- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിപിആർ കാണാതെയുള്ള പരിസ്ഥിതി ആഘാത പഠനം അസംബന്ധം; ജനത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ നടത്തുന്ന പഠനം ശാസ്ത്രീയമല്ലെങ്കിൽ സിൽവർ ലൈൻ പദ്ധതി പരാജയമാകുമെന്ന് ഇ ശ്രീധരൻ; തടസ്സങ്ങൾ നീക്കാൻ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ മുഖ്യമന്ത്രിയും
കൊച്ചി: സംസ്ഥാന സർക്കാറിന്റെ സ്വപ്‌ന പദ്ധതിയായ സിൽവർ ലൈനിനെ വിമർശിച്ചു മെട്രോമാൻ ഇ ശ്രീധരൻ വീണ്ടും. ഡിപിആർ കാണാതെ കെ റെയിലിന്റെ പേരിൽ നടക്കുന്ന പരിസ്ഥിതി ആഘാത പഠനം അസംബന്ധമെന്ന് ഇ ശ്രീധരൻ പറഞ്ഞു. പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങൾ നടത്തുന്ന ഏജൻസികൾ തന്നെ ഡിപിആർ കണ്ടില്ലെന്ന് പറയുന്നത് ഗൗരവതരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ട്രാക്ക് ഏതൊക്കെ വഴികളിലൂടെയാണ് പോകുന്നതെന്നും അലൈന്മെന്റും ട്രാക്കിന്റെ ഉയർച്ച താഴ്ചയും ചെരിവും കട്ടിങ്ങുമെല്ലാം നിശ്ചയിച്ചെങ്കിൽ മാത്രമേ പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങൾ ഫലപ്രമദമാവുകയുള്ളു.
ട്രാക്ക് ഭൂമിയിലൂടെ പോകുന്നതിന്റെയും തൂണുകളിൽ പോകുന്നതിന്റെയും ആഘാത പഠനം വ്യത്യസ്തമാണ്. ഇതു രണ്ടുതരത്തിലാണ് ചെയ്യേണ്ടതും. എവിടെയാണ് പാലങ്ങൾ വരുന്നത്, ചെറിയ പാലങ്ങൾ എത്ര, വലുതെത്ര ഇങ്ങനെയുള്ള വ്യക്തത ലഭിക്കാതെ പഠനം നടത്തുന്നത് ശരിയല്ല. ജനത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം കാര്യങ്ങളിൽ നടത്തുന്ന പഠനം ശാസ്ത്രീയമല്ലെങ്കിൽ സിൽവർ ലൈൻ പദ്ധതി പരാജയമാകുമെന്നും ശ്രീധരൻ പറഞ്ഞു.
അതേസമയം കെ-റെയിലിന്റെ അർധ അതിവേഗപാത സിൽവർ ലൈൻ നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് പറയാനുള്ളത് നേരിൽ കേൾക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഒരുങ്ങുകയാണ് ചൊവ്വാഴ്ച പകൽ 11ന് തിരുവനന്തപുരത്ത് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ആദ്യയോഗം. രാഷ്ട്രീയപാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ, സാങ്കേതിക വിദഗ്ദ്ധർ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. പദ്ധതി വിശദീകരിച്ച് സംശയങ്ങൾ ദൂരീകരിക്കും.
27ന് മുമ്പ് ജില്ലകളിൽ യോഗങ്ങൾ പൂർത്തിയാക്കും. എറണാകുളത്ത് ആറിനും കൊല്ലത്ത് 12നും 14ന് പത്തനംതിട്ടയിലും 17ന് തൃശൂരും 20ന് കണ്ണൂരും യോഗം ചേരും. കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് നാലു മണിക്കൂർകൊണ്ട് യാത്രചെയ്യാൻ കഴിയുന്ന സിൽവർ ലൈൻ കേരളത്തിന്റെ അഭിമാനപദ്ധതിയാണ്. കൊച്ചി-തിരുവനന്തപുരം യാത്രാസമയം -ഒന്നര മണിക്കൂറായി ചുരുങ്ങും.
സംസ്ഥാനത്തെ വിവിധയിടങ്ങൾ തമ്മിലുള്ള യാത്രാസമയം നാലിലൊന്നായി കുറയും. നിർമ്മാണത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. പാത പൂർത്തിയാകുന്നതോടെ വ്യവസായ, സാങ്കേതിക, ടൂറിസം മേഖലകളിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കും. എന്നാൽ, ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു. ജനങ്ങളെ ഭീതിയിലാക്കിയും കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തിയും പദ്ധതി പൊളിക്കാനുള്ള ശ്രമം തുടരുകയാണ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുള്ള മുഖ്യമന്ത്രിയുടെ യോഗങ്ങൾക്ക് പ്രാധാന്യമേറെയാണ്.
മറുനാടന് മലയാളി ബ്യൂറോ