തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകില്ലെന്ന് റെയിൽവേ വ്യക്തമാക്കിയതോടെ, ഡൽഹിയിൽ ഇടനിലക്കാരെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചകൾ നടത്തി ഏതുവിധേനയും പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കാൻ സംസ്ഥാന സർക്കാരിന്റെ പുതിയ തന്ത്രം. മോദിയിൽ സമ്മർദ്ദം ചെലുത്തി അനുമതി വാങ്ങിയെടുക്കാൻ അദാനിയോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖ നിർമ്മാണ പുരോഗതി ചർച്ച ചെയ്യാൻ കരൺ അദാനി മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് സിൽവർലൈൻ വിഷയം മുഖ്യമന്ത്രി എടുത്തിട്ടത്.

നിലവിൽ കൊച്ചുവേളിയിൽ നിന്ന് ആരംഭിക്കുന്ന സിൽവർലൈൻ ഭാവിയിൽ വിഴിഞ്ഞത്തേക്ക് നീട്ടാനാവുമെന്നും വിഴിഞ്ഞം തുറമുഖത്തിനും അത് ഗുണകരമായിരിക്കുമെന്നും അദാനിയെ സർക്കാർ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഇപ്പോൾ കാസർകോട് വരെയുള്ള സിൽവർലൈൻ പാത ഭാവിയിൽ കർണാടകത്തിലെ മംഗലാപുരത്തേക്കും നീട്ടാനാവും. ഇതോടെ വിഴിഞ്ഞം, മംഗലാപുരം തുറമുഖങ്ങൾക്ക് ഇടയിലുള്ള അതിവേഗ പാതയായി സിൽവർലൈൻ മാറുമെന്നും മുഖ്യമന്ത്രി അദാനിയെ അറിയിച്ചതായാണ് വിവരം.

പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നിവ അതിവേഗത്തിൽ രണ്ട് സംസ്ഥാനങ്ങളിലെത്തിക്കാൻ സിൽവർലൈൻ ഉപകരിക്കപ്പെട്ടാൽ അത് അദാനിക്കും വിഴിഞ്ഞം തുറമുഖത്തിനും ഗുണകരമാണ്. അദാനിയുടെ വിഴിഞ്ഞം തുറമുഖത്തു നിന്ന് കർണാടകത്തിലേക്ക് അതിവേഗ റെയിൽ കണക്ടിവിറ്റി വരുന്നത് തുറമുഖം ലാഭത്തിലാക്കാനും ഇടയാക്കും. സിൽവർ ലൈൻ വന്നാൽ നാലു മണിക്കൂറിൽ താഴെ സമയം കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസർകോട്ടെത്താനാവും. അരമണിക്കൂർ സമയം കൂടിയെടുത്താൻ മംഗലാപുരത്തും എത്താനാവും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സിൽവർലൈനിന് അനുമതി നേടിയെടുക്കാൻ പ്രധാനമന്ത്രിയിൽ സമ്മർദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് അറിയുന്നത്.

സിൽവർലൈൻ കേരളത്തിന് മാത്രമല്ല രാജ്യത്തിനും ഗുണകരമായ പദ്ധതിയാണെന്നും അന്തിമാനുമതി ഉടൻ നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ അഭ്യർത്ഥിച്ചിരുന്നു. കേരളത്തിന്റെ വികസനത്തിന് നാഴികക്കല്ലാവുന്ന പദ്ധതിക്ക് അനുമതി ലഭ്യമാക്കാൻ പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണം. സാമ്പത്തിക വളർച്ചയ്ക്കും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും വഴിയൊരുക്കും. പരിസ്ഥിതിക്കും സാമ്പത്തികമേഖലയ്ക്കും ഗുണകരമായ പദ്ധതിയാണ്. ഓഹരിയുടമകൾക്ക് 13.55ശതമാനം ലാഭവിഹിതം ലഭിക്കുന്നതിനാൽ ലാഭകരമായ പദ്ധതിയാണ്. വിദേശവായ്പാ ബാദ്ധ്യത ഏറ്റെടുത്തതിന് പുറമേ, ഭൂമിയേറ്റെടുക്കലിനുള്ള 13,700കോടി ചെലവ് പൂർണമായി സംസ്ഥാനം വഹിക്കുമെന്നും മോദിയെ പിണറായി അറിയിച്ചിരുന്നു.

