക്കാട്ടി വീടിന്റെ നിർമ്മാണത്തിനു പെർമിറ്റ് നിഷേധിച്ചു കോർപറേഷൻ തൃശൂർ കോർപ്പറേഷൻ പുതിയ ചർച്ചയ്ക്ക് തുടക്കമിടുകയാണ്.
വീടിരിക്കുന്ന സ്ഥലത്തുനിന്നു 100 മീറ്ററിലേറെ ദൂരത്തു കൂടിയാണു നിർദിഷ്ട പദ്ധതിയുടെ അലൈന്മെന്റ് കടന്നുപോകുന്നത്. എന്നിട്ടും അനുമതികൾ കിട്ടുന്നില്ലെന്നാണ് ഉയരുന്ന പരാതി. ഈ കുടുംബം ഓഫിസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് ഒരുമാസം പിന്നിടുന്നു. വില്ലേജ് ഓഫിസിൽ നിന്നു നൽകിയ കൈവശാവകാശ രേഖയിലും രേഖപ്പെടുത്തിയിട്ടുള്ളത് സിൽവർലൈൻ പദ്ധതി മേഖലയെന്നു തന്നെ. ഇതോടെ ഈ കുടുംബം അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലായി. ഇതെല്ലാം സർക്കാർ മുമ്പ് നൽകിയ ഉറപ്പുകൾക്ക് എതിരാണ്.
പദ്ധതിയുടെ സാമൂഹികാഘാത പഠനം പോലും പൂർത്തിയാക്കാനായിട്ടില്ലെങ്കിലും വീടിനു പെർമിറ്റ് നൽകാനാകില്ലെന്ന കടുംപിടിത്തം തുടരുകയാണ്. ഇതിന് പിന്നിലെ കാരണം ആർക്കും വ്യക്തമല്ല. വടൂക്കര എസ്എൻ നഗർ തെക്കേക്കരയിൽ അനീഷ് വർഗീസാണു തന്റെ വീടിന്റെ മുകൾനിലയിൽ 2 മുറി കൂട്ടിച്ചേർക്കാനായി പെർമിറ്റിന് അപേക്ഷിച്ചത്. പെർമിറ്റിന് അപേക്ഷിക്കാൻ കൈവശാവകാശ സർട്ടിഫിക്കറ്റ് വേണമെന്നതിനാൽ വില്ലേജ് ഓഫിസിനെ സമീപിച്ചു.
അനീഷിന്റെ ഭൂമി സിൽവർ ലൈൻ പദ്ധതിമേഖലയിലാണെന്ന കുറിപ്പോടെയാണു വില്ലേജ് അധികൃതർ സർട്ടിഫിക്കറ്റ് നൽകിയത്. സിൽവർലൈൻ അലൈന്മെന്റ് കടന്നുപോകുന്നത് 100 മീറ്റർ അകലെക്കൂടിയാണെന്നതാണ് വസ്തുത. ഭൂമിക്കു കരമടയ്ക്കാൻ സിൽവർലൈൻ തടസ്സമായതുമില്ല. ജൂൺ അവസാനത്തോടെയാണു പെർമിറ്റിനുവേണ്ടി കോർപറേഷൻ കൂർക്കഞ്ചേരി സോണൽ അസി. എൻജിനീയർക്ക് അപേക്ഷ നൽകിയത്.
സിൽവർലൈൻ മേഖലയിൽപ്പെടുന്നതിനാൽ പെർമിറ്റ് നൽകാൻ കഴിയില്ലെന്നു ജൂലൈ ഒന്നിനു രേഖാമൂലം മറുപടി ലഭിച്ചു. ഇതിനെതിരെ പരാതിയുമായി കോർപറേഷനിൽ എത്തിയപ്പോൾ അദാലത്തിൽ പരിഗണിക്കാമെന്നു മറുപടി. അദാലത്തിനായി അപേക്ഷ നൽകിയിട്ട് ഒരു മാസം കഴിഞ്ഞു. ഇതോടെ ദുരിതത്തിലായി ഈ കുടുംബം.
സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം പൂർത്തിയാക്കുന്നതിന് നിലവിലെ ഏജൻസികളെ തന്നെ കരാർ ഏൽപ്പിക്കാമോ എന്ന് സർക്കാർ അഡ്വക്കറ്റ് ജനറലിനോട് (എജി) നിയമോപദേശം തേടുന്നതേ ഉള്ളൂ. ആറുമാസത്തെ സമയപരിധിക്കുള്ള പഠനം പൂർത്തിയാക്കാത്ത ഏജൻസിക്ക് തന്നെ വീണ്ടും കരാർ നൽകിയാലുള്ള നിയമപ്രശ്‌നങ്ങൾക്കാണ് സർക്കാർ നിയമോപദേശം തേടുന്നത്. അങ്ങനെ ആകെ പ്രശ്‌നത്തിലാണ് സിൽവർലൈൻ. ഈ പദ്ധതിയുടെ പേരിലാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.
ഒരു ഏജൻസി 6 മാസത്തിനകം പഠനം പൂർത്തിയാക്കിയില്ലെങ്കിൽ വിജ്ഞാപനം റദ്ദാക്കി പുതിയത് ഇറക്കണമെന്നാണ് വ്യവസ്ഥ. നാല് ഏജൻസികളാണ് സിൽവർലൈൻ സമൂഹികാഘാത പഠനം നടത്തിയിരുന്നത്. എന്നാൽ, രാഷ്ട്രീയ സമരങ്ങളെ തുടർന്ന് ആറുമാസ കാലാവധിക്കുള്ളിൽ ഒരു ജില്ലയിലും നൂറ് ശതമാനം പൂർത്തിയാക്കാൻ ഏജൻസികൾക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ്, ആറുമാസത്തെ സമയപരിധിയിൽ പഠനം പൂർത്തിയാക്കാത്ത ഏജൻസികൾക്ക് കൂടുതൽ സമയം അനുവദിക്കാൻ കഴിയുമോ എന്നതിൽ എജിയോട് നിമയപദേശം തേടുന്നത്.
നിലവിലെ ഏജൻസികൾക്ക് തുടരാമെന്നാണ് എജിയുടെ നിയമോപദേശമെങ്കിൽ ഉടൻ വിജ്ഞാപനം ഇറങ്ങും. പുതിയ ഏജൻസിയെ കണ്ടെത്താനാണ് നിയമോപദേശമെങ്കിൽ അവരെ കണ്ടെത്തുന്നതിനുള്ള കാലതാമസം എടുക്കും. ഇതിനൊപ്പമാണ് പദ്ധതിക്ക് അന്തിമാനുമതി നൽകാത്ത കേന്ദ്ര നിലപാടും.
മറുനാടന് മലയാളി ബ്യൂറോ