അടിമാലി: പണിക്കൻകുടി മാണിക്കുന്നേൽ ബിനോയിയുടെ വീട്ടിലെ അടുപ്പിനു താഴെ കുഴിച്ചുമൂടിയ നിലയിൽ സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നിൽ ഇളയ മകന്റെ സംശയം. ചുടുകട്ട കൊണ്ടു നിർമ്മിച്ച ബിനോയിയുടെ വീടിന് അടുക്കള ഭാഗത്തു കതക് ഇല്ല. ഇതുവഴി കയറിയ സിന്ധുവിന്റെ മകൻ അഖിൽ പുതിയ അടുപ്പു കണ്ടതു സംശയത്തിനിടയാക്കി. ഇതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. എന്നാൽ പൊലീസ് ഇത് ഗൗരവത്തിൽ എടുത്തില്ലെന്നതാണ് വസ്തുത.

ബിനോയിയുടെ വീട്ടിലെ അടുപ്പ് അമ്മയെ കാണാതായ ശേഷം പൊളിച്ചു പണിതതായി സിന്ധുവിന്റെ മകൻ പൊലീസിനോട് പറഞ്ഞിരുന്നു. പൊലീസ് ഗൗരവത്തിൽ എടുത്തില്ല. വെള്ളത്തൂവൽ പൊലീസ് പൊലീസ് നായയുമായി പരിശോധനയ്ക്ക് എത്തിയെങ്കിലും അസ്വാഭാവികത ഒന്നും കണ്ടെത്താനായില്ല. പന്ത്രണ്ടുകാരന്റെ സംശയം ബന്ധുക്കൾ ഗൗരവത്തോടെ എടുത്തു. ഇതിനിടെ ബിനോയ് ഒളിവിൽ പോയി. ഇതോടെ ബന്ധുക്കളും നാട്ടുകാരും ബിനോയിയുടെ വീട്ടിലെത്തി അടുപ്പിന്റെ അടിഭാഗം ഇളക്കി പരിശോധിച്ചപ്പോഴാണു സിന്ധുവിന്റെ വിരലുകൾ കണ്ടെത്തിയത്.

പണിക്കൻകുടിക്ക് സമീപമായി ഒരു കുന്നിന്റെ മുകളിൽ ഈ രണ്ടു വീടുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇടയ്ക്ക് കൂലിപ്പണിക്ക് പോയാണ് സിന്ധുവും മകനും കഴിഞ്ഞിരുന്നത്. ചെറിയ രീതിയിൽ ഏലക്കൃഷിയും മറ്റുമായിരുന്നു ബിനോയിയുടെ വരുമാനം. സിന്ധുവിനെ കാണാതായെന്ന് സഹോദരൻ ബിജു കുട്ടപ്പൻ പൊലീസിൽ പരാതി നൽകിയതോടെ വീടു പൂട്ടി ബിനോയി പോയി. ഇതും ഇളയ മകന്റെ അടുക്കളയിലെ സംശയം ബന്ധുക്കൾ ഗൗരവത്തോടെ എടുക്കാൻ കാരണമായി. അടുപ്പിൽനിന്ന് ദുർഗന്ധം ഉയർന്നതും മൃതദേഹം കണ്ടെത്തുന്നതിനു സഹായകരമായി.

സിന്ധുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇന്നലെ ഫൊറൻസിക് വിദഗ്ധരെത്തി പുറത്തെടുത്ത മൃതദേഹം കാമാക്ഷി താമഠത്തിൽ സിന്ധുവിന്റേതാണെന്നു മകനും സഹോദരനും തിരിച്ചറിഞ്ഞു. ബിനോയിയുടെ പേരിൽ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രണ്ടാഴ്ചയായി ഒളിവിൽ കഴിയുന്ന ഇയാൾക്കു വേണ്ടി തിരച്ചിൽ ഊർജിതമാക്കി.

പ്ലാസ്റ്റിക് കൊണ്ടു മുഖം മറച്ചു നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. കുഴിയിൽ മുളകുപൊടി വിതറിയിരുന്നു. മൂക്കുത്തി ഒഴികെ, കഴുത്തിലും കാതിലും അണിഞ്ഞിരുന്ന ആഭരണങ്ങൾ ഊരിമാറ്റിയ നിലയിലാണ്. ശ്വാസം മുട്ടിക്കുന്നതിനിടെ സിന്ധുവിനു മർദനം ഏറ്റിട്ടുണ്ടെന്നും വാരിയെല്ലുകൾ പൊട്ടിയകന്ന നിലയിലാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ബിനോയിയുടെ വീടിന്റെ അയൽവീട്ടിലാണു സിന്ധുവും 12 വയസ്സുകാരൻ മകനും വാടകയ്ക്കു താമസിച്ചിരുന്നത്. ഭർത്താവുമായി അകന്നു കഴിയുന്ന സിന്ധുവും ബിനോയിയും അടുപ്പത്തിലായിരുന്നു. സിന്ധു വീണ്ടും ഭർത്താവുമായി അടുത്തതോടെ ബിനോയ് വഴക്കുണ്ടാക്കിയിരുന്നു. കൊന്നുകളയുമെന്നു ബിനോയ് സിന്ധുവിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നു മകൻ പറയുന്നു. ഒരാഴ്ചയോളം ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞ സിന്ധുവിനെ തിരികെ വാടകവീട്ടിലെത്തിയതിനു പിറ്റേന്നാണു കാണാതായത്.

സിന്ധുവിനെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചു മൂടിയ ശേഷം മുകളിൽ അടുപ്പു കെട്ടി തീ കത്തിച്ചതായാണ് സൂചന. പഴയ അടുപ്പാണെന്നു തോന്നിക്കാൻ അടുപ്പിലെ ചാരം വാരി വിതറുകയും ചെയ്തിട്ടുണ്ട്.