- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്കെതിരെ ഫേസ്ബുക്കിലൂടെ കുപ്രചരണം നടത്തുന്നത് ആർഎസ്എസുകാർ തന്നെ; ആക്രമണത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം ; മൂന്ന് ദിവസത്തിനിടെ വന്നത് അയ്യായിരത്തിലേറെ ഫോൺകോളുകൾ: സിന്ധു സൂര്യകുമാർ തുറന്നടിക്കുന്നു..
തിരുവനന്തപുരം: ഏഷ്യാനെറ്റിനെ ന്യൂസ് അവർ ചർച്ചക്കിടെ ദുർഗാദേവി സെക്‌സ് വർക്കറാണെന്ന വിധത്തിൽ അവതാരക സിന്ധു സൂര്യകുമാർ പരാമർശം നടത്തിയെന്ന് ആക്ഷേപിച്ച് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അവർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രചരണങ്ങൾ നടക്കുകയാണ്. വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലുമായി കുപ്രചരണങ്ങൾ ശക്തമായതോടെ സിന്ധുവിന്റെ ഫോണിൽ നിരന്തരമാ
തിരുവനന്തപുരം: ഏഷ്യാനെറ്റിനെ ന്യൂസ് അവർ ചർച്ചക്കിടെ ദുർഗാദേവി സെക്‌സ് വർക്കറാണെന്ന വിധത്തിൽ അവതാരക സിന്ധു സൂര്യകുമാർ പരാമർശം നടത്തിയെന്ന് ആക്ഷേപിച്ച് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അവർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രചരണങ്ങൾ നടക്കുകയാണ്. വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലുമായി കുപ്രചരണങ്ങൾ ശക്തമായതോടെ സിന്ധുവിന്റെ ഫോണിൽ നിരന്തരമായി ഫോൺവിളികൾ വരികയാണ്. മാദ്ധ്യമപ്രവർത്തകയെ സംഘം ചേർന്ന് ആക്രമിക്കുന്നതിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരുടെ ഗൂഢാലോചനയാണെന്ന് തുറന്നു പറഞ്ഞ് സിന്ധു രംഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസ് വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് സിന്ധു തനിക്കെതിരെ രംഗത്തെത്തിയത് ആർഎസ്എസുകാരാണെന്ന് തുറന്നു പറഞ്ഞത്.
ചാനൽ ചർച്ചയിൽ ബിജെപി സെക്രട്ടറി വി വി രാജേഷാണ് ദുർഗ്ഗാദേവിയെ സെക്‌സ് വർക്കറായി ചിത്രീകരിച്ചു എന്നാരോപിച്ച് രംഗത്തെത്തിയത്. ഇതിന്മേൽ ചർച്ച നടക്കുമ്പോൾ യാതൊരു വിധത്തിലും ആ ആരോപണത്തെ ശരിവെക്കുന്ന വിധത്തിൽ താൻ കമന്റ് നടത്തിയിട്ടില്ലെന്നും സിന്ധു സൂര്യകുമാർ വ്യക്തമാക്കുന്നു. ഒരു സ്ത്രീയെന്ന പരിഗണന പോലും നൽകാതെ സൈബർ ലോകത്ത് ആസൂത്രിതമായി ആക്രമണം നടത്തിയത് ആർഎസ് എസുകാർ തന്നെയാണെന്ന് സംശയിക്കാൻ സിന്ധു പറയുന്ന കാരണം ഇങ്ങനെയാണ്:
