തിരുവനന്തപുരം: ബീഫ് നിരോധനത്തിനെതിരെ കേരളത്തിൽ ഭൂരിപക്ഷം ആളുകളും എതിർപ്പ് രേഖപ്പെടുത്തിയാണ് രംഗത്തുള്ളത്. ബിജെപി സംസ്ഥാന ഘടകവും കേരളത്തിൽ ബീഫ് നിരോധിക്കേണ്ട എന്ന അഭിപ്രായം ഉള്ളവരാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ അങ്ങോളമിങ്ങോളും ബീഫ് ഫെസ്റ്റിവലും നടക്കുന്നത്. എന്നാൽ, ഇതിനിടെയാണ് ബീഫ് ഫെസ്റ്റിനെതിരെ നിലപാട് സ്വീകരിച്ച ശബരിമല തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വറിന് എതിരെ ഇന്ന് രാവിലെ ഒരു സംഘം വിദ്യാർത്ഥികൾ ആക്രമണം നടത്തിയത്. ഇതോടെ ബീഫ് നിരോധനത്തിനെതിരെ കേരളത്തിൽ നടക്കുന്ന പ്രതിഷേധ സമരങ്ങളാണ് പ്രതിക്കൂട്ടിലായത്.

ബീഫ് കഴിക്കാൻ സ്വാതന്ത്ര്യം ഉണ്ട് എന്നതുപോലെ തന്നെ അത് കഴിക്കാതിരിക്കാനും വ്യക്തികൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ ബീഫ് ഫെസ്റ്റിവലിനെ അനുകൂലിക്കാത്തതിന്റെ പേരിലാണ് തനിക്കെതിരെ ആക്രമണം നടന്നതെന്നാണ് രാഹുൽ ഈശ്വർ വ്യക്തമാക്കിയത്. ആക്രമണം നേരിടേണ്ടി വന്നതോടെ രാഹുലിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. ആശയത്തെ കായികമായി നേരുന്ന ശൈലി ശരിയല്ലെന്ന അഭിപ്രായം നിരവധി പേരാണ് പങ്കുവച്ചത്. രാഹുലിന് എതിരായ അതിക്രമം ഇപ്പോഴത്തെ അവകാശ പോരാട്ടങ്ങൾക്ക് തിരിച്ചടിയാകുമെന്ന അഭിപ്രായമാണ് നിരവധി പേർ പങ്കുവച്ചത്.

രാഹുൽ ഈശ്വറിനെ പിന്തുണച്ചു കൊണ്ട് മുൻ എസ്എഫ്‌ഐ നേതാവ് സിന്ധു ജോയിയും രംഗത്തെത്തി. ബീഫ് കഴിക്കാനും ബീഫ് ഫെസ്റ്റ് നടത്താനുമുള്ള സ്വാതന്ത്ര്യ ഒരു വിഭാഗത്തിന് ഉള്ളത് പോലെ തന്നെ അത് കഴിക്കാതിരിക്കാനും അനുകൂലിക്കാതിരിക്കുവാനും ഉള്ള സ്വാതന്ത്ര്യവും മറുപക്ഷത്തിനും ഇല്ലേയെന്ന് സിന്ധു ജോയി ഫേസ്‌ബുക്കിലൂടെ ചോദിച്ചു.

ബീഫ് കഴിക്കുന്നതിനെ അനുകൂലിച്ചില്ല എന്നതിന്റെ പേരിൽ കായംകുളം എം.എസ്.എം കോളേജിൽ രാഹുൽ ഈശ്വറിനെ കൈയേറ്റം ചെയ്തത്ത ഫാസിസം തന്നെയെന്ന് സിന്ധു ജോയി അഭിപ്രായപ്പെട്ടു. ഫാസിസത്തെ എതിർക്കുന്നവർ തന്നെ തങ്ങളറിയാതെ ഇത്തരം നടപടികളിലേക്ക് വഴുതി വീണിരിക്കുന്നു. ഇത് തിരുത്തപ്പെടണമെന്നും സിന്ധു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

സിന്ധുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

ബീഫ് കഴിക്കാനും ബീഫ് ഫെസ്റ്റ് നടത്താനുമുള്ള സ്വാത(ന്ത്യം ഒരു വിഭാഗത്തിന് ഉള്ളത് പോലെ തന്നെ അത് കഴിക്കാതിരിക്കാനും അനുകൂലിക്കാതിരിക്കുവാനും ഉള്ള സ്വാത(ന്ത്യം മറുപക്ഷത്തിനും ഇല്ലേ ? ബീഫ് കഴിക്കുന്നതിനെ അനുകൂലിച്ചില്ല എന്നതിന്‌ടെ പേരിൽ ഇന്ന് കായംകുളം എം.എസ്.എം കോളേജിൽ രാഹുൽ ഈശ്വറിനെ കൈയേറ്റം ചെയ്യ്തത് ഫാസിസം തന്നെയല്ലേ ?ഫാസിസത്തെ എതിർക്കുന്നവർ തന്നെ തങ്ങളറിയാതെ ഇത്തരം നടപടികളിലേക്ക് വഴുതി വീണിരിക്കുന്നു.ഇത് തിരുത്തപ്പെടണം! ബീഫ് കഴിക്കുന്ന ബീഫ് ഫെസ്റ്റിനെ അനുകൂലിക്കുന്ന സിന്ധു ജോയിയും ,ബീഫ് കഴിക്കാത്തബീഫ് ഫെസ്റ്റിനെ അനുകൂലിക്കാത്ത രാഹുൽ ഈശ്വരും തമ്മിൽ ഉറ്റ സൗഹൃദം ഉണ്ടാകുമ്പോൾ അല്ലേ നമ്മൾ പറയുന്ന ആ സെകുലറിസത്തിന്‌ടെ ഒരിത് പൂർണമാകൂ?

സിന്ധുവിന്റെ അഭിപ്രായത്തെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. ബീഫ് ഫെസ്റ്റിവലിനെ അനുകൂലിക്കുന്നവർ തന്നെ രാഹുലിനെ ആക്രമിച്ച സംഭവത്തെ അപലപിച്ച് ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയിട്ടുണ്ട്.