പുതിയ ചരിത്രം കുറിച്ച് ഫാൻസ് ആസോസിയേഷനുകൾ സിനിമകളുടെ വിതരണാവകാശം ഏറ്റെടുക്കുന്നു. തമിഴ് സൂപ്പർതാരം സൂര്യയുടെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലുള്ള സിങ്കം ത്രീ എന്ന ചിത്രത്തിന്റെ കേരളത്തിൽ വിതരണാവകാശം ഏറ്റെടുത്താണ് ഫാൻസുകാർ പുതിയ ചരിത്രം കുറിക്കുന്നത്.

4 കോടി 75 ലക്ഷം രൂപയ്ക്കാണ് കേരളാ വിതരണാവകാശം വിറ്റുപോയത്. സോപാനം ഫിലിംസിനൊപ്പം ചേർന്നാണ് സിങ്കം ഗ്രൂപ്പ് തൃശൂർ എന്ന ആരാധക സംഘമാണ് എസ് ത്രീ കേരളത്തിലെത്തിക്കുന്നത്. തമിഴ് സൂപ്പർതാരം തല അജിത്ത് ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്ന വിതരണാവകാശ തുകയെ പിന്നിലാക്കിയാണ് ഹരി സംവിധാനം ചെയ്ത എസ് ത്രീ കേരളത്തിലെത്തുന്നത്. രണ്ടരക്കോടി മുതൽ 3 കോടി വരെയാണ് അജിത്ത് ചിത്രത്തിന് കേരളാ വിതരണാവകാശ തുകയായി കിട്ടാറുള്ളത്.

മലബാർ വിതരണാവകാശം പൂർണമായും സിങ്കം ഗ്രൂപ്പിനാണ്. സൂര്യ എന്ന താരത്തോടുള്ള കടുത്ത ആരാധനയാണ് ഈ വിതരണ കമ്പനിക്ക് പിന്നിൽ. ദൊരൈസിങ്കം ഐപിഎസ് എന്ന പാത്രമായി സൂര്യ മൂന്നാം തവണ എത്തുന്ന സിനിമ ഡിസംബറിൽ തിയറ്ററുകളിലെത്തും. അനുഷ്‌കാ ഷെട്ടിയും ശ്രുതി ഹാസനുമാണ് നായികമാർ.

എസ് ത്രീയുടെ നിർമ്മാതാക്കളായ സ്റ്റുഡിയോ ഗ്രീൻ ആണ് ദക്ഷിണേന്ത്യയിൽ ആദ്യമായി ഒരു സിനിമയുടെ വിതരണാവകാശം ആരാധക സംഘം സ്വന്തമാക്കിയെന്ന് അറിയിച്ചത്. ആരാധകർക്ക് ടീ ഷർട്ടും ഫ്ളെക്സുകളും സമ്മാനിച്ച് മലയാളത്തിലെ ഏറ്റവും വലിയ ഇതരഭാഷാ റിലീസായി എസ് ത്രീ മാറ്റാണ് ആഗ്രബിക്കുന്നതെന്ന് സിങ്കം ഗ്രൂപ്പ് തൃശൂർ പറയുന്നു.