ആർഎസ്എസുകാരുടെ ഗ്രൂപ്പുകളിൽ, ഈ മെസേജുകൾ വ്യാപകമായി പ്രചരിക്കുന്നു. അത് ഒരു പാട് പേർ എന്നെ വിളിച്ച് പറയുന്നുണ്ട്. അവരുടെ ആളുകളുടെ ഫേസ്‌ബുക്ക് പ്രൊഫൈലുകളിൽ നിന്നാണ് ഇത് പ്രചരിക്കുന്നത്. ഗൾഫിലും പുറത്തുമൊക്കെയായി അവരുടെ നെറ്റ്‌വർക്കുകളിൽ ഈ മെസേജുകൾ പ്രചരിക്കുന്നുണ്ട്. ഇതൊരു സ്വാഭാവിക പ്രതികരണം ആണെന്ന് കരുതാനാവില്ല. കൃത്യമായി ആസൂത്രണം ചെയ്ത്, ആർഎസ്എസ് ക്യാമ്പിൽനിന്നാണ് ഇത് നടക്കുന്നത് എന്ന് ഞാൻ വിചാരിക്കുന്നു. സ്തീകളോടൊക്കെ ഇത്ര മോശമായി പെരുമാറാൻ പറയുന്നതാണ് ആർഎസ്.എസിന്റെ സംസ്‌കാരമെന്ന് വിശ്വസിക്കേണ്ടി വരുന്നു. അങ്ങനെ വിശ്വസിക്കണമെന്ന് എനിക്ക് താൽപ്പര്യമൊന്നുമില്ല. പക്ഷേ, എന്റെ അനുഭവത്തിൽനിന്ന് അങ്ങനെ വിശ്വസിക്കാൻ ഞാൻ നിർബന്ധിക്കപ്പെടുന്നു'- സിന്ധു വ്യക്തമാക്കുന്നു.
വെള്ളിയാഴ്‌ച്ച നടന്ന ചർച്ചക്കിടെ, ബിജെപി നേതാവ് വിവി രാജേഷ്, ദുർഗാ ദേവി സെക്‌സ് വർക്കറാണെന്ന് ലഘുലേഖയിൽ ഉണ്ടെന്നും അത് പ്രചരിപ്പിച്ചു എന്നുമുള്ള സ്മൃതി ഇറാനിയുടെ പരാമർശം പല വട്ടം ആവർത്തിച്ചു. എന്നാൽ, ഒരു തവണ പോലും ആ പരാമർശം ഞാൻ ഉദ്ധരിച്ചിട്ടില്ല. എന്റെ ചോദ്യം, രാജ്യദ്രോഹ കുറ്റത്തിനുള്ള തെളിവായി ഇത് എങ്ങിനെയാണ് സ്മൃതി ഇറാനി പാർലമെന്റിൽ കൊണ്ടു വരുന്നത് എന്നതായിരുന്നു. ഇത് രാജ്യദ്രോഹത്തിന്റെ പരിധിയിൽ എങ്ങനെ വരുമെന്ന് നിങ്ങൾ വിശദീകരിക്കണം എന്നായിരുന്നു വി വി രാജേഷിനോട് ഞാൻ ആവർത്തിച്ച് ആവശ്യപ്പെട്ടത്- സിന്ധു വ്യക്തമാക്കി.
ഈ ചർച്ചകൾക്ക് ശേഷമാണ് തനിക്കെതിരെ ശക്തമായ ആക്രമണം ഉണ്ടായത്. ഫോണിൽ വിളിച്ച് കൊല്ലും, നിങ്ങളെ ജീവിക്കാൻ സമ്മതിക്കില്ല, നിങ്ങൾ സമാധാനമായി ജീവിക്കില്ല, നിങ്ങളുടെ കുടുംബം തകർക്കും, എന്നൊക്കെ പറഞ്ഞായിരുന്നു ഭീഷണികൾ. സ്ത്രീ എന്ന നിലയിൽ ലൈംഗിക ചുവയുള്ള മോശം കമന്റുകളും പച്ചത്തെറികളും ഒക്കെ ഇതോടൊപ്പം വന്നു. ഇത് സഹിക്കാൻ പറ്റാതായപ്പോഴാണ് ഞാൻ ഞായറാഴ്ച പൊലീസിന് പരാതി കൊടുത്തത്. ഞാൻ അറ്റന്റ് ചെയ്ത കോളുകളും എന്നെ അബ്യൂസ് ചെയ്ത വളരെ മോശമായ നമ്പറുകളും പരാതിക്കൊപ്പം നൽകി. അറ്റൻഡ് ചെയ്ത കോളുകളിൽ കുറച്ചു നമ്പറുകൾ മാത്രം, ആരുടെയാക്കെയാണ് എന്താണ് എന്നൊന്നും എനിക്കറിയില്ല.
