- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവുമായി പിണങ്ങി ഇളയമകനുമായി പണിക്കൻ കുടിയിലെ വാടക വീട്ടിൽ എത്തി;അയൽക്കാരൻ കാമുകനായത് അഞ്ചു കൊല്ലം മുമ്പ്; അസുഖം വന്നപ്പോൾ ഭർത്താവിനെ ചികിൽസിക്കാൻ കാമുകി പോയത് സംശയമായി; പന്ത്രണ്ടുവയസ്സുകാരനെ ബന്ധുവീട്ടിലാക്കിയതും ഗൂഢാലോചന; അടുക്കളയിൽ കൊന്ന് കുഴിച്ചുമൂടി മുങ്ങൽ; സിന്ധുവിന്റെ ജീവനെടുത്തത് മാണിക്കുന്നേൽ ബിനോയിയുടെ പക
അടിമാലി: ഇടുക്കി, പണിക്കൻകുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കാമുകൻ മൃതദേഹം അടുക്കളയിൽ കുഴിച്ചുമൂടിയതിന് പിന്നിൽ കാമുകന്റെ സംശയം. ഇയാളെ ഇനിയും പിടികൂടിയിട്ടില്ല. പ്രതിയായ ബിനോയി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാൾ തമിഴ്നാട്ടിലുണ്ടെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
സിന്ധുവിനെ കൊലപ്പെടുത്തി സമീപവാസിയായ മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ കുഴിച്ചു മൂടിയ നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ 12 മുതലാണ് സിന്ധുവിനെ കാണാതായത്. കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കൻകുടിയിൽ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു.
അന്വേഷണം നടക്കുന്നതിനിടെ അയൽക്കാരനനും കാമുകനുമായ ബിനോയി ഒളിവിൽ പോയി. ഇതാണ് സിന്ധുവിന്റെ ബന്ധുക്കളുടെ ആരോപണം ശക്തിപ്പെടുത്തിയത്. സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായും ബന്ധുക്കൾ പറയുന്നു. വെള്ളത്തൂവൽ പൊലീസ് സംഭവ സ്ഥലത്ത് എത്തി.
അഞ്ചുവർഷത്തോളമായി സിന്ധുവിനൊപ്പം താമസിച്ചിരുന്ന കാമുകനാണ് ബിനോയ്. ഭർത്താവും മൂന്ന് മക്കളുമുള്ള സിന്ധു ബന്ധമുപേക്ഷിച്ച് ബിനോയിക്കൊപ്പം കഴിയുകയായിരുന്നെന്നു. സിന്ധുവിന്റെ 12 വയസുള്ള ഇളയമകനും ഇവർക്കൊപ്പമുണ്ടായിരുന്നു. സംശയത്തിന്റെ പേരിൽ പലപ്പോഴും കലഹം പതിവായിരുന്നു.
കഴിഞ്ഞ 11-ന് സിന്ധു മകളെ ഫോൺ ചെയ്ത് ബിനോയിയുമായി വഴക്കുണ്ടായ കാര്യം അറിയിച്ചെന്നു. മുൻ ഭർത്താവ് അസുഖബാധിതനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയവേ സിന്ധു നാലുദിവസം അവിടെയായിരുന്നു. ഇതേച്ചൊല്ലിയായിരുന്നു കലഹം. അന്നുമുതലാണു സിന്ധുവിനെ കാണാതായത്.
15-നു ബന്ധുക്കൾ വെള്ളത്തൂവൽ പൊലീസിൽ പരാതിപ്പെട്ടു. പിറ്റേന്ന് പൊലീസ് എത്തിയതറിഞ്ഞു ബിനോയി ഒളിവിൽപ്പോയി. പൊലീസും ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും പരിശോധന നടത്തിയെങ്കിലും സിന്ധുവിനെ കണ്ടെത്താനായില്ല. ബിനോയിയുടെ വീട്ടിലെ അടുക്കള പുതുക്കിപ്പണിതെന്നു സിന്ധുവിന്റെ ഇളയമകൻ മൊഴി നൽകിയിരുന്നു. എന്നാൽ അന്ന് അത് വേണ്ട വിധം പരിശോധിച്ചില്ല.
