കണ്ണൂർ: കൊട്ടിയൂർ പീഡനക്കേസിൽ ഫാ. റോബിന്റെ കുറ്റകൃത്യം മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്ന് ആരോപണം നേരിടുന്ന ക്രിസ്തുരാജ ആശുപത്രിയെ ന്യായീകരിച്ച് സിന്ധു ജോയ്. ആശുപത്രിയിലെ ഡോക്ടർമാരെയും കന്യാസ്ത്രീകളെയും കേസിൽ കുടുക്കിയതാണോയെന്ന സംശയം സിന്ധു ജോയ് ഉന്നയിക്കുന്നു. ഡോക്ടർമാരും കന്യാസ്ത്രീകളും നിരപരാധികളാണെന്നാണ് തനിക്കു തോന്നത്.

പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത് പേരാവൂരിലെ രശ്മി ഹോസ്പ്പിറ്റലിൽ ആയിരുന്നുവെന്നും അവിടെനിന്ന് ക്രിസ്തുരാജ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നുവെന്നും സിന്ധു ജോയി ചൂണ്ടിക്കാട്ടുന്നു. രശ്മി ഹോസ്പിറ്റലിൽനിന്നും ലഭിച്ച മെഡിക്കൽ രേഖയിൽ കുട്ടിയുടെ പ്രായം 18 ആയിട്ടാണ് രേഖപ്പെടുത്തിരുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ രശ്മി ഹോസ്പിറ്റൽ അധികൃതർ എങ്ങനെ കേസിൽനിന്ന് ഒഴിവാക്കപ്പെട്ടുവെന്ന് സിന്ധു ജോയി ചോദിക്കുന്നു.

സിന്ധു ജോയിയുടെ പോസ്റ്റ്:

കൊട്ടിയൂർ പീഡനത്തെക്കുറിച്ചു കൂടുതൽ അന്വേഷിച്ചപ്പോൾ ബോധ്യമായ ചില വിവരങ്ങളാണ് ഇവിടെ. ആരെയും വെള്ളപൂശാനോ രക്ഷപെടുത്താനോ അല്ല ഈ കുറിപ്പ് എന്നുകൂടി വ്യക്തമാക്കട്ടെ.

കണ്ണൂരിലെ ക്രിസ്തുരാജ് ഹോസ്പിറ്റലിലെ ഡോക്ടർമാരെയും സിസ്റ്റേഴ്സിനെയും ഈ കേസിൽ കുടുക്കിയതാണോ എന്ന സംശയം ബലപ്പെടുന്നു. വിചാരണ വരെ ജാമ്യം ലഭിക്കാത്ത 'പോക്‌സോ' ആണ് അവരുടെ പേരിലും ചുമത്തിയിട്ടുള്ളത്. ഇവർ കുറ്റവാളികൾ ആണെങ്കിൽ അവർ അർഹിക്കുന്ന ശിക്ഷ അവർക്ക് നൽകണമെന്നുതന്നെയാണ് എന്റേയും അഭിപ്രായം. ഇവിടുത്തെ ഡോക്ടർമാരും കന്യാസ്ത്രീകളും നിരപരാധികളാണ് എന്ന് തോന്നാൻ കാരണമിവയാണ്.

ഒന്ന് - ആ പെൺകുട്ടിയെ പ്രസവത്തിനായി ആദ്യം അഡ്‌മിറ്റ് ചെയ്തിരുന്നത് പേരാവൂരിലെ രശ്മി ഹോസ്പിറ്റലിൽ ആണ്. ചില മെഡിക്കൽ കോംപ്ലിക്കേഷനുകൾ ശ്രദ്ധയിൽപ്പെട്ടതോടെ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്യാൻ അവിടെനിന്നും നിർദേശിക്കുകയായിരുന്നു. രശ്മി ഹോസ്പിറ്റൽ ക്രിസ്ത്യൻ മാനേജ്മെന്റിനു കീഴിലുള്ളതല്ല എന്നുകൂടി ഓർമിക്കുക.

രണ്ട് - പ്രസവത്തിനു രണ്ടുമണിക്കൂർ മുൻപാണ് പെൺകുട്ടിയെ ക്രിസ്തുരാജ് ഹോസ്പിറ്റലിലെ എമെർജെൻസി വിഭാഗത്തിൽ കൊണ്ടുവരുന്നത്. രശ്മി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ റിക്കാർഡുകൾ ക്രിസ്തുരാജ് ആശുപത്രിയിൽ നൽകി. പെൺകുട്ടിക്ക് 18 വയസ് എന്നാണ് അതിൽ രേഖപ്പെടുത്തിയിരുന്നത്.

മൂന്ന് - അങ്ങനെയെങ്കിൽ രശ്മി ഹോസ്പിറ്റൽ അധികൃതർ എങ്ങനെയാണ് ഈ കേസിൽനിന്ന് ഒഴിവായത്? രശ്മി ഹോസ്പിറ്റലിൽനിന്ന് റഫർ ചെയ്ത് ക്രിസ്തുരാജയിൽ എത്തിയ പെൺകുട്ടിയുടെ പ്രസവശുശ്രൂഷ നിർവഹിച്ചതിനാണ് ഡോക്ടർമാരെയും കന്യാസ്ത്രീകളെയും വിചാരണ വരെ ജാമ്യമില്ലാത്ത പോക്‌സോ ചുമത്തിയിരിക്കുന്നത്. ആശുപത്രിയിൽ എത്തി 2 മണിക്കൂറിനുള്ളിൽ പ്രസവം നടന്നു. അത്ര അടിയന്തര സാഹചര്യത്തിലാണ് പെൺകുട്ടിയെ രക്ഷിതാക്കൾ എത്തിക്കുന്നത്.

നാല് - ഇതിൽ അതീവബുദ്ധിപരമായ ഒരു ഗൂഢാലോചന നടന്നിട്ടില്ലേ എന്നു സംശയിക്കണം. കാരണം, നിരപരാധികളായ ഡോക്ടർമാരും സിസ്റ്റേഴ്സും കേസിൽ കുടുങ്ങുന്നതോടെ സഭയും സമൂഹവും അവരുടെ രക്ഷക്കുവേണ്ടി ശബ്ദിക്കും. ഈ ബഹളത്തിനിടയിൽ യഥാർത്ഥ കുറ്റവാളികൾക്ക് രക്ഷപെടാനുള്ള പഴുതൊരുങ്ങും.

ഓർക്കുക,കന്യാസ്ത്രീകളും മനുഷ്യരാണ്; അവർക്കും നീതി നിഷേധിക്കപ്പെട്ടുകൂടാ.