സംസ്ഥാനത്തിനും റെയിൽവേയ്ക്കും പദ്ധതിയിൽ തുല്യപങ്കാളിത്തമുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ധനമന്ത്രി നിർമ്മലാ സീതാരാമനും മുഖ്യമന്ത്രി കത്ത് നൽകിയിരുന്നു. മുടക്കുമുതലിന്റെ 8.1ശതമാനം പ്രതിവർഷം തിരിച്ചുകിട്ടുമെന്നും നഗരവികസനം കൂടിയാവുമ്പോൾ ഇത് 16ശതമാനമാവാമെന്നുമാണ് ഡി.പി.ആറിലുള്ളത്. പദ്ധതിക്ക് തത്വത്തിലുള്ള അനുമതി റെയിൽവേ നേരത്തേ നൽകിയിരുന്നു. കേന്ദ്രാനുമതിയില്ലാതെ സംസ്ഥാനത്തിന് സ്വന്തമായി റെയിൽവേ പദ്ധതി നിർമ്മിക്കാനാവില്ല. 63,941കോടി ചെലവുള്ള പദ്ധതിക്ക് കേന്ദ്രാനുമതിക്ക് പുറമെ 2150കോടിയുടെ ഓഹരിവിഹിതവും 975കോടി മൂല്യമുള്ള 185ഹെക്ടർ റെയിൽവേഭൂമിയുമാണ് സംസ്ഥാനം തേടുന്നത്.

അതേസമയം, കേന്ദ്രസർക്കാർ അനുമതി നൽകില്ലെന്ന് ഉറപ്പായതോടെ പിണറായിക്ക് സിൽവർലൈനിലെ പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ച മട്ടാണ്. കഴിഞ്ഞദിവസം പത്രസമ്മേളനത്തിലും പിണറായിയുടെ വാക്കുകളിൽ ഈ നിരാശയുണ്ടായിരുന്നു. കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടിയാലേ സിൽവർലൈൻ പദ്ധതി നടപ്പാക്കാനാവൂ എന്നും സംസ്ഥാനത്തിന് സ്വന്തമായി ചെയ്യാനാവില്ലെന്നും പിണറായി പറഞ്ഞു. അല്ലെങ്കിൽ നേരത്തേ പദ്ധതി നടപ്പാക്കുമായിരുന്നു. സിൽവർലൈനിന് ഭൂമിയേറ്റെടുക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന സർവേയ്ക്ക് റെയിൽവേയുടെ സമ്മതമോ അനുമതിയോ ഇല്ലെന്ന കേന്ദ്രസർക്കാർ നിലപാട് നിർഭാഗ്യകരമാണ്. ഇങ്ങനെയൊരു പദ്ധതി നാടിന് ആവശ്യമാണെന്ന് മനസിലാക്കി അനുമതി ലഭ്യമാക്കണം. സാമൂഹ്യാഘാത പഠനത്തിനടക്കം തടസമാണ് കേന്ദ്രനിലപാട്. എന്നാൽ സാമൂഹ്യാഘാത പഠനം നിലച്ചിട്ടില്ല. പഠനത്തിനായുള്ള അടയാളപ്പെടുത്തൽ നടക്കുന്നുണ്ട്.

കേരളത്തിന്റെ വികസനത്തിന് ഏറ്റവും അനുയോജ്യമായ പദ്ധതിയാണിത്. വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. ഇത്തരം പദ്ധതികൾക്ക് സാധാരണ തടസം ഉണ്ടാകാറില്ലാത്തതാണ്. ആ പ്രതീക്ഷ സർക്കാരിനും ഉണ്ടായിരുന്നു. അനുമതി ലഭിച്ചശേഷം നടപടി തുടങ്ങിയാൽ വൈകുമെന്നതിനാലാണ് അനുമതിക്ക് മുൻപ് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചത്. തത്വത്തിലുള്ള അനുമതി പദ്ധതിക്ക് ലഭിച്ചതുമാണ്. കേന്ദ്രസർക്കാരിനു വേണ്ടി സംസാരിക്കുന്ന പലരും സിൽവർലൈൻ കേരളത്തിൽ വരാൻ പാടില്ലാത്ത പദ്ധതിയാണെന്നാണ് പറയുന്നത്. നിർഭാഗ്യകരമായ വശമാണിത്.

കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്നവർ കേന്ദ്രനിലപാട് തിരുത്തിക്കാൻ ഇടപെടണം. സിൽവർലൈൻ എൽ.ഡി.എഫിന്റെ പദ്ധതി എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. നാടിന്റെ നല്ല നാളേയ്ക്കുള്ള പദ്ധതിയാണിത്. സർക്കാർ മുൻകൈയെടുക്കുന്നു എന്നു മാത്രം. നാടിനാവശ്യമായ പദ്ധതി തകർക്കാൻ നോക്കുന്നത് നാടിനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.