ഇന്നലെ ബന്ധുക്കളെത്തി അടുക്കളയിലെ അടുപ്പ് പൊളിച്ചുനീക്കി രണ്ടടിയോളം മണ്ണ് മാറ്റിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് എത്തി വീടിനു കാവലേർപ്പെടുത്തി. മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്ന് റാന്നി, പൊള്ളാച്ചി, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ അന്വേഷിച്ചെങ്കിലും ബിനോയിയെ പിടികൂടാനായില്ല.
മൃതദേഹം മറവുചെയ്തശേഷം തറ പുതുക്കി നിർമ്മിച്ച നിലയിലായിരുന്നു. പഴക്കം തോന്നിക്കാൻ ഇതിനുമുകളിൽ ചാരവും പൂശിയിരുന്നു. ഒപ്പം താമസിച്ചിരുന്ന സിന്ധുവിന്റെ ഇളയമകന് തോന്നിയ സംശയമാണ് മൃതദേഹം കണ്ടെത്താൻ സഹായകമായത്. സിന്ധുവിന്റെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വെള്ളിയാഴ്ച വീടിനുള്ളിൽ കയറി തറമാന്തി പരിശോധിക്കുകയായിരുന്നു. ആറടി താഴ്ചയിൽ, പുഴുവരിച്ച അവസ്ഥയിലുള്ള മൃതദേഹത്തിന് 25 ദിവസത്തെ പഴക്കമുണ്ട്. കണ്ടെത്തുമ്പോൾ കൈ മുകളിലേക്ക് ഉയർന്ന നിലയിലായിരുന്നു.
ഭർത്താവുമായി പിണങ്ങി പണിക്കൻകുടിയിലെ വാടകവീട്ടിലായിരുന്നു ആദ്യം സിന്ധു താമസിച്ചിരുന്നത്. പിന്നീട് ബിനോയിയുമായി അടുപ്പത്തിലാവുകയും ഇയാളുടെ വീട്ടിൽ താമസം ആരംഭിക്കുകയും ചെയ്തു. അടുത്തിടെ ഇരുവരും തമ്മിൽ വാക്കേറ്റവും കലഹവും നടന്നിരുന്നു. സിന്ധുവിനെ ബിനോയ് നിരന്തരം മർദിച്ചിരുന്നു. അവരെ കാണാതായതിന് ശേഷം ബിനോയിയുടെ പെരുമാറ്റത്തിലും സംസാരത്തിലും വ്യത്യാസമുണ്ടായി. ഇതോടെയാണ് സിന്ധുവിന്റെ അമ്മ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയത്.
കൊലപാതകത്തിൽ ബിനോയി കൃത്യം നടത്തിയത് വ്യക്തമായ ആസൂത്രണത്തോടെ. കഴിഞ്ഞ ഓഗസ്റ്റ് 11, 12, തീയതികളിൽ രണ്ട് ദിവസംകൊണ്ടാകാം കൃത്യം പൂർത്തിയാക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകം മുൻകൂട്ടി തയ്യാറാക്കിയിരുന്നു. ഇതിനായി സിന്ധുവിന്റെ മകനെ വീട്ടിൽനിന്ന് മാറ്റി. ബിനോയി നേരിട്ടാണ് മകനെ ബന്ധുവീട്ടിൽ എത്തിച്ചത്. ഓഗസ്റ്റ് 10 മുതൽ 13 വരെ ഇളയ മകൻ അവിടെയായിരുന്നു. ഓഗസ്റ്റ് 11-ന് സിന്ധു തന്റെ മകളെ വിളിച്ച് ബിനോയിയുടെ ഉപദ്രവം സംബന്ധിച്ച് കരഞ്ഞുകൊണ്ട് ഫോണിൽ സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് കൊലപാതകം നടന്നത്.
ഒരുദിവസംകൊണ്ട് ഇത്രയും ഭംഗിയായി അടുപ്പ് തിണ്ണ കെട്ടാൻ കഴിയില്ല. ഇതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസ് നായ അടക്കം വീട്ടിലും അടുക്കളയിലും പരിശോധന നടത്തിയതാണ്. എന്നാൽ, പുതിയ നിർമ്മാണം തിരിച്ചറിയാനായില്ല. അത്രയ്ക്ക് കുറ്റമറ്റ രീതിയിലായിരുന്നു അടുക്കളയിലെ നിർമ്മാണം.
മറുനാടന് മലയാളി ബ്യൂറോ