വാർത്തകളിൽ സെലിബ്രിറ്റികളുടെ ചിത്രങ്ങൾ മാറിപ്പോകുന്നത് ആദ്യമായല്ല. ഇതിന്റെ പേരിൽ ചിലരെങ്കിലും വലിയ വില നൽകേണ്ടിയും വന്നിട്ടുണ്ട്. ഇക്കുറി അങ്ങനെയൊരു അബദ്ധത്തിന് ഇരയാകേണ്ടി വന്നത് മികച്ച പിന്നണി ഗായകനുള്ള കേരള, തമിഴ്‌നാട് സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള പ്രശസ്ത ഗായകൻ ശ്രീനിവാസാണ്. സ്ത്രീപീഡനക്കേസിലെ പ്രതിയായ ശ്രീനിവാസ് എന്ന് പേരുള്ള മറ്റൊരാൾക്ക് പകരം ഇന്ത്യാടൈംസ് ഉപയോഗിച്ചത് ഗായകൻ ശ്രീനിവാസിന്റെ ചിത്രമായിരുന്നു.

പീഡനക്കേസ് വാർത്തയ്ക്കൊപ്പം തന്റെ ചിത്രം ചേർത്ത വെബ്‌സൈറ്റിനെതിരെ ഗായകൻ ശ്രീനിവാസും മകളും നിയമനടപടിക്കൊരുങ്ങുകയാണ്. ഗസൽ ഗായകനും, ഗിന്നസ് റെക്കോർഡ് ജേതാവുമായ കേസിരാജു ശ്രീനിവാസ് ലൈംഗികാതിക്രമ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ശ്രീനിവാസിന്റെ തന്നെ വെബ് റേഡിയോ നിലയത്തിലെ റേഡിയോ ജോക്കിയുടെ പരാതിയിലാണ് ശ്രീനിവാസൻ അറസ്റ്റിലായത്. എന്നാൽ ഈ വാർത്തയ്‌ക്കൊപ്പം നൽകിയത് പ്രശസ്ത ഗായകൻ ശ്രീനിവാസിന്റെ ചിത്രമായിരുന്നു.

ഇതിൽ പ്രതിഷേധിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട ശ്രീനിവാസ് ഇന്ത്യാടൈംസിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്. അച്ഛന്റെ ചിത്രം മാധ്യമങ്ങൾ തെറ്റായി ഉപയോഗിച്ചതിനെതിരെ ശ്രീനിവാസന്റെ മകളും ഗായികയുമായ ശരണ്യ ശ്രീനിവാസും രംഗത്തെത്തി.

'മുൻപ് മഹനായ ഗായകൻ പി.ബി. ശ്രീനിവാസ് മരിച്ച സമയത്ത് ചില പത്രങ്ങൾ എന്റെ വിവരങ്ങൾ എടുത്ത് ചരമ കോളം ചെയ്തിരുന്നു. ഇപ്പോൾ ഹൈദരാബാദിൽ നിന്നുള്ള ഒരു ഗായകൻ ശ്രീനിവാസ് ലൈംഗിക പീഡന കേസിൽ അറസ്റ്റിലായപ്പോൾ അതിന്റെ വാർത്തയിൽ എന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. എന്റെ പേരിന് കളങ്കം ഉണ്ടാക്കിയ ഈ നടപടിക്കെതിരേ ഞാൻ നിയമപരമായി മുന്നോട്ടു പോവുകയാണ്. നിയമവിദഗ്ദർ ആരെങ്കിലും ഉണ്ടെങ്കിൽ ദയവു ചെയ്ത് ഈ കാര്യത്തിൽ എന്നെ സഹായിക്കണം, ഞാൻ തികച്ചും രോഷാകുലനാണ്' - ശ്രീനിവാസ് കുറിച്ചു.