കൊൽക്കത്ത: ബോളിവുഡിലെ ജനപ്രിയ മലയാളി ഗായകൻ കൃഷ്ണകുമാർ കുന്നത്ത് (53) അന്തരിച്ചു. കൊൽക്കത്തയിലെ നസ്റുൽ മഞ്ച ഓഡിറ്റോറിയത്തിൽ രാത്രിയിൽ നടന്ന സംഗീത പരിപാടിയിൽ പങ്കെടുത്ത് ഹോട്ടലിലേക്കു മടങ്ങിയെത്തിയ കെകെയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. ഉടൻ തന്നെ അദ്ദേഹത്തെ തെക്കൻ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആൽബങ്ങളായും ജിംഗിളുകളായും ഹിന്ദി സിനിമാഗാനങ്ങളായും സംഗീതപ്രേമികളുടെ ഹൃദയം കവർന്ന ഗായകനാണ് കെകെ. സിനിമാഗാനങ്ങൾക്കൊപ്പം ഇൻഡി- പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാനമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. കെകെയുടെ അപ്രതീക്ഷിത വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡിലെ പ്രമുഖർ തുടങ്ങിയവർ അനുശോചിച്ചു. ബോളിവുഡിന്റെ പ്രണയവും വിരഹവുമെല്ലാം നിറഞ്ഞുനിന്ന മാസ്മരികശബ്ദം ഇനിയില്ലെന്ന സത്യം അംഗീകരിക്കാൻ സംഗീതപ്രേമികൾക്ക് ഇനിയുമായിട്ടില്ല.

സംഗീതം പഠിക്കാതെ സ്വരമാധുരി കൊണ്ട് ബോളിവുഡിന്റെ ഹൃദയം കീഴടക്കിയാണ് പിന്നണിഗാന രംഗത്ത് ശ്രദ്ധേയനായത്. പരസ്യങ്ങളുടെ 3500 ജിംഗിൾസുകൾ പാടിയശേഷമായിരുന്നു ബോളിവുഡ് അരങ്ങേറ്റം. മാച്ചിസിലെ 'ച്ചോട് ആയെ ഹം ലെ' എന്ന ചെറിയൊരുഭാഗം പാടിയാണ് പിന്നണിഗാനരംഗത്തെത്തിയത്. പിന്നീടിങ്ങോട്ട് സംഗീതലോകത്തിനു സമ്മാനിച്ചത് ഹിറ്റുകളുടെ തുടർച്ച.

1999-ലെ ലോകകപ്പിൽ ഇന്ത്യൻ ടീമിനായി പാടിയ 'ജോഷ് ഓഫ് ഇന്ത്യ' ഏറെ ശ്രദ്ധയാകർഷിച്ചു. ആഷിക് ബനായാ അപ്‌നെയിലെ ദിൽ നഷി, തൂഹി മേരി ശബ് ഹെ തുടങ്ങിയ ഗാനങ്ങൾ കേൾക്കാത്തവർ കുറവായിരിക്കും. മലയാളിയായ കെകെ പക്ഷെ ഒരേയൊരു ഗാനമാണ് മലയാളത്തിൽ പാടിയിരിക്കുന്നത്. പൃഥ്വിരാജ് നായകനായ പുതിയമുഖം എന്ന ചിത്രത്തിലെ രഹസ്യമായ് എന്ന ഗാനമാണത്

 

തൃശൂർ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ൽ ഡൽഹിയിലാണു ജനനം. എഴുതാനും വായിക്കാനും അറിയില്ലെങ്കിലും മലയാളം നന്നായി സംസാരിച്ചു. ഡൽഹിയിലായിരുന്നു വളർന്നതും പഠിച്ചും. 1968-ൽ ജനിച്ച കൃഷ്ണകുമാർ ഡൽഹി മൗണ്ട് സെയ്ന്റ് മേരീസ് സ്‌കൂളിൽനിന്ന് സ്‌കൂൾ വിദ്യാഭ്യാസംനേടി. കിരോരി മാൽ കോളേജിൽനിന്ന് ബിരുദവും നേടി.

മോൺട് സെന്റ് മേരീസ് സ്‌കൂളിലും കിരോരി മാൽ കോളജിലും പഠിക്കുമ്പോൾ ഹൃദിസ്ഥമാക്കിയതു കിഷോർ കുമാറിന്റെയും മുഹമ്മദ് റഫിയുടെയും അബ്ബയുടെയും ഗാനങ്ങൾ. സ്വന്തമായി റോക്ക് മ്യൂസിക് ഗ്രൂപ്പുണ്ടാക്കി പാടി. കോളജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ മാർക്കറ്റിങ് എക്സിക്യൂട്ടീവായി. താമസിയാതെ ഹീറോ ഹോണ്ടയ്ക്കും ഉഷാ ഫാനിനും വേണ്ടി പരസ്യട്യൂണുകൾ മൂളിസംഗീതരംഗത്തേക്കു തന്നെയെത്തി.

