തിരുവനന്തപുരം: റീഎൻട്രികളുടെ കാലമാണ് ഇപ്പോൾ. ദ്വീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം അത്യുഗ്രൻ കോമഡിയുമായി നടൻ സലീം കുമാർ കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ അതിശക്തമായി തിരിച്ചു വന്നു. അപ്പോൾ സോഷ്യൽ മീഡിയയും പൊതുസമൂഹവും അതിനെ ആഘോഷത്തോടെ ഏറ്റെടുക്കുകയുമുണ്ടായി. സലിം കുമാറിലെ കോമേഡിയനെ പത്തരമാറ്റോടെ തിരിച്ചു കിട്ടിയതിന്റെ ആശ്വാസമായിരുന്നു അത്. ഇപ്പോഴിതാ മലയാളം വാർത്താചാനൽ ലോകത്ത് അതിശക്തമായി ഒരു തിരിച്ചു വരവ് കൂടി ഉണ്ടായിരിക്കുന്നു. മറ്റാരുമല്ല, സാമൂഹ്യ - രാഷ്ട്രീയ വിഷയങ്ങളെ അതിശക്തമായി വിമർശിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിലെ കവർ സ്‌റ്റോറിയുടെ അവതാരകയായ സിന്ധു സൂര്യകുമാറിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

സിന്ധുവിന്റെ രാഷ്ട്രീയ നിരീക്ഷണങ്ങൾക്ക് എപ്പോഴും പ്രേക്ഷകരുണ്ടായിരുന്നു. വിമർശനങ്ങളെ വകവെക്കാതെ അതിശക്തമായി തന്നെ സ്വന്തം നിലപാട് വ്യക്തമാക്കുന്ന സിന്ധുവിന്റെ പ്രോഗ്രാമായ കവർ സ്‌റ്റോറി ഇടക്കാലം കൊണ്ട് നിർത്തിവച്ചിരുന്നു. ഇതോടെ പല വിധത്തിലുള്ള ആരോപണങ്ങളും ഉയർന്നു ചാനലിന്റെ ബിജെപി താൽപ്പര്യം കൊണ്ട് പരിപാടി അവസാനിപ്പിക്കുകയായിരുന്നു എന്നാണ് ഉയർന്ന വിമർശനം. എന്നാൽ, ഈ വിമർശനങ്ങളെയും ആരോപണങ്ങളെയുമെല്ലാം തള്ളി ശക്തമായ വിമർശനങ്ങളോടെയാണ് സിന്ധുവിന്റെ രണ്ടാം വരവ്. ബിജെപി വിമർശനത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ സംഘപരിവാർ ആക്രമണത്തിന് ഇരയായ സിന്ധുവിന്റെ രണ്ടാം വരവും വിമർശനത്തിന്റെ മൂർച്ഛ കുറയ്ക്കാതെ തന്നെയായിരുന്നു.

രാജ്യ സ്‌നേഹത്തിനും ദേശീയതയ്ക്കും സർട്ടിഫികറ്റ് നൽകുന്ന കാലമാണിതെന്നും. എന്നാൽ, അത് നൽകുന്നവരിൽ നിന്നും താനും കവർ‌സ്റ്റോറിയും സർട്ടിഫിക്കറ്റ് വാങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ് അതിശക്തമായി തന്നെ തന്റെ വാദങ്ങൾ പറഞ്ഞു കൊണ്ടാണ് സിന്ധു സൂര്യകുമാർ കവർ‌സ്റ്റോറിയിലൂടെ പുനരവതരിച്ചത്. ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം നിർത്തിയ പരിപാടി ദ്വീർഘകാലത്തിന് ശേഷമാണ് വീണ്ടും പരിപാടി വീണ്ടുമെത്തിയത്. ഹിന്ദു രക്ഷാസഭ,. ഹിന്ദു ഐക്യവേദി, കെപി ശശികല തുടങ്ങിയവർ നൽകുന്ന ഐഎസ്ഒ പതിപ്പിച്ച രാജ്യസ്‌നേഹത്തിന്റെ സർട്ടിഫിക്കറ്റ് വാങ്ങാൻ ഉദ്ദേശമില്ലെന്ന് പറഞ്ഞാണ് കവർ സ്റ്റോറി വീണ്ടും തുടങ്ങിയത്.

കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും നരേന്ദ്ര മോദിയെയും കണക്കിന് വിമർശിച്ചു കൊണ്ടാണ് സിന്ധു പരപാടി തുടങ്ങിയത്. മോദി ഷെരീഫിനെ കണ്ടതും പാക്കിസ്ഥാനുമായുള്ള ബന്ധവുമെല്ലാം ചർച്ചയായി. ഷെരീഫിന്റെ അമ്മക്ക് സാരി കൊടുക്കലും എല്ലാത്തിനും ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ മിണ്ടാതായ അവസ്ഥയൊക്കെ പറഞ്ഞ് സർജിക്കൽ സ്‌ട്രൈക്കിലേക്കെത്തി. പത്താൻക്കോട്ട്, ഉറി ആക്രമണങ്ങളിലേക്കും നയതന്ത്ര വീഴ്‌ച്ചയിലേക്കും വിരൽ ചൂണ്ടിയായിരുന്നു സിന്ധുവിന്റെ വിമർശനം.

