മലപ്പുറം: പ്രസവചികിത്സയ്ക്ക് മുസ്ലിം സ്ത്രീകൾ മുസ്ലിം വിഭാഗത്തിൽപ്പെട്ട വനിതാ ഗൈനക്കോളജിസ്റ്റിനെ തന്നെ കാണിക്കണമെന്ന പ്രസ്താവനയുമായി വിവാദ മുസ്ലിം പണ്ഡിതൻ സിംസാറുൽ ഹഖ് ഹുദവി. മുസ്ലിം സമുദായത്തിൽപ്പെട്ടവർ കണ്ണും വൃക്കയും ദാനം ചെയ്യരുതെന്നും സ്ത്രീകൾ ഊഞ്ഞാലാടുന്നത് ഹറാമാണെന്നും പറഞ്ഞിട്ടുള്ള പണ്ഡിതനാണിത്.

 

ഹുദവിയുടെ പുതിയ പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. മുസ്ലിം സ്ത്രീകൾ പ്രസവിക്കുമ്പോൾ നാട്ടിലെ മുസ്ലിം വനിത ഗൈനക്കോളജിസ്റ്റിനെ തന്നെ കാണിക്കണമെന്നാണ് ഹുവദി ആവശ്യപ്പെട്ടിരിക്കുന്നത്. നാട്ടിൽ മുസ്ലിം ഗൈക്കോളജിസ്റ്റ് ഇല്ലെങ്കിൽ ഇതര സമുദായത്തിൽപ്പെട്ട വനിതാ ഡോക്ടറെ കാണിക്കാം. അതും കിട്ടാതായാൽ മുസ്ലിം സമുദായത്തിൽപ്പെട്ട പുരുഷ ഡോക്ടറെ തേടണം.

ഒട്ടും നിവൃത്തിയില്ലെങ്കിൽ മാത്രം അമുസ്ലിം പുരുഷ ഡോക്ടറുടെ അടുത്തു പോകണമെന്നാണ് പണ്ഡിതൻ ആവശ്യപ്പെടുന്നത്. ഇങ്ങനെ സംഭവിച്ചാൽ ഗർഭിണിക്കൊപ്പം ഭർത്താവ് ഉണ്ടായിരിക്കണം. പ്രസവസമയത്ത് മുസ്ലിം സ്ത്രീയുടെ സമീപത്ത് പുരുഷ നഴ്സ് കാണുമെന്നും ആയതിനാൽ മതത്തെ സംരക്ഷിക്കാൻ ധാരാളം മുസ്ലിം വനിതാ ഡോക്ടർമാരെ ഉണ്ടാക്കണം എന്നും പണ്ഡിതൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഊഞ്ഞാലാടുന്നത് മുസ്ലിം സ്ത്രീകൾക്കു ഹറാമാണെന്ന വിവാദ പ്രസ്താവന ഹുദവി മുമ്പു നടത്തിയിട്ടുണ്ട്. ഇതോടൊപ്പം മുസ്ലിം സമുദായത്തിൽപ്പെട്ടവർ വൃക്കയും കണ്ണും ദാനം ചെയ്യരുതെന്നും ആവശ്യപ്പെട്ടു. സമുദായത്തിൽപ്പെട്ടവർ കണ്ണും വൃക്കയും ദാനം സ്വീകരിക്കുന്നതിനു കുഴപ്പമില്ല. പക്ഷേ കൊടുക്കാൻ പാടില്ലെന്നാണ് ഹുദവി ആവശ്യപ്പെട്ടത്.