കഴിഞ്ഞ മൂന്ന് ദിവസമായി എന്റെ ഫോണിൽ ഇടതടവില്ലാതെ കോളുകൾ വന്നു കൊണ്ടിരിക്കുകയാണ്. ആയിരത്തി അഞ്ഞൂറിലേറെ കോളുകൾ ഇതിനകം വന്നു. ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നു. ഇത് കാണാത്ത ആളുകളാണ് ഇപ്പോഴും വിളിക്കുന്നത്. ഫേസ്‌ബുക്കിലെ ചില പ്രൊഫൈലുകളിൽ ഞാനാ പോസ്റ്റുകൾ കണ്ടു. 'ദുർഗാ ദേവി സെക്‌സ് വർക്കറാണ് എന്നു പറഞ്ഞാൽ, എന്താണ് കുഴപ്പം എന്ന് സിന്ധു സൂര്യ കുമാർ, സിന്ധു സൂര്യ കുമാർ സെക്‌സ് വർക്കറാണ് എന്നു ഞാൻ പറയുന്നു, ഇതാണ് അവരുടെ നമ്പർ. നിങ്ങൾ വിളിക്കൂ'. ഈ മെസേജാണ് പ്രചരിക്കുന്നത്. ബിജെപി, സംഘപരിവാർ അനുകൂല നിലപാടുകൾ എടുക്കുന്ന ഫേസ്‌ബുക്ക് പ്രൊഫൈലുകളിൽനിന്നാണ് ഈ മെസേജുകൾ പോയത്. സമാനമായ പശചാത്തലമുള്ള വാട്ട്‌സ് ആപ്പ് നമ്പറുകളിൽനിന്നും ഈ പ്രചാരണം നടക്കുന്നു.
അതേസമയം ഇതുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് വിവി രാജേഷ് തന്നോട് പറഞ്ഞതെന്നും സിന്ധു വ്യക്തമാക്കി. പരാതി കൊടുത്താൽ ഏത് അന്വേഷണവുമായും സഹകരിക്കാൻ ഞാൻ തയ്യാറാണ്. നിങ്ങൾ അങ്ങനെ ചെയ്തിട്ടില്ല എന്ന് പൊലീസിൽ പറയാൻ ഞാൻ തയ്യാറാണെന്നും രാജേഷ് പറഞ്ഞിരുന്നു. എന്നാൽ, ഈ നിലപാട് പരസ്യമായി പറയാൻ തയ്യാറാകുന്നില്ലെന്നും സിന്ധു ചോദിക്കുന്നു. എന്തായാലും കോടതിയെ സമീപിക്കാൻ തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോർഡിനേറ്റിങ് എഡിറ്ററുടെ തീരുമാനം.
അതിനിടെ സിന്ധു സൂര്യകുമാറിനെതിരെ വധഭീഷണി മുഴക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. കേരള പത്ര പ്രവർത്തക യൂണിയന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. യൂണിയൻ ആസ്ഥാനത്തുനിന്നും സെക്രട്ടറിയേറ്റിലേക്കായിരുന്നു പ്രതിഷേധ മാർച്ച്. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സി. ഗൗരിദാസൻ നായർ മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ. അജിത് കുമാർ, യൂണിയൻ ജില്ലാ പ്രസിഡന്റ് സി. റഹിം, സെക്രട്ടറി ബി.എസ് പ്രസന്നൻ തുടങ്ങിയവർ സംസാരിച്ചു.