സിംഗപ്പൂർ: സിംഗപ്പൂർ ദേശീയ ആഘോഷത്തിനിടെ പ്രധാനമന്ത്രി ലീ സിയെൻ ലൂങ്ങിന് തളർച്ച അനുഭവപ്പെട്ടത് പരിഭ്രാന്തിക്ക് ഇടയാക്കി. രാജ്യത്തിന്റെ അമ്പത്തൊന്നാം ദേശീയ ദിന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് പ്രധാനമന്ത്രി ലൂങ്ങിന് തളർച്ച അനുഭവപ്പെട്ടത്.

ദേശീയ ദിന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവേ തളർച്ച അനുഭവപ്പെട്ട ലൂങ്ങിനെ മറ്റു കാബിനറ്റ് മന്ത്രിമാർ ചേർന്ന് സ്റ്റേജിൽ നിന്നു മാറ്റുകയായിരുന്നു. പിന്നീട് ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയ ലൂങ്ങ് തന്റെ പ്രസംഗം പൂർത്തിയാക്കുകയും ചെയ്തു. ഓഗസ്റ്റ് 21നായിരുന്നു സിംഗപ്പൂർ ദേശീയ ദിനം ആഘോഷിച്ചത്. പ്രധാനമന്ത്രിക്ക് ഹൃദയസംബന്ധമായ അസുഖമോ, പക്ഷാഘാതമോ ഒന്നുമുണ്ടായില്ലെന്നും രക്തസമ്മർദത്തിൽ ഉണ്ടായ വ്യത്യാസമാണ് തളർച്ചയ്ക്കു കാരണമെന്നും ഡോക്ടർമാർ വ്യക്തമാക്കി.

സിംഗപ്പൂർ ജനറൽ ഹോസ്പിറ്റലിൽ വൈദ്യപരിശോധനയ്ക്കു വിധേയനായ ലൂങ്ങ് തുടർന്ന് 29 വരെ മെഡിക്കൽ ലീവിൽ പ്രവേശിച്ചിരിക്കുകയാണ്.