പത്താൻകോട്ട് ഭീകരാക്രമണം ആക്രമിക്കാൻ എത്തിയ ഭീകരരുടെ എണ്ണത്തിൽ തുടങ്ങിയാണ് വിമർശനം. ആറെന്ന് പറഞ്ഞ് പിന്നീട് നാല് തീവ്രവാദികൾ മാത്രമാണെന്ന് പറഞ്ഞ വീഴ്‌ച്ചയാണ് അവർ ചൂണ്ടിക്കാട്ടിയത്. ഇന്ത്യൻ ആഭ്യന്തര മന്ത്രിയുടെ കള്ളത്തരമെന്ന് പാക്കിസ്ഥാൻ ആഘോഷിച്ച വിവരവും അവർ ചൂണ്ടിക്കാട്ടി. വാക്കുകൾക്ക് അപ്പുറത്തേക്ക് പ്രവർത്തനമൊന്നും നടന്നില്ലെന്നാണ് സിന്ധു ചൂണ്ടിക്കാട്ടിയത്. ഉറി, നഗ്രോത ആക്രമണങ്ങളിലും സംഭവിച്ച സുരക്ഷാ പാളിച്ചകളെ ചൂണ്ടിക്കാട്ടിയായിരുന്നു സിന്ധുവിന്റെ വിമർശനം.

രാജ്യസ്‌നേഹം അടിച്ചേൽപ്പിക്കുന്നവർക്ക് എന്തുകൊണ്ടാണ് സൈനികരുടെ ജീവന് സുരക്ഷയൊരുക്കാൻ സാധിക്കാത്തതെന്ന ചോദ്യവും കവർ സ്റ്ററിയിലൂടെ അവർ ഉയർത്തി. ചുരുക്കത്തിൽ കടുത്ത ബിജെപി വിമർശനത്തോടെ തന്നെയാണ് കവർ സ്‌റ്റോറിയുടെ രണ്ടാം വരവ്. എന്തുകൊണ്ടാണ് രാജ്യസ്‌നേഹം ഇടയ്ക്കിടെ നമുക്ക് പ്രകടിപ്പിക്കേണ്ടി വരുന്നത് എന്ന ചോദ്യമാണ് സിന്ധു ഉയർത്തിയത്. രാജീവ് ചന്ദ്രശേഖരൻ രാഷ്ട്രീയത്തിലേക്ക് സജീവമായി ചുവടുവെക്കുന്നതോടെ ഏഷ്യാനെറ്റ് ബിജെപി പക്ഷത്തേക്കു നീങ്ങുന്നു എന്ന ആക്ഷേപം ശക്തമായിരുന്നു. ഇതിനിടെയാണ് തന്റെ നിലപാടു വ്യക്തമാക്കിക്കൊണ്ട് സിന്ധു രംഗത്തുവന്നത്.

നേരത്തെ ഷ്യാനെറ്റിനെ ന്യൂസ് അവർ ചർച്ചക്കിടെ ദുർഗാദേവി സെക്‌സ് വർക്കറാണെന്ന വിധത്തിൽ അവതാരക സിന്ധു സൂര്യകുമാർ പരാമർശം നടത്തിയെന്ന് ആക്ഷേപിച്ച് അവർക്കെതിരെ നിരന്തരം സോഷ്യൽ മീഡിയ വഴി പ്രചാരണം നടന്നിരുന്നു. ആർഎസ്എസുകാർ നേരിട്ടും ഫോൺ വിളിച്ചും സോഷ്യൽമീഡിയയിലൂടെയും ചീത്തവിളിച്ചെന്നു ആരോപണവുമായി സിന്ധു തന്നെ രംഗത്ത് വന്നിരുന്നു. എനിക്കെതിരെ ഫേസ്‌ബുക്കിലൂടെ കുപ്രചരണം നടത്തുന്നത് ആർഎസ്എസുകാർ തന്നെ ആയിരുന്നു എന്നാണ് സിന്ധു പറഞ്ഞിരുന്നത്. ഇപ്പോൾ വീണ്ടും സിന്ധു സൂര്യകുമാർ സംഘപരിവാർ വിമർശനവുമായി രംഗത്തെത്തിയതോടെ പ്രോഗ്രാം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സിന്ധു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത പരിപാടിയുടെ വീഡിയോ ഇപ്പോൾ തന്നെ വൈറലായിട്ടുണ്ട്.