സിംഗപ്പൂർ: സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി വി സിന്ധു സെമി ഫൈനലിൽ. ആവേശപ്പോരാട്ടത്തിൽ ചൈനയുടെ ഹാൻ യുവിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകളിൽ മറികടന്നാണ് സിന്ധു സെമിയിലെത്തിയത്. ആദ്യ ഗെയിം നഷ്ടമായശേഷമായിരുന്നു സിന്ധുവിന്റെ തിരിച്ചുവരവ്. സ്‌കോർ 17-21 21-11 21-19.

ടൂർണമെന്റിലെ മൂന്നാം സീഡായ സിന്ധു സെമിയിൽ ലോക റാങ്കിംഗിൽ മുപ്പത്തിയെട്ടാം സ്ഥാനക്കാരിയായ സായ്‌ന് കവാക്കാമിയ നേരിടും. തായ്ലൻഡ് താരം പോൺപാവി ചോചുവോങിനെ നേരിട്ടുള്ള ഗെയിമുകളിൽ അട്ടിമറിച്ചാണ് കവാക്കാമി സെമിയിലെത്തിയത്. സ്‌കോർ 21-17 21-19.

ഈ മാസം ബർമിങ്ഹാമിൽ ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിന് മുമ്പുള്ള അവസാന ടൂർണമെന്റായതിനാൽ സിംഗപ്പൂർ ഓപ്പണിൽ കിരീടം നേടിയാൽ കോമൺവെൽത്ത് ഗെയിംസിൽ ആത്മവിശ്വാസത്തോടെ സിന്ധുവിന് ഇറങ്ങാനാവും.

പി വി സിന്ധു സെമിയിലെത്തിയപ്പോൾ സൈന നെഹ്വാളിനും മലയാളി താരം എച്ച് എസ് പ്രണോയിക്കും ക്വാർട്ടറിൽ പുറത്തായി. ലോക ഒമ്പതാം നമ്പർ താരം ബിങ് ജിയാവോയെ തോൽപ്പിച്ച് ക്വാർട്ടറിലെത്തിയ സൈനക്ക് പക്ഷെ ക്വാർട്ടറിൽ ജപ്പാൻ താരം അയാ ഒഹോറിക്ക് മുമ്പിൽ അടിയറവ് പറയേണ്ടിവന്നു. ഒന്നിനെകിരെ രണ്ട് ഗെയിമുകളിലായിരുന്നു സൈനയുടെ തോൽവി. സ്‌കോർ 13-21 21-15 20-22. അവസാന ഗെയിമിൽ രണ്ട് മാച്ച് പോയന്റുകൾ ലഭിച്ചിട്ടും അത് മുതലാക്കാനാവാതെയാണ് സൈന ക്വാർട്ടറിൽ വീണത്.

പുരുഷ സിംഗിൾസിൽ കോഡായ് നരക്കോവക്കെതിരെ ആദ്യ ഗെയിം നേടിയശേഷമാണ് പ്രണോയ് മത്സരം കൈവിട്ടത്. സ്‌കോർ 12-21 21-14 21-18. നിർണായക അവസാന ഗെയിമിൽ 7-18ന് പിന്നിൽ നിന്ന പ്രണോയ് പിന്നീട് തുടർച്ചയായി എട്ട് പോയന്റ് നേടി ശക്തനായി തിരിച്ചുവന്നെങ്കിലും അവസാനം മത്സരം കൈവിട്ടു. ഡബിൾസിൽ ഇന്ത്യൻ സഖ്യമായ ധ്രുവ് കപില-എം ആർ അർജ്ജുൻ സഖ്യവും ക്വാർട്ടറിൽ തോറ്റ് പുറത്തായി.