ആ അനുഭവത്തിന്റെ ബലത്തിലാണ് കെകെ മുംബൈയിലെത്തിയത്. 3500ൽ അധികം ജിംഗിളുകൾ (പരസ്യചിത്രഗാനങ്ങൾ). ടെലിവിഷൻ സീരിയലുകൾക്കായും പാടിയിട്ടുള്ള കെകെയുടെ ശബ്ദം എല്ലാ പ്രേക്ഷകർക്കും പരിചിതം. മാച്ചിസ് എന്ന ഗുൽസാർ ചിത്രത്തിലെ 'ഛോടായേ ഹം വോ ഗലിയാം....' എന്ന ഗാനത്തോടെ കെകെയെ ഗാനലോകമറിഞ്ഞു. ഹം ദിൽ ദേ ചുകെ സനം എന്ന ചിത്രത്തിലെ 'തടപ് തടപ്' എന്ന ഗാനവും തൂ ആഷികി ഹെ (ജങ്കാർ ബീറ്റ്സ്), ആവാര പൻ (ജിസം), ഇറ്റ്സ് ദ ടൈം ഫോർ ഡിസ്‌കോ (കൽ ഹോ നാ ഹോ) എന്നീ ഗാനങ്ങളും കെകെയെ പോപ്പുലർ ചാർട്ടുകളുടെ മുൻനിരയിലെത്തിച്ചു.

എ.ആർ. റഹ്‌മാന്റെ സംഗീതത്തിൽ മിൻസാരക്കനവിൽ പാടിയാണു ദക്ഷിണേന്ത്യൻ സിനിമയിലേക്കു പ്രവേശിച്ചത്. വൈകാതെ തമിഴിലും തെലുങ്കിലും സ്ഥിരം ഗായകനായി. മലയാളത്തിൽ പാടാൻ പിന്നെയും വൈകി. ആയുധം എന്ന സിനിമയിൽ പാടിയെങ്കിലും യേശുദാസിന്റെ സ്ഫടികസമമായ സ്വരം കേട്ടു ശീലിച്ച മലയാളികൾ തന്റെ ഉച്ചാരണശുദ്ധിയില്ലായ്മ സ്വീകരിക്കുമോ എന്നു സംശയിച്ചു. മലയാളത്തിൽ പുതിയ മുഖത്തിലെ 'രഹസ്യമായ്' ഹിറ്റ് ഗാനമാണ്. അഞ്ച് ഫിലിം ഫെയർ അവാർഡുകൾ നേടിയ കെ.കെ. തമിഴ്, കന്നഡ സിനിമാരംഗത്തും നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

1999ൽ പുറത്തിറങ്ങിയ 'പൽ' എന്ന ആൽബം കെകെയെ ഇൻഡി-പോപ്പ് ചാർട്ടുകളിൽ മുകളിലെത്തിച്ചു. രണ്ടാമത്തെ ആൽബം ഹംസഫറും വൻ തോതിൽ ആരാധകരെ നേടി. പിന്നാലെ സ്റ്റേജ് ഷോകളുമായി രാജ്യമാകെ തരംഗം തീർത്തു. ഹിന്ദിയിൽ ക്യാ മുജെ പ്യാർ ഹെ (വോ ലംഹെ), ആംഖോം മെ തേരി (ഓം ശാന്തി ഓം), ഖുദാ ജാനെ (ബച്നാ ഏ ഹസീനോ), പിയ ആയേ നാ (ആഷിഖി 2), തൂഹി മേരെ ഷബ് ഹെ (ഗാങ്സ്റ്റർ), തൂനെ മാരി എൻട്രിയാൻ (ഗൂണ്ടേ) തുടങ്ങിയ ഗാനങ്ങളും തമിഴിൽ സ്‌ട്രോബറി കണ്ണേ (മിൻസാര കനവ്), അപ്പടി പോട് (ഗില്ലി), ഉയിരിൻ ഉയിരേ (കാക്ക കാക്ക) എന്നിവയും കെകെയുടെ ഹിറ്റ് ലിസ്റ്റിൽ പെടുന്നു. 5 തവണ ഫിലിം ഫെയർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കെകെ പാടിയ പരസ്യചിത്രഗാനങ്ങൾ പലതും നമ്മളറിയും; പെപ്‌സിയുടെ 'യേ ദിൽ മാംഗേ മോർ' അത്തരമൊന്നാണ്. ബാല്യകാലസഖിയായ ജ്യോതിയെയാണു വിവാഹം ചെയ്തത്. മകൻ നകുൽ കെകെയുടെ ആൽബമായ ഹംസഫറിൽ പാടിയിട്ടുണ്ട്.