- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിൽ വേണ്ട, കേരളം മതി എന്ന കോൺഗ്രസ് പ്രക്ഷോഭത്തിന് ഇടയിലും സിൽവർലൈൻ അതിവേഗം മുന്നോട്ട്; 140 കിലോമീറ്റർ കല്ലിടൽ പൂർത്തിയായി; ഏറ്റവും കൂടുതൽ കല്ലിട്ടത് കാസർകോട്ട്; പത്തനംതിട്ട ജില്ലയിലും വൈകാതെ തുടങ്ങും
തിരുവനന്തപുരം: ഒരുഭാഗത്ത് കെ റെയിലിന് എതിരെ പ്രക്ഷോഭം കടുക്കുമ്പോൾ, മറുഭാഗത്ത് കല്ലിടൽ പുരോഗമിക്കുകയാണ്. 'കെ റെയിൽ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യം ഉയർത്തി കെ റെയിൽ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. എന്നാൽ, കെ റെയിലുമായി മുന്നോട്ട് പോകുമെന്ന് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷനാണ് (കെ-റെയിൽ) അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. 530 കിലോമീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട പാതയുടെ 140 കിലോമീറ്ററോളം ദൂരത്തിൽ അതിരടയാള കല്ലുകൾ സ്ഥാപിച്ചു. സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായായാണ് അലൈന്മെന്റിന്റെ അതിർത്തിയിൽ കല്ലിടുന്നത്.
2013ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം 4(1) വകുപ്പ് അനുസരിച്ച് ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. 1961ലെ കേരള സർവ്വേ അതിരടയാള നിയമത്തിലെ 6(1) വകുപ്പ് അനുസരിച്ച അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
പാത കടന്നു പോകുന്ന തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിലായാണ് ഇത്രയും ദൂരം കല്ലിട്ടത്. പത്തനംതിട്ട ജില്ലയിലും വൈകാതെ തുടങ്ങും.
കാസർകോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കല്ലിട്ടത്. 14 വില്ലേജുകളിലായി 38 കിലോമീറ്റർ ദൂരം 1439 കല്ലുകളിട്ടു. സൗത്ത് തൃക്കരിപ്പൂർ, നോർത്ത് തൃക്കരിപ്പൂർ, ഉദിനൂർ, മണിയാട്ട്, പീലിക്കോട്, ചെറുവത്തൂർ, നീലേശ്വരം, പേരോൾ, കാഞ്ഞങ്ങാട്, ഹോസ്ദൂർഗ്, ബല്ല, അജാനൂർ, ചിത്താരി, കീക്കൻ, പള്ളിക്കര, കോട്ടിക്കുളം, ഉദുമ, കളനാട് എന്നീ വില്ലേജുകളിലായാണ് ഇത്രയും കല്ലിട്ടത്.
കണ്ണൂർ ജില്ലയിൽ 12 വില്ലേജുകളിലായി 37 കിലോമീറ്റർ നീളത്തിൽ 1130 കല്ലുകൾ സ്ഥാപിച്ചു. ചിറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്നു, ഏഴോം, ചെറുതാഴം, മാടായി. കുഞ്ഞിമംഗലം, പള്ളിക്കുന്നു, പയ്യന്നൂർ, കണ്ണൂൂർ-1 തുടങ്ങിയ വില്ലേജുകളിലാണ് ഇത്രയും കല്ലിട്ടത്.
എറണാകുളം ജില്ലയിൽ പതിനാറ് കിലോമീറ്റർ ദീരം കല്ലിടൽ പൂർത്തിയായി. അങ്കമാലി, പാറക്കടവ്, നെടുമ്പാശ്ശേരി, ചെങ്ങമനാട്, ചൊവ്വര, കീഴ്മാട് വില്ലേജുകളിലായി 493 കല്ലൂകളിട്ടു.
കോഴിക്കോട് ജില്ലയിൽ കരുവൻതിരുത്തി, ചെറുവണ്ണൂർ വില്ലേജുകളിലായി നാലര കിലോമീറ്ററോളം ദൂരം 134 കല്ലുകളിട്ടു.
കോട്ടയം ജില്ലയിൽ മുളക്കുളം, കടുത്തുരുത്തി, നീഴൂർ വില്ലേജുകളിലാണ് കല്ലിടൽ പുരോഗമിക്കുന്നത്. എട്ട് കിലോമീറ്റർ ദൂരം 385 കല്ലുകൾ സ്ഥാപിച്ചു.
ആലപ്പുഴയിൽ മുളക്കുഴ വില്ലേജിൽ 1.6 കിലോമീറ്റർ ദൂരം 35 കല്ലുകളിട്ടു.
തിരുവനന്തപുരം ജില്ലയിൽ ആറ്റിപ്ര, പള്ളിക്കൽ, നാവായിക്കുളം, കുടവൂർ, കീഴാറ്റിങ്ങൽ ആറ്റിങ്ങൽ, കുന്തല്ലൂർ, ആഴൂർ, വില്ലേജുകളിലായി 12 കിലോമീറ്ററോളം ദൂരത്തിൽ 623 കല്ലുകൾ സ്ഥാപിച്ചു.
കൊല്ലം ജില്ലയിലെ പാരിപ്പള്ളി, കല്ലുവാതുക്കൽ. അദിച്ചനല്ലൂർ, ചിറക്കര, മീനാട്, തഴുത്തല എന്നീ വില്ലേജുകളിലായി പതിനനാല് കിലോമീറ്റർ ദൂരത്തിൽ 721 കല്ലുകളാണ് സ്ഥാപിച്ചത്.
എറണാകുളം ജില്ലയിലെ പുത്തൻകുരിശ്, തിരുവാങ്കുളം, തിരുവാണിയൂർ, അങ്കമാലി, പാറക്കടവ്, നെടുമ്പാശ്ശേരി, ചെങ്ങമനാട്, ചൊവ്വര വില്ലേജുകളിലായി വില്ലേജുകളിലായി 17 കിലോമീറ്ററോളം ദൂരത്തിൽ 540 കല്ലുകൾ സ്ഥാപിച്ചു.
തൃശൂർ ജില്ലയിലെ, തൃശൂർ, പൂങ്കുന്നം, കൂർക്കഞ്ചേരി, പഴഞ്ഞി വില്ലേജുകളിൽ രണ്ടര കിലോമീറ്റർ ദൂരം 68 കല്ലുകൾ സ്ഥാപിച്ചു. .
മലപ്പുറം ജില്ലയിൽ അരിയല്ലൂർ വില്ലേജിൽ നാല് കിലോമീറ്ററോളം ദൂരത്തിൽ 57 കല്ലുകൾ സ്ഥാപിച്ചു.
മറുനാടന് മലയാളി ബ്യൂറോ