റായ്പുർ: കോൺഗ്രസ് സംസ്ഥാനനേതൃത്വങ്ങൾക്കുള്ളിൽ ആഭ്യന്തരകലാപം കത്തിപ്പടരുന്നു. പഞ്ചാബിന് പിന്നാലെ ചത്തീസ്ഗഡിലും ഉൾപ്പാർട്ടി പോര് കനക്കുകയാണ്. മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിന്റെ രാജിക്കായി സംസ്ഥാനത്ത് സമ്മർദ്ദം ശക്തമാക്കുകയാണ് സിങ് ഡിയോയും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും. എംഎൽഎമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ഭൂപേഷ് ബാഘേൽ ഈ ആഴ്ചയിൽ രണ്ടാമത്തെ തവണയാണ് രാഹുലുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്.

തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പദം രണ്ട് ടേം ആയി വീതംവെക്കുകയും ആദ്യ രണ്ടര വർഷം ഭൂപേഷ് ബാഘേൽ സംസ്ഥാന മുഖ്യമന്ത്രിയാകുകയുമായിരുന്നു. രണ്ട് ടേം വ്യവസ്ഥ പാർട്ടി നേതൃത്വം ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ലെങ്കിലും ജൂണിൽ രണ്ടര വർഷം തികഞ്ഞത് മുതൽ സിങ് ഡിയോ ഈ ആവശ്യം ഉന്നയിക്കുകയായിരുന്നു.

ചൊവ്വാഴ്ച ഇരുനേതാക്കളും രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. തിരിച്ച് സംസ്ഥാനത്ത് എത്തിയ ഭൂപേഷ് ബാഘേൽ, സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പറഞ്ഞാൽ മാത്രമേ സ്ഥാനമൊഴിയുകയുള്ളൂയെന്നും അല്ലാതെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർ പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ഡിയോ സിങ് തിരികെ സംസ്ഥാനത്തേക്ക് എത്തിയിട്ടില്ല. കോൺഗ്രസ് നേതൃത്വത്തിന്റെ അനുകൂല തീരുമാനത്തിനായി ഡൽഹിയിൽ തുടരുകയാണ് ബാഘേൽ മന്ത്രിസഭയിലെ അംഗമായ സിങ്. സിങ് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളെ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ തള്ളി. അത് ഒരിക്കലും സംഭവിക്കില്ലെന്നും എന്നാൽ ഇനിയും ബാഘേലിന് കീഴിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് ഡിയോ സിങ്ങിന്റെ അനുയായികൾ പറയുന്നത്.