തിരുവനന്തപുരം: പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു.46 വയസ്സായിരുന്നു. വൃക്കരോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.ഞായറാഴ്‌ച്ച പുലർച്ചെ തിരുവനന്തപുരത്തെ സഹോദരിയുടെ വീട്ടിലായിരുന്നു അന്ത്യം.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളിൽ പാടി.

ഒരു കാലഘട്ടത്തിന്റെ തന്നെ ഹിറ്റായിരുന്ന എന്ന് സ്വന്തം ജാനകിക്കുട്ടി സിനിമയിലെ അമ്പിളിപ്പുവട്ടം പൊന്നുരുളി എന്ന ഗാനത്തിലുടെയാണ് സംഗിത മലയാളത്തിൽ വരവറിയിച്ചത്.തുടർന്ന് എ ആർ റഹ്‌മാന്റെ സംഗീതസംവിധാനത്തിൽ 'മിസ്റ്റർ റോമിയോ'യിൽ (1996) പാടിയ 'തണ്ണീരും കാതലിക്കും' എന്ന ഹിറ്റ് ഗാനമാണ് സംഗീത പാടിയതിൽ ഏറ്റവും ശ്രദ്ധേയമായ ഗാനം.ഇതോടെ നിരവധി അവസരങ്ങളും സംഗീതയെത്തേടിയെത്തി.

വിവിധ ഭാഷകളിൽ സംഗീതയ്ക്ക് അവസരങ്ങളും വന്നു.'രാക്കിളിപ്പാട്ടി'ലെ 'ധും ധും ധും ദൂരെയേതോ' 'കാക്കക്കുയിലി'ലെ 'ആലാരേ ഗോവിന്ദ','അയ്യപ്പനും കോശിയി'ലെ 'താളം പോയി തപ്പും പോയി' തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്.'കുരുതി'യിലെ തീം സോങ് ആണ് മലയാളത്തിൽ ഒടുവിലായി പാടിയത്.മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഓഡിയോ കസറ്റുകൾക്കുവേണ്ടിയും സംഗീത പാടിയിരുന്നു.

'അടുക്കളയിൽ പണിയുണ്ട് 'എന്ന സിനിമയുടെ സംഗീതസംവിധായകയുടെ കുപ്പായവും സംഗീത അണിഞ്ഞിരുന്നു.എല്ലാ പ്രമുഖ ഗായകർക്കുമൊപ്പം വിദേശത്ത് ഗാനമേളകളും അവതരിപ്പിച്ചു.കോട്ടയം നാഗമ്പടം ഈരയിൽ പരേതനായ വി.ജി.സചിത്തിന്റെയും രാജമ്മയുടെയും മകളായ സംഗീത ചെന്നൈയിലായിരുന്നു സ്ഥിരതാമസം. സംസ്‌കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ.