ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതി തടയണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. മാർച്ച് നടത്തിയ എംപിമാരെ ഡൽഹി പൊലീസ് പിടിച്ചുതള്ളി. സംഘർഷത്തിൽ ഹൈബി ഈഡനും ടി.എൻ. പ്രതാപനും മർദനമേറ്റു. പൊലീസുകാർ ഹൈബി ഈഡന്റെ മുഖത്തടിച്ചെന്നും യുഡിഎഫ് എംപിമാർ ആരോപിച്ചു.

പാർലമെന്റിലേക്കുള്ള പ്രവേശന കവാടത്തിൽ പൊലീസ് ബാരിക്കേഡ് വെച്ച് എംപിമാരെ തടഞ്ഞിരുന്നു. മുന്നോട്ടുപോകാൻ ശ്രമിച്ച എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായതിന് പിന്നാലെയായിരുന്നു പൊലീസ് മർദ്ദനം.എംപിമാരാണെന്ന ഐ.ഡി കാർഡ് കാണിച്ചിട്ടും ഇവരെ വെറുതെ വിട്ടില്ല.രമ്യാ ഹരിദാസ്, ഇ.ടി. മുഹമ്മദ് ബഷീർ, ആന്റോ ആന്റണി, കെ. മുരളീധരൻ, ബെന്നി ബഹനാൻ തുടങ്ങിയവർക്ക് നേരേയും കൈയേറ്റമുണ്ടായി.

എംപിമാരെ പാർലമെന്റ് വളപ്പിൽ തടഞ്ഞതാണ് സംഘർഷത്തിന് ഇടയാക്കിയത്. സുരക്ഷാ കാരണങ്ങൾ കാരണം മാർച്ച് നടത്താൻ കഴിയില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. തങ്ങൾ എംപിമാരാണെന്ന് എംപിമാർ ആവർത്തിച്ചെങ്കിലും കടത്തിവിട്ടില്ല. ബാരിക്കേഡ് വച്ച് തടഞ്ഞെങ്കിലും അതു മറികടന്ന് എംപിമാർ പാർലമെന്റിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് സംഘർഷമുണ്ടായത്. എംപിമാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാധ്യമപ്രവർത്തകർക്കു നേരെയും കയ്യേറ്റ ശ്രമമുണ്ടായി.

ഹൈബി ഈഡൻ എംപിയുടെ മുഖത്ത് പൊലീസ് അടിക്കുന്നതും, ടി.എൻ.പ്രതാപനെ പിടിച്ച് തള്ളുന്നതും സംഭവത്തിന്റെ ദൃശ്യങ്ങളിൽ കാണാം. സമാധാനപരമായി സമരം ചെയ്ത് പാർലമെന്റിലേക്ക് മടങ്ങുന്ന യുഡിഎഫ് എംപിമാരെ പൊലീസ് ബലം പ്രയോഗിച്ച തടയുകയായിരുന്നുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ആരോപിച്ചു. സ്ത്രീയെന്ന പരിഗണന പോലും നൽകാതെ പുരുഷ പൊലീസ് കൈയേറ്റം ചെയ്തെന്ന് രമ്യ ഹരിദാസ് എംപിയും ആരോപിച്ചു.

 

കയ്യേറ്റം ചെയ്ത സംഭവം എംപിമാർ പാർലമെന്റിൽ ഉന്നയിച്ചു. വിശദാംശങ്ങൾ എഴുതി നൽകാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർല നിർദ്ദേശിച്ചു. യുഡിഎഫ് എംപിമാരോട് ചേംബറിൽവന്നു കാണാനും സ്പീക്കർ അറിയിച്ചു

എംപിമാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ എറണാകുളം ഡിസിസി പ്രതിഷേധം സംഘടിപ്പിക്കും. വൈകിട്ടു 4ന് ഡിസിസി ഓഫിസിനു മുന്നിൽ നിന്നു പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

 അതേസസമയം സംസ്ഥാനത്തും രാജ്യതലസ്ഥാനത്തും സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഇരുവരും 20 മിനിറ്റോളം ചർച്ച നടത്തി.

മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസുമുണ്ടായിരുന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ നാല് മണിക്ക് മാധ്യമങ്ങളെ കാണുമ്പോൾ അറിയിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയ്ക്ക് ശേഷം പറഞ്ഞു.സിൽവർലൈനെതിരായ സമരം ശക്തമാകുമ്പോൾ കേന്ദ്രാനുമതി വേഗത്തിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടത്.