സിനിമാതാരങ്ങളോടുള്ള ആരാധന പലപ്പോഴും അതിരു കടക്കാറുണ്ട്. അത് പലപ്പോഴും ആക്രമങ്ങളിലേക്കും സംഘട്ടനങ്ങളിലേക്കും ജീവൻ പൊലിയുന്നതിലേക്കുമൊക്കെ കടന്നിട്ടുണ്ട്. തങ്ങളുടെ ഇഷ്ടതാരങ്ങളുടെ സിനിമകൾ വിജയിക്കാനും അവർക്ക് നന്മയുണ്ടാകുന്നതിനും അവരോടുള്ള ആദരവ് പ്രകടിപ്പിക്കാനും വേണ്ടി വിചിത്രമായ പല കാര്യങ്ങളും ആരാധകർ ചെയ്യാറുണ്ട്. എന്നാൽ ഇപ്പോഴിതാ തമിഴ്‌നാട്ടിലെ ഒരു തിയേറ്ററിൽ നടന്നത് വിചിത്രവും ഭീതിജനകവുമായ ഒരു ഭ്രാന്തൻ സംഭവമാണ്. മണിരത്‌നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന സിനിമ തിയേറ്ററുകളിലെത്തിയപ്പോഴാണ് സംഭവം.

സിമ്പുവിനോടുള്ള ആരാധന തലയ്ക്കു പിടിച്ച് ഭ്രാന്തായ ഒരാൾ ശരീരത്തിൽ കമ്പി തുളച്ച് ക്രെയിനിൽ തൂങ്ങിയാണ് കട്ടൗട്ടിൽ പാലഭിഷേകം നടത്തിയിരിക്കുന്നത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. ഇത്തരത്തിലുള്ള പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിരിക്കുകയാണ്. സംഭവത്തോട് സിമ്പു ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇത്തരത്തിലുള്ള പല സംഭവങ്ങളിലും ഫാൻസുകാരുടെ ജീവൻ നഷ്ടപ്പെടുന്നതടക്കമുള്ള കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ താരങ്ങൾ ഇടപെട്ട് പിന്തിരിപ്പിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

കുറച്ച് നാളുകൾക്ക് മുൻപ് അല്ലു അർജുന്റെ നാ പേരു സൂര്യ എന്ന സിനിമ പുറത്തിറങ്ങിയപ്പോൾ ഒരു കൂട്ടം യുവാക്കൾ വിരൽ മുറിച്ച് കട്ടൗട്ടിൽ രക്താഭിഷേകം നടത്തി ആഘോഷിച്ചതും വലിയ വിവാദമായിരുന്നു. ഫാൻസ് അസോസിയേഷൻ മുഖേന യുവാക്കളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ താരങ്ങൾ മുൻ കൈ എടുക്കാത്തതും വളരെ ദൗർഭാഗ്യകരമാണ്. പാൽ അഭിഷേകത്തിനായി കട്ടൗട്ടിൽ കയറിയ ഒരു യുവാവ് വീണ് മരിച്ച സംഭവം മുമ്പ് കേരളത്തിൽ സംഭവിച്ചിരുന്നു.