തിരുവനന്തപുരം: സിംഗപ്പൂർ എയർലൈൻസിന്റെ(എസ്‌ഐഎ) ലോ കോസ്റ്റ് വിഭാഗമായ സ്‌കൂട്ട് ചൈനയിലേയ്ക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുന്നു. 2022ൽ ആഗോളതലത്തിൽ കോവിഡ് മൂലം വരുത്തിയ യാത്രനിയന്ത്രണങ്ങളിൽ ഇളവുവന്നതോടുകൂടി സ്‌കൂട്ട് മുമ്പ് സർവീസ് നടത്തിയിരുന്ന മിക്ക റൂട്ടുകളും പുനരാരംഭിച്ചു.

നെറ്റ്‌വർക്ക് വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഓസ്‌ട്രേലിയ, ഗ്രീസ്, ഇന്തോനേഷ്യ, ജപ്പാൻ, മലേഷ്യ എന്നിവിടങ്ങളിലെ ജനപ്രിയ വേനൽക്കാല യാത്ര കേന്ദ്രങ്ങളിലേയ്ക്ക് കൂടുതൽ സർവീസ് നടത്തും. കൂടാതെ ജെജു, ലോംബോക്ക്, മകാസർ, മിരി, യോഗ്യകാർത്ത എന്നിവിടങ്ങളിലേയ്ക്ക് പുതിയ സർവീസുകൾ തുടങ്ങി.

വടക്കൻ ചൈനയിലെ ശൈത്യകാലം തീരുന്നതുവരെ സ്‌കൂട്ട് പ്രതിവാരം നടത്തുന്ന 14 സർവീസുകൾ 26 ആയി ഉയർത്തും. പുതിയതായി ഫുഷൗ, ഗ്വാങ്ഷൂ, ഹാങ്‌സോ, നാൻജിങ്, ക്വിങ്ദാവോ, ടിയാജിൻ, ഷെങ്‌ഷോ എന്നീ പോയിന്റുകളും കൂട്ടിചേർത്തു. വടക്കൻ വേനൽക്കാലത്തിന്റെ തുടക്കമായ മാർച്ച് മുതൽ ഒക്ടോബർ 28 വരെ സർവീസുകൾ വർധിപ്പിക്കും. ഏപ്രിലിൽ ഹൈക്കൗ, നിങ്‌ബോ, സിയാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നതോടെ ചൈനയിലേക്കുള്ള പ്രതിവാര സർവീസുകൾ 42 ആയി ഉയരും. മെയ് മാസം നാനിങ്, ഷെന്യാങ്ങ് സർവീസുകൾ ആരംഭിക്കുമ്പോൾ പ്രതിവാരം യാത്രക്കാർക്ക് 57 സർവീസുകൾ പ്രതീക്ഷിക്കാം.

ചൈനയിലേക്കുള്ള യാത്രക്കാരിൽ വർധന പ്രതീക്ഷിക്കുന്നതായും തങ്ങളുടെ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള സുരക്ഷിതയാത്ര ഒരുക്കുന്നതിനൊപ്പം പുതിയ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് സർവീസുകൾ ആരംഭിക്കുമെന്നും സ്‌കൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ലെസ്ലി തങ് പറഞ്ഞു. സ്‌കൂട്ട് പോക്കിമോൻ കമ്പനിയുമായുള്ള സഹകരണത്തിൽ പോക്കിമോന് അഡ്വഞ്ചർ ഫ്‌ളൈറ്റുകൾ ഈ മാസം ബാങ്കോക്കിലേക്ക് ആരംഭിച്ചു. അടുത്ത മാസം പിക്കാച്ചു ഫ്‌ളൈറ്റുകൾ തായ്വാനിലേക്ക് സർവീസ് നടത്തും. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ സർവീസ് ഷെഡ്യൂൾ വിവരങ്ങൾ സ്‌കൂട്ടിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. സിംഗപ്പൂർ എയർലൈൻസിന്റെ യാത്ര നിരക്കുകുറഞ്ഞ ഉപകമ്പനിയായ സ്‌കൂട്ട് 2012ൽ ആരംഭിച്ചതിനുശേഷം 7.1 കോടി യാത്രക്കാർക്ക് സേവനം ലഭ്യമാക്കി. 50 ഫ്‌ളൈറ്റുകൾ കമ്പനിക്ക് സ്വന്തമായുണ്ട്.